ഇസ്രയുടെ കേരളത്തിലെ ഗായകരുടെ പ്രഥമ യോഗം നാളെ 

Web Desk
Posted on May 09, 2018, 9:33 pm

കൊച്ചി: പിന്നണി ഗായികരുടെ റോയല്‍റ്റി വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് സൊസൈറ്റിയുടെ (ഇസ്ര) കേരളത്തിലെ പ്രഥമ യോഗം വ്യാഴാഴ്ച്ച കൊച്ചിയില്‍ ചേരും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ലേ മെറിഡിയന്‍ ഹോട്ടലിലാണ് യോഗം. ഗായകരായ ജി വേണുഗോപാല്‍, ശ്രീനിവാസ് എന്നിവരുള്‍പ്പടെ 50ഓളം ഗായകര്‍ യോഗത്തില്‍ പങ്കെടുക്കും.

ഗായകര്‍ക്ക് റോയല്‍റ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ര കഴിഞ്ഞ സാമ്പത്തിക വര്‍ഷം 51ലക്ഷം രൂപ ഗായകര്‍ക്ക് റോയല്‍റ്റി ഇനത്തില്‍ വിതരണം ചെയ്യ്തിരുന്നു.

കമ്പനി നിയമം 1956 പ്രകാരമുള്ളതും 2013 മെയ് മൂന്ന് രൂപീകൃതമായതുമായ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസ്സിയേഷന്‍ (ഐഎസ്ആര്‍എ)

1957 ലെ പകര്‍പ്പവകാശ നിയമം (1957ലെ 14 മത്) 2012 ജൂണ്‍ 21 ന് പ്രാബല്യത്തില്‍ വരും വിധം 2012 ലെ പകര്‍പ്പവകാശ (ഭേദഗതി) നിയമത്താല്‍ (2012ലെ 27 മത്) ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഗായകര്‍ അവരുടെ പ്രകടനത്തിന് ‘പ്രകടനം നടത്തുന്നവരുടെ അവകാശം’ എന്നറിയപ്പെടുന്ന പ്രത്യേക അവകാശത്തിന് അര്‍ഹരാണ്. 38, 38എ, 39, 39 എ എന്നീ വകുപ്പുകള്‍ ഇവരുടെ പ്രകടനത്തേയും അവരുടെ അവകാശത്തേയും പറ്റി പ്രതിപാദിക്കുന്നു. വാണിജ്യപരമായ ഉപയോഗത്തിനായി പ്രകടനങ്ങള്‍ നടത്തുകയാണെങ്കില്‍ ഗായകന്‍,പ്രകടനം നടത്തുന്ന ഒരു വ്യക്തി എന്ന നിലയില്‍ റോയല്‍റ്റിക്ക് അര്‍ഹനാണെന്ന് പകര്‍പ്പവകാശ നിയമം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ റോയല്‍റ്റി ശേഖരിക്കുന്നതിനായി ഗായകരുടെ പ്രകടനവുമായി ബന്ധപ്പെട്ട് ലൈസന്‍സുകള്‍ നല്‍കുകയോ വിതരണം ചെയ്യുകയോ നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമത്തിന്റെ 33 ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ 33(3) വകുപ്പു പ്രകാരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ കോപ്പി റൈറ്റ് സൊസൈറ്റിയായി ഐ.എസ്.ആര്‍.എ. മാറുകയും ചെയ്തു. ഐഎസ്ആര്‍എ ഇപ്പോള്‍ 1957 ലെ പകര്‍പ്പവകാശ നിയമം 33(3) വകുപ്പനുസരിച്ച് കേന്ദ്ര സര്‍ക്കാരില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പിആര്‍എസ് 01/2013 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2013 ജൂണ്‍ 14 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഗായകരുടെപ്രകടനത്തിന്റെ അവകാശങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പകര്‍പ്പവകാശ ബിസിനസ് ആരംഭിക്കാനും തുടരാനുമുള്ള അവകാശം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ലതാ മങ്കേശ്കര്‍, ഉഷാ മങ്കേശ്കര്‍, സുരേഷ് വാധ്കര്‍, ഗുരുദാസ് മാന്‍, പങ്കജ് ഉദാസ്, അല്‍ക യോഗ്‌നിക്, അനൂപ് ജലോട്ട, തലക് അസീസ്, കുമാര്‍ സാനു, അഭ്ജിത്ത് ഭട്ടാചാര്യ, സോനു നിഗം, സഞ്ജയ് തണ്ഡന്‍ തുടങ്ങയവര്‍ ആശാ ബോസ്ലെ, കവിത കൃഷ്ണമൂര്‍ത്തി, ഷാന്‍, ഹരിഹരന്‍,ജാസി, സുനിധി ചൗഹാന്‍,മഹാലക്ഷ്മി അയ്യര്‍ തുടങ്ങിയവരുടെ പിന്തുണയോടെ ഐഎസ്ആര്‍എ രൂപീകരിക്കുകയും അതിലെ അംഗങ്ങളായിരിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. കെജെ യേശുദാസ് ഐഎസ്ആര്‍എയുടെ പ്രധാനപ്പെട്ട മുന്‍നിര അംഗമാണ്.

ഐഎസ്ആര്‍എ ഈ വര്‍ഷത്തേക്കുള്ള ഗായകരുടെ റോയല്‍റ്റി കൈകാര്യം ചെയ്യല്‍, ശേഖരിക്കല്‍, വിതരണം ചെയ്യല്‍ എന്നിവയുടെ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ റിപബ്ലിക് ദിനത്തിലാണ് ഐഎസ്ആര്‍എ ഗായകര്‍ക്കായുള്ള ആദ്യ റോയല്‍റ്റി നല്‍കിയത്. 2017 മാര്‍ച്ച് 31 വരെയുള്ള റോയല്‍റ്റിയാണ് നല്‍കിയത്.