Site iconSite icon Janayugom Online

അൽ അഖ്സ പള്ളിയില്‍ പലസ്തീനികള്‍ക്ക് നിയന്ത്രണം

അൽ അഖ്സ പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ആറ് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കരാര്‍ തകര്‍ന്നു. ഇസ്രയേൽ ഭരണകൂടത്തിന്റെ പിന്തുണയോടെ തീവ്ര ജൂത വിഭാഗങ്ങൾ നടത്തിയ ഇടപെടലുകളാണ് കരാര്‍ തകരാന്‍ കാരണം. 1967ലെ യുദ്ധത്തിന് ശേഷം നിലവിൽ വന്ന കരാർ പ്രകാരം, അൽ അഖ്സ കോമ്പൗണ്ടിൽ മുസ്ലിങ്ങൾക്ക് മാത്രമേ പ്രാർത്ഥിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ജൂത ഗ്രൂപ്പുകൾ പരസ്യമായി പ്രാർത്ഥനകളും ആചാരങ്ങളും നടത്തുന്നത് ഇസ്രയേൽ പൊലീസ് അനുവദിക്കുന്നുണ്ട്. 

റമദാൻ മാസത്തെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീനികൾക്ക് ഇസ്രയേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 10,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. പള്ളിയിലെ ഇമാം ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരെ പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

ആരാധനാലയവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിഷേധങ്ങൾക്ക് കാരണമായി. സാധിക്കുമെങ്കിൽ അൽ അഖ്‌സ പള്ളി വളപ്പിൽ സിനഗോഗ് നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കരാറിനെ പരസ്യമായി വെല്ലുവിളിക്കുന്നതായിരുന്നു.

പള്ളി വളപ്പിൽ ഇസ്രയേൽ പതാക ഉയർത്തുക എന്നത് തന്റെ നയമാണെന്നും അവിടെ ജൂതന്മാർക്ക് പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്നും ഗ്വിര്‍ പലതവണ ആവര്‍ത്തിച്ചിരുന്നു. ബെൻ ഗ്വിറിന്റെ പ്രസ്താവനകളില്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ അൽ അഖ്സയുമായി ബന്ധപ്പെട്ട് നയമാറ്റമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് വിശദീകരണം നല്‍കി.

Exit mobile version