ഐഎസ്ആര്‍ഒ മേധാവികള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

Web Desk
Posted on September 22, 2019, 12:07 pm

ബംഗളുരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ) നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്‌പേസ് അപ്ലിക്കേഷന്റെ മുന്‍ മേധാവിയും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ തപന്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഐഎസ്ആര്‍ഒയുടെ ഉന്നത തലത്തിലുള്ളവരുടെ പ്രവര്‍ത്തന സംസ്‌കാരവും കഴിവുകെട്ട നേതൃത്വവുമാണ് ചന്ദ്രയാന്‍ ദൗത്യം ചന്ദ്രോപരിതലത്തിലിറങ്ങുന്നതിന്റെ പരാജയകാരണമെന്ന് തപന്‍ മിശ്ര തന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ആരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ഡോ. കെ ശിവന് നേരെയാണ് വിമര്‍ശനത്തിന്റെ മുന നീളുന്നതെന്ന് വ്യക്തമാണ്. കാരണം ഡോ. ശിവന്‍ മേധാവിയായതിന് ശേഷം മാറ്റിനിര്‍ത്തപ്പെട്ടയാളാണ് തപന്‍ മിശ്ര. സ്‌പേസ് അപ്ലിക്കേഷന്‍ മേധാവി സ്ഥാനത്തു നിന്ന് മിശ്രയെ ചെയര്‍മാന്റെ ഉപദേഷ്ടാവായാണ് മാറ്റിയത്. പ്രധാനപ്പെട്ട ഗവേഷണ പദ്ധതികളില്‍ നിന്ന് മാറ്റുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് ആരോപണമുയര്‍ന്നിരുന്നു. മാത്രവുമല്ല ബഹിരാകാശ യാത്രാ പദ്ധതി സ്വകര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ വിമര്‍ശകന്‍ കൂടിയായിരുന്നു തപന്‍ മിശ്ര.

ബഹിരാകാശ സാങ്കേതിക വിദ്യ റോക്കറ്റ് ശാസ്ത്രമല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്. തലക്കെട്ടില്‍ നിങ്ങള്‍ അല്‍ഭുതപ്പെടുന്നുണ്ടാകാം
എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. സങ്കീര്‍ണ്ണമായ സങ്കേതങ്ങളാണ് ബഹിരാകാശ ശാസ്ത്രത്തിന്റെ അടിത്തറ. അതോടൊപ്പം വിശ്വാസ്യതയും. ഒരു സ്‌കൂട്ടര്‍ വഴിയില്‍ കേടായാല്‍ ഒരു മെക്കാനിക്കിനെ വിളിക്കാനാകും. എന്നാല്‍ ബഹിരാകാശ പേടകത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് സാധിക്കില്ല. അതിനെ മറക്കുകയേ രക്ഷയുള്ളൂ.

നേതൃത്വം ഒരു സ്ഥാപനത്തിന്റെ നട്ടെല്ലാണെന്ന് പറയുന്ന മിശ്ര, എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതുവായ ഒരു കാര്യമുണ്ട്. അത് എന്തെങ്കിലും പുതിയ ഒന്ന് നിര്‍മ്മിച്ചയാളെ നേതാവായി തിരഞ്ഞെടുക്കുന്നുവെന്നതാണ് എന്ന് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. സംഘടനാപരമായ മൂല്യ സംവിധാനത്തെ കുറിച്ചും മിശ്ര വിശദീകരിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയില്‍ അതിന്റെ തുടക്കം മുതല്‍ ജീവനക്കാര്‍ക്ക് മേലധികാരികളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാമായിരുന്നു.  മേധാവിത്ത മനോഭാവവും ഇഴകീറിയുള്ള പരിശോധനകളും നടക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. വരികള്‍ക്കടിയിലൂടെ വായിക്കുമ്പോള്‍ ഇപ്പോഴത്തെ നേതൃത്വം കഴിവുകെട്ടവരുടേതാണെന്നും വിമര്‍ശനങ്ങളെ ഭയക്കുന്നവരാണെന്നുമാണ് മനസിലാക്കാനാവുക.