16 April 2024, Tuesday

Related news

April 15, 2024
April 11, 2024
April 7, 2024
March 5, 2024
March 1, 2024
March 1, 2024
February 22, 2024
February 11, 2024
February 7, 2024
January 26, 2024

പെഗാസസ് വില്‍ക്കുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രം: ഇസ്രയേല്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2021 10:24 pm

ചാര സോഫ്റ്റ്‌വേറായ പെഗാസസ് സര്‍ക്കാരുകള്‍ക്ക് മാത്രമേ വില്‍ക്കാറുള്ളുവെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി നൌര്‍ ഗിലോണ്‍. അനധികൃതമായ രീതിയില്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് രാജ്യത്ത് നടത്തുന്ന നിരീക്ഷണം സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു പ്രതികരണം. നിലവില്‍ നടക്കുന്ന വിവാദങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്ഒ ഇസ്രയേലിലെ സ്വകാര്യ കമ്പനിയാണ്. ഇവരുടെ ഓരോ കയറ്റുമതിക്കും ഇസ്രയേല്‍ സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമാണ്. പെഗാസസ് സോഫ്റ്റ്‌വേര്‍ മറ്റ് സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള അനുമതി മാത്രമാണ് ഇസ്രയേല്‍ നല്‍കുന്നത്. ഈ ലൈസന്‍സ് ഉപയോഗിച്ച് സര്‍ക്കാരിതര വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ സേവനം നല്‍കാന്‍ എന്‍എസ്ഒയ്ക്ക് അനുമതിയില്ലെന്നും നൌര്‍ ഗിലോണ്‍ പറഞ്ഞു. 

ഗിലോണിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി. പെഗാസസ് വാങ്ങിയത് കേന്ദ്രസർക്കാരാണെന്ന് വ്യക്തമായതായും ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി ഇക്കാര്യം ഇനിയെങ്കിലും സമ്മതിക്കണമെന്നും പി ചിദംബരം പറഞ്ഞു.
പെഗാസസിന്റെ ഉപയോഗത്തെക്കുറിച്ചുള്ള എല്ലാ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ചെന്നെത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നേര്‍ക്കാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പെഗാസസ് ഉപയോഗിച്ച് നിയമവിരുദ്ധമായി നിരീക്ഷിക്കുകയാണ് എന്നാണ് ആരോപണം. വിവാദത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫോണുകള്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ദേശസുരക്ഷയെ മുന്‍ നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യായത്തെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

സെൽഫോണുകളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ വേണ്ടി ലോകത്തിലെ പല ഏജൻസികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച ചാര സോഫ്റ്റ്‌വേറായാണ് പെഗാസസ് കണക്കാക്കപ്പെടുന്നത്. 40 രാജ്യങ്ങളില്‍ 60 ഉപയോക്താക്കളുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലക വിഭാഗങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.

Eng­lish Sum­ma­ry : israel says pega­sus is sold only to governments

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.