ഇസ്രയേലിന് തിരിച്ചടി നല്‍കി ആറാം ദിവസവും ഇറാന്റെ മിസൈല്‍ വര്‍ഷം. തന്ത്രപ്രധാന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാന്‍ ഇന്ന് പ്രതിരോധിച്ചത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് മൂന്നിന്റെ 14-ാം ഘട്ടത്തിന്റെ ഭാഗമായി ഇന്നലെ കമികസി ഡ്രോണുകളും നിര്‍ണായക മിസൈലുകളും ഇസ്രയേലിനെതിരെ തൊടുത്തുവിട്ടതായി ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍(ഐആര്‍ജിസി) അറിയിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ സൈബര്‍ കമാന്‍ഡ് വിഭാഗമായ സി4ഐ കോറിന്റെ ആസ്ഥാനത്തും ഗാവ് യാമിലെ സൈനിക നിരീക്ഷണ കേന്ദ്രത്തിലും മിസൈല്‍ ആക്രമണം നടത്തിയതായും ഐആര്‍ജിസി അറിയിച്ചു.
നഗരങ്ങളിലെ ജനവാസ കെട്ടിടങ്ങളെ മറയാക്കി ഉപയോഗശൂന്യമായ മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുകയാണ്. ഇസ്രയേല്‍ മുഴുവന്‍ നിരീക്ഷണത്തിലാണെന്നും അവിടെ സുരക്ഷിതയിടങ്ങളില്ലെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതായും ഐആര്‍ജിസി പ്രസ്താവനയില്‍ പറയുന്നു. ഗാവ് യാമിലെ സൈനിക കേന്ദ്രത്തിന് സമീപമുള്ള സുറോക്കൊ ആശുപത്രിയില്‍ വ്യോമാക്രമണത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കാര്യമായ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഇസ്രയേലിനെതിരെ നടത്തിയ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തിൽ ഇറാൻ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ചിരുന്നു. എന്നാല്‍ ബീർബെഷയിൽ സുറോക്ക ആശുപത്രിയിൽ ഇറാൻ മിസൈൽ പതിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്നും ഉടൻ രോഗികളെ മാറ്റുമെന്നും ഇസ്രയേൽ അറിയിച്ചു. ആക്രമണങ്ങളിൽ 20ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് ഇസ്രയേലിന്റെ റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇറാനിലെ അരാകിൽ ഇസ്രയേൽ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ ജല പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. ആണവചോർച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.