March 21, 2023 Tuesday

മതേതരത്വം ഇല്ലാതാക്കി ഇന്ത്യയെ ഇസ്രായേൽ മോഡലാക്കുമോ

പ്രത്യേക ലേഖകൻ
March 7, 2020 5:30 am

സ്‌ലാമിക രാജ്യങ്ങളിലെ ജനങ്ങൾക്കും ഭരണാധികാരികൾക്കും തന്നോടുള്ള സ്നേഹവും പരിലാളനയും ബോധ്യപ്പെടാനുള്ള ശേഷിയും ക്ഷമയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഇല്ലെന്നാണ് കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീമ്പ് പറഞ്ഞത്. പൗരത്വ ഭേദഗതി ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾ തന്നോട് സ്നേഹം കാണിക്കുന്നു; അപ്പോൾ ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ ഉണ്ട് എന്ന് പറയുന്ന ഭീതിയുടെ അടിസ്ഥാനമെന്താണ്? രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ മോഡിയുടെ അന്നത്തെ ചോദ്യമിതായിരുന്നു. ഡൽഹിയിൽ 51 പേരുടെ ജീവനെടുത്ത കലാപത്തിന് മുൻപായിരുന്നു മോഡിയുടെ ഈ വാക്കുകൾ. ഗൾഫ് രാജ്യങ്ങളുമായി താൻ നല്ല ബന്ധമാണ് പുലർത്തുന്നത്. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള മുസ്‌ലിം വിരുദ്ധ പ്രതിച്ഛായ കേവലം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ഗൾഫ് രാജ്യങ്ങളുമായി എറ്റവും മികച്ച ബന്ധങ്ങൾ പുലർത്തുന്നത് ഇപ്പോഴാണെന്നും മോഡി പറഞ്ഞിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളായ മാൽദീവ്സ്, ബഹറിൻ എന്നിവിടങ്ങളിൽ തനിക്ക് ആദരവ് വർദ്ധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ മോഡിയുടെ ഈ പൊങ്ങച്ചങ്ങളും വാക്ധോരണികളും ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുള്ള പ്രതിഷേധങ്ങളും ഡൽഹി കലാപവും മോഡിക്കെതിരെ വിദേശരാജ്യങ്ങൾ- മുസ്‌ലിം- മുസ്‌ലിം ഇതര രാജ്യങ്ങൾ ഒന്നടങ്കം ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. ഇപ്പോൾ ഉയരുന്ന ചോദ്യം ഒന്നാണ്- മുസ്‌ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മോഡിയോടും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സംഘപരിവാറിനോടും ലോകരാജ്യങ്ങൾ പ്രകടിപ്പിച്ച സ്നേഹം യഥാർത്ഥമാണോ എന്ന്. അതോ അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്പര്യങ്ങൾക്ക് മുന്നിൽ കാലങ്ങളായി ഇസ്‌ലാമിക ലോകം ഇന്ത്യയോട് കാണിച്ചിരുന്ന സ്നേഹവും പരിലാളനയും മോഡി കളഞ്ഞുകുളിച്ചുവോ എന്നും. ഇടതു പാർട്ടികൾ ചൂണ്ടിക്കാണിച്ച രണ്ടാമത്തെ നിഗമനമാണ് ഏറെ ശരിയെന്ന് കാലം തെളിയിക്കുന്നു. ശത്രുരാജ്യമെന്ന് മുദ്രകുത്തുമ്പോഴും ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്. ഡൽഹിയിൽ നടന്ന കലാപം മോഡിയുടെ മനംമാറ്റത്തിന് കാരണമാകില്ല. എന്നാൽ ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വിമർശനം, ബംഗ്ലാദേശിൽ തുടരുന്ന പ്രതിഷേധങ്ങൾ എന്നിവ മോഡിയെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഒരു വിചിന്തനത്തിന് കാരണമായേക്കാമെന്നാണ് ഖാൻ ട്വീറ്റ് ചെയ്തത്.

