ഇരകള്‍ വേട്ടക്കാരായി മാറുമ്പോള്‍

Web Desk
Posted on April 28, 2019, 10:21 pm
lokajalakam

ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും ആധുനികവുമായ ഒരു രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് ഇസ്രയേല്‍. യേശുക്രിസ്തുവിന്റെ ജന്മനാടെന്ന നിലയ്ക്കാണ് സഹസ്രാബ്ദങ്ങളായി ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ക്രിസ്ത്വബ്ദത്തിനും 3,760 സംവത്സരങ്ങള്‍ക്ക് മുന്‍പുവരെ ചരിത്രമുള്ള ഇവിടം യഹൂദ (ജൂതന്മാര്‍)രുടെ ജന്മനാടാണെങ്കിലും കാലക്രമേണ അത് ജൂതന്മാര്‍ പേരിനുപോലുമില്ലാത്ത ഒരു പ്രദേശമായി മാറിയിരുന്നു. പലിശയ്ക്ക് കടമെടുക്കുന്ന ബ്ലേഡ് കമ്പനികളുടേതുപോലുള്ള പ്രവര്‍ത്തനം അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവെന്ന് പറയാം. പണ്ടു മുതലേ അവിടെ ദേവാലയങ്ങള്‍പോലും പലിശ ഇടപാടിനുള്ള കേന്ദ്രമാക്കി മാറ്റപ്പെട്ടിരുന്നു. യേശുക്രിസ്തുവിന്റെ ആദ്യത്തെ ഒരു പ്രധാന സാമൂഹ്യ സേവനം ദേവാലയങ്ങളില്‍ നിന്ന് ചാട്ടവാറുപയോഗിച്ച് ഈ ബ്ലേഡ് കമ്പനിക്കാരെ അടിച്ചോടിക്കുകയെന്നതായിരുന്നുവെന്നാണ് ഐതിഹ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
ഈ പലിശക്കമ്പനി നടത്തല്‍ അവരുടെ ജീവിതത്തിന്റെ ഒരു കുലത്തൊഴില്‍പോലെ മാറിയിരുന്നതു കൊണ്ടാവണം അവര്‍ യൂറോപ്പിലേക്കും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വന്‍തോതില്‍ കുടിയേറ്റം നടത്തിയത്. അവരുടെ കണ്ണില്‍ചോരയില്ലാത്ത പലിശപ്പിരിവ് ആയിരിക്കണം ഇംഗ്ലീഷ് മഹാകവി ഷേക്‌സ്പിയറെ വെനീസിലെ വ്യാപാരി എന്ന കൃതി രചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. നിശ്ചയിച്ച പലിശ കൃത്യസമയത്തിന് അടച്ചില്ലെങ്കില്‍ കാലിന്റെ തുടയില്‍ നിന്നുള്ള ഒരു റാത്തല്‍ മാംസം മുറിച്ചുകൊടുക്കണമെന്ന് ശാഠ്യം പിടിച്ച ഒരു യഹൂദ കഥാപാത്രത്തെയാണ് ഷേക്‌സ്പിയര്‍ അവതരിപ്പിച്ചത്. ഷൈലോക്ക് എന്ന ഒരു വില്ലന്‍ കഥാപാത്രം ഇന്നും ജനമനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ട്.
ഈ കൊള്ളപ്പലിശ പിരിവ് യൂറോപ്പില്‍ അവരെ വെറുക്കപ്പെട്ട ഒരു ജനവിഭാഗമാക്കി മാറ്റുകയും ചെയ്തിരുന്നു. അതെന്തായാലും യഹൂദര്‍ ലോകമഹായുദ്ധങ്ങള്‍ക്ക് മുന്‍പുതന്നെ ലോകത്തിലെ കോടീശ്വരന്മാരായി മാറിയിരുന്നു. ഈ യഹൂദ വിരോധമാണ് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ തന്റെ ജിഹാദ് സമാനമായ കൊലവിളിയാക്കി മാറ്റിയത്. യുദ്ധാരംഭത്തില്‍ തന്നെ ഹിറ്റ്‌ലര്‍ അവരെ വേട്ടയാടിപ്പിടിച്ച് പോളണ്ടിലെയും ചെക്കോസ്ലാവാക്യയിലെയും വാതക നിലവറകളില്‍ അടച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒരു യഹൂദ സംഹാരം ആരംഭിക്കും മുന്‍പ് അമേരിക്കയിലേക്ക് രക്ഷപ്പെട്ട യഹൂദരാണ് ആപേക്ഷികതാസിദ്ധാന്തം ലോകത്തിന് കാഴ്ചവച്ച ഐന്‍സ്റ്റൈനും ആറ്റംബോംബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞരും എല്ലാം.
