ഇസ്രയേല്‍ തെരഞ്ഞെടുപ്പ്: നെതന്യാഹുവിന് തിരിച്ചടിയെന്ന് അഭിപ്രായ സര്‍വെകള്‍

Web Desk
Posted on September 18, 2019, 12:15 pm

ജറുസലേം: കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സഖ്യകക്ഷികള്‍ക്കും വന്‍ തിരിച്ചടിയെന്ന് അഭിപ്രായ സര്‍വെകള്‍. അഴിമതി ആരോപണങ്ങളും സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങളുമാണ് നെതന്യാഹുവിന് പുറത്തേക്കുള്ള വഴി തുറന്നതെന്നാണ് വിലയിരുത്തല്‍.

നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിയെക്കാള്‍ ബെന്നി ഗാന്റ്‌സിന്റെ സെന്ററിസ്റ്റ് ബ്ലൂ, വൈറ്റ് പാര്‍ട്ടികള്‍ക്ക് നേരിയ മുന്നേറ്റമെന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഗാന്റ്‌സിന് പ്രധാനമന്ത്രിപദം ലഭിക്കുമോയെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. എന്നാല്‍ പത്ത് വര്‍ഷത്തോളം നീണ്ട നെതന്യാഹുവിന്റെ ഭരണം അവസാനിച്ചെന്ന് തന്നെയാണ് വിലയിരുത്തല്‍.

മൂന്ന് കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായ സര്‍വെകളില്‍ നെതന്യാഹുവിന് തിരിച്ചടി എന്ന് തന്നെയായിരുന്നു.

അതേസമയം 120 അംഗ പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് അഭിപ്രായ സര്‍വെകള്‍ നല്‍കുന്ന സൂചന. ഏത് കക്ഷി ഭരണത്തിലേറിയാലും അവിഗ്‌ഡോര്‍ ലെയ്ബര്‍മാന്റെ യിസ്രയേല്‍ ബെയ്‌റ്റെനു പാര്‍ട്ടിയുടെ പിന്തുണ വേണ്ടി വരും. ഇതോടെ ലിബര്‍മാന് ഒരു കിംഗ് മേക്കറുടെ പദവി കൈവന്നിരിക്കുകയാണ് ഒരു കാലത്ത് നെതന്യാഹുവിന്റെ വലം കൈ ആയിരുന്ന ഇദ്ദേഹം പക്ഷേ ഇപ്പോള്‍ ഏറ്റവും വലിയ ശത്രു കൂടിയാണ്. ബ്ലൂ, വൈറ്റ്, ലിക്വിഡ്് പാര്‍ട്ടികളുടെ വിശാല മതേതര സഖ്യമാകും അധികാരത്തിലെത്തുക എന്നാണ് ലെയ്ബര്‍മാന്റെ വിലയിരുത്തല്‍.
അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഐക്യസര്‍ക്കാര്‍ ഉണ്ടാകൂ. ഗാന്റ്‌സിന്റെ പാര്‍ട്ടി അംഗങ്ങളും ഐക്യസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.