താരതമ്യേന ജനാധിപത്യ സംവിധാനങ്ങൾ പിന്തുടരുന്ന മുസ്‌ലിം രാജ്യങ്ങൾ, ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ച് വിദേശനയങ്ങൾ സ്വീകരിക്കുന്ന ഇസ്‌ലാമിക രാജ്യങ്ങൾ എന്നിവരാണ് മോഡി സർക്കാരിന്റെ മുസ്‌ലിം നിലപാടുകൾക്കെതിരെ രംഗത്തെത്തിയത്. എ­ന്നാൽ സ്വേച്ഛാധിപത്യ പ്രവണതകൾ തുടരുന്ന രാജ്യങ്ങൾ മോഡി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നയങ്ങൾക്കെതിരെ ഒന്നുകിൽ മൗനം പാലിക്കുന്നു അല്ലെങ്കിൽ അനുകൂലിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ‌‍ൻ‍ പ്രധാനമന്ത്രിമാരിൽ ഏറ്റവും വെറുക്കപ്പെട്ട വ്യക്തി­യായി നരേന്ദ്ര മോഡി അധഃപതിച്ചു. ഇന്ത്യയിൽ മുസ്‌ലിങ്ങളെ കൂട്ടക്കുരുതി നടത്തുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമൈനി ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ലോകത്തിലെ മുസ്‌ലിങ്ങൾ ഒന്നടങ്കം ദുഃഖിതരാണെന്നും അദ്ദേഹം പറഞ്ഞു. മോഡി സർക്കാരിനെ തീവ്രവാദികളായ ഹിന്ദുക്കളും അവരുടെ പാർട്ടികളും (എക്സ്ട്രിമിസ്റ്റ് ഹിന്ദൂസ് ആന്റ് ദെയർ പാർട്ടീസ്) എന്നാണ് ഖമൈനി പരാ‍മർശിച്ചത്. ഡൽഹിയിലെ കശാപ്പുകാരൻ എന്നാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു വാർത്തയിൽ ഇറാനിയൻ ദിനപത്രം മോഡിയെ ചിത്രീകരിച്ചത്. മുസ്‌ലിങ്ങളെ കൂട്ടത്തോടെ കശാപ്പുചെയ്യുന്നുവെന്നാണ് ഡൽഹി കലാപത്തെ അപലപിച്ചുകൊണ്ട് തുർക്കി പ്രസിഡന്റ് എർദോഗൻ പരാമർശിച്ചത്. കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ പക്ഷം ചേർന്ന് പാകിസ്ഥാൻ പാർലമെന്റിൽ എർദോഗൻ നടത്തിയ പരാമർശം ഇന്ത്യയിലെ പ്രതിപക്ഷം അംഗീകരിച്ചില്ല. കശ്മീർ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്ന നിലപാടാണ് എന്നും ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം സ്വീകരിച്ചതും തുടരുന്നതും. മോ‍ഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾ മരിച്ചുവീഴുന്നുവെന്നാണ് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതീർ മുഹമ്മദ് പ്രതികരിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ് എന്നും ഇന്ത്യയുമായി സൗഹൃദം പുലർത്തിയിരുന്ന മലേഷ്യ, വിരുദ്ധ നിലപാട് സ്വീകരിച്ചത്. നരേന്ദ്ര മോഡി സർക്കാരിന്റെ ഈ തീരുമാനം ബംഗ്ലാദേശുമായള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ വഷളാക്കി. മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ റദ്ദാക്കി.

സാമ്പത്തിക നഷ്ടത്തിനിടയിലും മഹാതീർ, മോഡി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളിലുള്ള വിമർശനം തുടർന്നു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് ആരോഗ്യം, വിദ്യാഭാസം തുടങ്ങിയ മേഖലകളിൽ മലേഷ്യയിൽ ജോലി ചെയ്യുന്നതെന്ന കാര്യം മോഡി സർക്കാർ മറന്നു. ഡൽഹി കലാപത്തെ ശക്തമായ ഭാഷയിലാണ് ഇന്തോനേഷ്യൻ സർക്കാരും വിമർശിച്ചത്. ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്നാണ് ഇന്തോനേഷ്യയിലെ പ്രമുഖ ദിനപത്രമായ ജക്കാർത്ത പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ ബംഗ്ലാദേശും പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചു. അനാവശ്യമായ ഭേദഗതിയാണ് മോഡി സർക്കാർ നടപ്പാക്കിയതെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചത്. ഇന്ത്യയുമായി വളരെ നല്ല നയതന്ത്ര — വ്യാപാര ബന്ധങ്ങൾ പുലർത്തിയിരുന്ന രാജ്യങ്ങളാണ് മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം, മുസ്‌ലിം വിരുദ്ധ നിലപാട് എന്നിവയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. ഇത് നയതന്ത്ര മേഖലയിലെ ഗുരുതരമായ വ്യതിയാനമാണ്. 1994ൽ ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് (ഒഐസി) കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കമ്മിഷനിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ഇന്ത്യയെ പിന്തുണച്ചത് ഇറാനായിരുന്നു. ഇക്കാര്യം മോഡി സർക്കാരിനും ബിജെപിക്കും അറിയില്ലെന്നതാണ് വസ്തുത. മധ്യേഷ്യയിലെ രാഷ്ട്രീയ‑നയതന്ത്ര തീരുമാനങ്ങളിൽ എണ്ണ സമ്പുഷ്ടമായ ഗൾഫ് രാജ്യങ്ങളുടെ നിലപാടുകൾ ഏറെ പ്രസക്തമാണെന്ന് ചരിത്രകാരനായ പ്രൊഫസർ റെയ്‌മണ്ട് ഹിൻബുഷ് തന്റെ ഇന്റർനാഷണൽ പൊളിറ്റിക്സ് ഓഫ് ദി മിഡിൽ ഈസ്റ്റ് എന്ന പുസ്തകത്തിൽ പറയുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം ഇക്കാര്യം ഓർക്കുമ്പോഴും വർഗീയ അന്ധത ബാധിച്ച മോഡിക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സംഘപരിവാറിനും അറിയില്ല. ഇപ്പോഴത്തെ നിലപാടുകൾ തുടർന്നാൽ ഇസ്രയേലിന് സമാനമായ മുസ്‌ലിം വിരുദ്ധ പ്രതിച്ഛായ ആയിരിക്കും ഇന്ത്യക്ക് ചാർത്തിക്കിട്ടുന്നത്. ലോകത്തിലെ ഏറ്റവും ശക്തവും ക്രീയാത്മകവുമായ ഒരു ജനാധിപത്യ- മതേതര രാജ്യമെന്ന സ്ഥാനം ഇന്ത്യക്ക് നഷ്ടമാകും. ബിജെപിയും സംഘപരിവാറും എന്നും എപ്പോഴും പറയുന്ന വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയുടെ സാരാംശങ്ങളായ വിശ്വമാനവ വീക്ഷണം അന്യമാകുമെന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.