ഗാസയിലേക്ക് ഇസ്രയേൽ സേന ടാങ്കറുകളുമായി ഇരച്ചുകയറി. ആക്രമണത്തില്‍ 150 ഓളം പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 464 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഇസ്രായേലിന്റെ ഉപരോധം നിലനിൽക്കുന്നതിനാൽ 20 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസയിലേക്ക് ഭക്ഷണമോ വെള്ളമോ ഇന്ധനമോ മറ്റ് അവശ്യവസ്തുക്കളോ എത്തുന്നില്ല. ഇത് ഗാസയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനരഹിതമായിരിക്കുകയാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രവർത്തനം അവസാനിപ്പിച്ചു. അതേസമയം, ഇസ്രായേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹൂതികൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത് മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. 2023 ഒക്ടോബർ 7 ന് ശേഷം ഗസ്സയിൽ ഇതുവരെ 53,339 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗസ്സയിലെ സാധാരണക്കാരുടെ ദുരിതാവസ്ഥ വർധിച്ചു വരുന്നതിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.