യഹൂദര്‍ സ്വത്ത് സമ്പാദനത്തിലും ശാസ്ത്രത്തിലും ഇപ്രകാരം ലോകപ്രശസ്തരായെങ്കിലും ജന്മനാടായ ഇസ്രയേലില്‍ അവരുടെ സംഖ്യ വിരലിലെണ്ണാവുന്നത്രയായി ചുരുങ്ങിയിരുന്നു. ഇവരെ തിരിച്ച് സ്വദേശത്ത് എത്തിക്കാന്‍ ആരംഭിച്ച സിയോണിസ്റ്റ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ശക്തിപ്രാപിച്ചിരുന്നു. എന്നിട്ടും അന്നത്തെ അവരുടെ സംഖ്യ ഒരു ലക്ഷത്തില്‍ ഒതുങ്ങി.
ഇതോടൊപ്പം ജൂതന്മാര്‍ക്ക് ഒരു രാജ്യം എന്ന ആശയം അവര്‍ക്കിടയില്‍ ഉടലെടുത്തു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഡോ. ചെയിംവെയിസ്മാന്‍ എന്ന വ്യവസായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുണ ഇതിലേക്ക് നേടിയെടുത്തത്. വെടിമരുന്ന് വ്യവസായി ആയിരുന്ന വെയിസ്മാന്‍ ഒന്നാം ലോക യുദ്ധത്തില്‍ ബ്രിട്ടന് ചെയ്തുകൊടുത്ത വിലപ്പെട്ട സഹായത്തിന് പ്രത്യുപകാരമായിട്ടാണ് ബ്രിട്ടന്‍ ഇസ്രയേല്‍ സ്റ്റേറ്റ് രൂപീകരിക്കാന്‍ സമ്മതം മൂളിയത്. ഹിറ്റ്‌ലറുടെ യഹൂദസംഹാരത്തിന് ശേഷം അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് വന്‍ ശക്തികളും ഇതില്‍ കൈകോര്‍ത്ത് പിടിച്ചതിന്റെ ഫലമായാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ഉടന്‍ ഇസ്രയേല്‍ എന്ന പുതിയ രാജ്യം ജന്മമെടുക്കാന്‍ തുടങ്ങിയത്. 1948 മെയ് 14ന് അങ്ങനെ ഇസ്രയേല്‍ എന്ന രാജ്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും നൂറ്റാണ്ടുകളായി അവിടെ താമസിച്ചിരുന്ന ദശലക്ഷക്കണക്കിന് അറബി വംശജര്‍ നിരാധാരരാവുകയും ഒരു പുതിയ സംഘര്‍ഷത്തിന് അത് തുടക്കമിടുകയും ചെയ്തു. അറബികള്‍ക്ക് പലസ്തീന്‍ എന്നൊരു രാജ്യം നല്‍കാന്‍ വന്‍ശക്തികള്‍ സമ്മതിച്ചെങ്കിലും അവര്‍ക്ക് അനുവദിച്ച ആ പ്രദേശത്തും യഹൂദ കൈയേറ്റം നിരന്തരമായി തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് അഞ്ചാം പ്രാവശ്യവും രാജ്യത്തിന്റെ പ്രധാനമന്ത്രി പദം എങ്ങനെയും പിടിച്ചെടുക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു അരയും തലയും മുറുക്കി ഗോദയിലിറങ്ങിയത്. ഏപ്രില്‍ ഒന്‍പതിന് നടന്ന വോട്ടെടുപ്പില്‍ 120ല്‍ 35 സീറ്റുകള്‍ മാത്രമെ നേടാനായുളളുവെങ്കിലും തീവ്ര വലതുപക്ഷ പലസ്തീന്‍ വിരുദ്ധ പാര്‍ട്ടികളുടെ പിന്‍ബലത്തോടെ നെതന്യാഹു വീണ്ടും പ്രധാനമന്ത്രിപദം ഉറപ്പിച്ചിരിക്കുകയാണ്. പലസ്തീനോടുള്ള ശത്രുതയില്‍ നെതന്യാഹുവിനെയും കടത്തിവെട്ടുന്ന തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തുന്നത്. തീവ്ര വലതുപക്ഷത്തുള്ള അഞ്ചു പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയ 30 സീറ്റുകള്‍ ഉള്‍പ്പെടെ 120 ല്‍ 65ന്റെ ഭൂരിപക്ഷമേ ഈ മുന്നണിക്കുള്ളു. ഇവയില്‍ ഏതും ഏത് സമയത്തും വിട്ടുപോയേക്കാവുന്ന പാരമ്പര്യമാണ് ഇസ്രയേല്‍ രാഷ്ട്രീയത്തിനുള്ളത്. അതിനിടയിലും നെതന്യാഹുവിന് ഇത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ടെന്നത് ഒരു മഹാത്ഭുതമാണ്.
