ഐഎസ്ആര്‍ഒ തങ്ങളെ പ്രചോദിപ്പിച്ചെന്ന് നാസ, സൂര്യ പര്യവേഷണം ഒന്നിച്ചാകാമെന്നും വാഗ്ദാനം

Web Desk
Posted on September 08, 2019, 3:11 pm

വാഷിങ്ടണ്‍: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ചരിത്രദൗത്യം തങ്ങളെ പ്രചോദിതരാക്കിയെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. ഇന്ത്യയുമായി സഹകരിച്ച് സൂര്യദൗത്യത്തിന് തയാറാണെന്നും അവര്‍ വ്യക്തമാക്കി.

ബഹിരാകാശം അതീവ ദുഷ്‌കരമായ മേഖലയാണ്. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലൂടെ ദക്ഷിണധ്രുവത്തിലിറങ്ങാനുള്ള നീക്കത്തെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ട്വീറ്റ് ചെയ്തു.
തങ്ങളുടെ വരും ദൗത്യങ്ങളില്‍ ഇന്ത്യയുടെ ശ്രമം തങ്ങള്‍ക്ക് സഹായകമാകുമെന്നും നാസയിലെ ഗവേഷകന്‍ ജെറി ലിനെന്‍ഗര്‍ പറഞ്ഞു. വളരെ ദുഷ്‌ക്കരമായ ഒരു പ്രവൃത്തിയാണ് ഇന്ത്യ ചെയ്തത്. എല്ലാം ആസൂത്രണം ചെയ്തത് പോലെ തന്നെ നടന്നു. കഴിഞ്ഞ ആറ് ദശകത്തിനിടെ പകുതിയോളം ചാന്ദ്ര ദൗത്യങ്ങള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. 1958ന് ശേഷം ഇതുവരെ 109 ചാന്ദ്ര ദൗത്യങ്ങള്‍ നടത്തി. 61എണ്ണം മാത്രമാണ് വിജയിച്ചതെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയിലെ ചന്ദ്ര ദൗത്യ രേഖകള്‍ വ്യക്തമാക്കുന്നു.

ചന്ദ്രനിലിറങ്ങാനുള്ള 46 ദൗത്യങ്ങളാണ് നടത്തിയത്. ഇതില്‍ 21 എണ്ണം വിജയിച്ചു. രണ്ടെണ്ണം ഭാഗികമായും വിജയിച്ചു. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് മടങ്ങി വരാനുള്ള ദൗത്യം ആദ്യം നടത്തിയത് അമേരിക്കയാണ്. അപ്പോളോ 12 ഇതിനായി 1969 നവംബറില്‍ അമേരിക്ക വിക്ഷേപിച്ചു. 1958 മുതല്‍ 1979 വരെ അമേരിക്കയും റഷ്യയും മാത്രമാണ് ചന്ദ്ര ദൗത്യങ്ങള്‍ നടത്തിയത്. ഇരുപത്തൊന്ന് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും 90 ദൗത്യങ്ങള്‍ നടത്തി. 1980 മുതല്‍ 89 വരെ ഈ രംഗത്ത് യാതൊരു ശ്രമങ്ങളും നടന്നില്ല.

ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, ചൈന, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്നീട് ഈ രംഗത്തേക്ക് കടന്ന് വന്നു. ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതും ചിത്രങ്ങള്‍ പകര്‍ത്തിയതും 1966 ജനുവരിയില്‍ റഷ്യയുടെ ലൂണ9 ആണ്.മനുഷ്യന്‍ ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ അപ്പോളോ11 ആണ് മാനവരാശിയുടെ ഈ രംഗത്തെ ആദ്യ നേട്ടം. നീല്‍ ആംസ്‌ട്രോങ് ആണ് ഇതിന് നേതൃത്വം നല്‍കിയത്.