ഐഎസ്ആര്‍ഒ ചന്ദ്രനിലിറങ്ങുമ്പോള്‍ അതിലെ ശാസ്ത്രജ്ഞര്‍ക്ക് വേതനം കുറച്ചു

Web Desk
Posted on September 09, 2019, 9:45 am

ന്യൂഡല്‍ഹി: ചന്ദ്രയാന്റെ വിജയക്കുതിപ്പില്‍ ലോകം മുഴുവന്‍ ഐഎസ്ആര്‍ഒയെ പ്രകീര്‍ത്തിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യ നിഷേധത്തിന്റെ കിതപ്പ്. ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ അവിശ്രമം മുഴുകിയതിനിടയിലാണ് പ്രത്യേക ആനുകൂല്യം അനുവദിക്കുന്ന 1996 ലെ ഉത്തരവ് റദ്ദാക്കിയുള്ള പുതിയ ഉത്തരവ് പുറത്തുവന്നത്. ചന്ദ്രയാന്‍ വിക്ഷേപണത്തിന് തീരുമാനിച്ച ജൂലൈ 15 ന് ഒരുമാസം മുമ്പ് ജൂണ്‍ 12 ന് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം ഐസെ്ആര്‍ഒയിലെ 90 ശതമാനം ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രതിമാസം 10,000 രൂപയെങ്കിലും കുറവ് വരുമെന്ന് സിര്‍ഫ് ന്യൂസിനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടു ദശാബ്ദം മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നതിനുള്ള പ്രത്യേക ആനുകൂല്യം നല്‍കുന്നതിനായി 1996 ല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് കഴിഞ്ഞ ജൂണ്‍ 12 ന് റദ്ദാക്കുകയും ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരികയും ചെയ്തത്.
രാവും പകലുമെന്നില്ലാതെ പ്രവര്‍ത്തിക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നുവെന്ന നിലയിലാണ് അത്തരം ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ തീരുമാനിച്ചത്. രണ്ടു ദശകത്തിലധികമായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം നിര്‍ത്തലാക്കിയത് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ സമ്മേളത്തില്‍ ഈ വിഷയം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സ്‌പേസ് എന്‍ജിനിയേര്‍സ് അസോസിയേഷന്‍ (എസ്ഇഎ) ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന് ജൂലൈ അവസാനത്തെ ആഴ്ച കത്ത് നല്‍കിയിരിക്കുകയാണെന്നും വാര്‍ത്തയിലുണ്ട്.