1948 ല്‍ രാജ്യത്തിന്റെ സ്ഥാപക പ്രധാനമന്ത്രി ആയ ബെന്‍ ഹുറിയന്റെ റിക്കോര്‍ഡാണ് അങ്ങനെ നെതന്യാഹു മറികടക്കാന്‍ പോകുന്നത്. യഹൂദര്‍ ഏതാണ്ട് പൂര്‍ണമായി തന്നെ നാടുവിട്ടുപോയതിനുശേഷമുള്ള രണ്ട് സഹസ്രാബ്ദങ്ങളായി അവിടെ സ്ഥിരമായി ജീവിച്ചിരുന്ന പലസ്തീന്‍ അറബികളെ വഴിയാധാരമാക്കിക്കൊണ്ട് രാജ്യം മുഴുവന്‍ തങ്ങളുടേതാക്കാന്‍ നോക്കുന്ന വിഭാഗത്തെയാണ് ‘ബീബി’ എന്ന ഇരട്ടപ്പേരുകാരനായ ഈ പ്രധാനമന്ത്രിയുടേയും കൂട്ടരുടെയും ഉദ്യമം. രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട ജുതന്മാര്‍ക്കായി ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിച്ച അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെട്ട പാശ്ചാത്യ സഖ്യം നദിയുടെ മറുകരയിലുള്ള പലസ്തീന്‍ പ്രദേശം അറബികള്‍ക്കായി വിട്ടുകൊടുത്തിരുന്നു. പലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമാക്കാന്‍ പിഎല്‍ഒ (പലസ്തീന്‍ വിമോചന സംഘം) നടത്തിയ പോരാട്ടം വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്ന ഘട്ടത്തിലാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം പിടിച്ചെടുത്തത്.
നെതന്യാഹുവിന് മുമ്പ് ആദ്യകാല ഇസ്രയേലി നേതാക്കള്‍ പലസ്തീന്‍ സ്റ്റേറ്റിന് സമ്മതിച്ചിരുന്നതും അതിന് നടപടികള്‍ കൈക്കൊണ്ടിരുന്നതുമാണ്. പലസ്തീന്‍-ഇസ്രയേല്‍ സൗഹൃദം സ്ഥാപിച്ചതിന് ഇരു വിഭാഗം നേതാക്കള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കുകപോലും ചെയ്തിരുന്നു. പക്ഷെ, നെതന്യാഹുവിന്റെ ചിന്താഗതിക്കാര്‍ ആ കരാര്‍ ഒപ്പുവച്ച ഇസ്രയേലി പ്രധാനമന്ത്രിയെ കൊലപ്പെടുത്തുകയും ചെയ്തു.
