സിറിയയില്‍ ഇസ്രായേല്‍ മിസൈലാക്രമണത്തില്‍ 15 മരണം

Web Desk
Posted on July 02, 2019, 10:51 am

ബയ്‌റൂട്ട്:സിറിയയില്‍ ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ 15 മരണം. ഏഴ് സാധാരണക്കാരും ഒമ്പതു സായുധരുമാണ് മരിച്ചത്. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ 21 പേര്‍ക്കു പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഡമസ്‌കസിലെയും ഹുമുസിലെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് യുകെ കേന്ദ്രമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം മേധാവി റമി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അനുകൂലിക്കുന്ന ഇറാന്‍ സൈനികരും ഹിസ്ബുല്ല പ്രവര്‍ത്തകരുമുള്ള കേന്ദ്രങ്ങളാണിവ. മരിച്ചവര്‍ ഇറാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റമി അബ്ദുറഹ്മാന്‍ പറഞ്ഞു.