ആ പാരമ്പര്യം തന്നെയാണ് നെതന്യാഹു മുറുകെ പിടിച്ചിരുന്നത്. തൊട്ടു മുന്‍പ് 2015 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പലസ്തീന്‍ എന്നൊരു രാജ്യം ഉണ്ടാവില്ലെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചതെങ്കില്‍ 2019 ല്‍ പടിഞ്ഞാറെക്കരയില്‍ പലസ്തീന്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ജൂതവാസ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ ഭാഗമാകുമെന്നായിരുന്നു വാഗ്ദാനം. ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ നടപടിക്ക് പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ഉണ്ടാവുകയും യുഎസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്തതോടെ പലസ്തീന്‍ എന്ന സ്റ്റേറ്റ് ഇല്ലാതാക്കാനുള്ള നെതന്യാഹുവിന്റെ കര്‍മപരിപാടി കൂടുതല്‍ നടപ്പിലാക്കാനാണ് പോകുന്നതെന്ന് സ്പഷ്ടമായിട്ടുണ്ട്.
നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളില്‍ അദ്ദേഹത്തിനെതിരായ വിധി ഉണ്ടാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിജയം. പ്രധാനമന്ത്രിയായിരിക്കെ ഒരാള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കില്ലെന്ന പുതിയ ഭരണഘടനാ ഭേദഗതി അത്തരം കോടതിവിധിക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ്. അമേരിക്കയിലെ കോടീശ്വരന്മാര്‍ക്ക് യു എസ് പ്രസിഡന്റിനെവരെ സ്വാധീനിക്കാനുള്ള സാമ്പത്തികശേഷിയാണ് എന്തു ധിക്കാരവും കാണിക്കാന്‍ ഇസ്രേലി സര്‍ക്കാരുകള്‍ക്ക് കരുത്ത് നല്‍കുന്നത്.
ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ കാലം കഴിയുംവരെ പാശ്ചാത്യനാടുകളില്‍ സാര്‍വത്രികമായ അവഹേളനത്തിന് പാത്രമായിരുന്ന യഹൂദന്മാര്‍ സ്വന്തം രാജ്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം പിന്തുടരുന്ന നയം കണ്ടാല്‍ വേട്ടയാടപ്പെട്ടിരുന്നവര്‍ വേട്ടക്കാരായി മാറുന്ന ഒരു ചിത്രമാണ് ദൃശ്യമാകുന്നത്. ഗ്യാസ് ചേംബറുകളിലെ കൂട്ടക്കൊല ഉള്‍പ്പെടെയുളള പീഡനവും അക്രമവും നേരിട്ട ഒരു ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം തിരിച്ചുകിട്ടിയപ്പോള്‍ സഹസ്രാബ്ദങ്ങള്‍ അവിടെ ജീവിച്ചിരുന്നവരോട് കാണിക്കുന്ന ക്രൂരതയെ മറ്റെങ്ങനെയാണ് വിവരിക്കുക.
നെതന്യാഹു തന്റെ ‘ബീബി’ എന്ന ഇരട്ടപ്പേര് അന്വര്‍ഥമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ‘ബീബി’ എന്ന വാക്കിന് ഹീബ്രു ഭാഷയില്‍ അര്‍ഥം മാന്ത്രികന്‍ എന്നാണ്. പാര്‍ലമെന്റിലോ സ്വന്തം ‘ലിക്വിഡ്’ പാര്‍ട്ടിയില്‍ പോലുമോ ഭൂരിപക്ഷം ലഭ്യമല്ലാത്ത ഒരു രാഷ്ട്രീയ നേതാവ് അഞ്ചാം പ്രാവശ്യവും രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിക്കൊണ്ടേയിരിക്കുന്നത് ഒരു മാന്ത്രിക വിദ്യ അല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?
അമേരിക്കയുടെയും യൂറോപ്പിന്റെയും നിരന്തരമായുള്ള ഉറച്ച പിന്തുണയാണ് ഇസ്രയേലിന്റെ ഈ ധാര്‍ഷ്ട്യത്തിനു പിന്നിലുള്ളത്. പുരോഗമന പാതയിലൂടെ സഞ്ചരിക്കുന്ന ക്യൂബ, വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത അമേരിക്ക ഇസ്രയേലിന്റെ തോന്ന്യാസങ്ങളെ ന്യായീകരിക്കാതിരുന്നാലേ ആശ്ചര്യത്തിന് വകയുള്ളു.