Janayugom Online
ISRO

ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത് 19 ദൗത്യങ്ങള്‍ക്ക്

Web Desk
Posted on September 03, 2018, 10:25 pm

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ഉള്‍പ്പെടെ അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത് 19 ദൗത്യങ്ങള്‍ക്ക്.
2018 സെപ്റ്റംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ദൗത്യങ്ങളില്‍ പത്ത് ഉപഗ്രഹങ്ങളും ഒമ്പത് വിക്ഷേപണ വാഹനങ്ങളുമുള്‍പ്പെടും.
ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിക്ഷേപണങ്ങള്‍ കുറഞ്ഞ കാലയളവില്‍ നടത്തുന്നതെന്ന് ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ രണ്ട് വിക്ഷേപണങ്ങള്‍ നടത്തുന്നത് ആദ്യമായാണ്. 19 ദൗത്യങ്ങളില്‍ ആദ്യത്തേത് പിഎസ്എല്‍വി സി 42 സെപ്റ്റംബര്‍ 15ന് വിക്ഷേപിക്കും. ബ്രിട്ടീഷ് ഉപഗ്രഹങ്ങളായ നോവസാര്‍, എസ്14 എന്നിവയുമായാവും പിഎസ്എല്‍വി സി 42 കുതിക്കുകയെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.
ഒക്ടോബറില്‍ ജിസാറ്റ് 29ഉമായി ജിഎസ്എല്‍വി മാര്‍ക്ക് 3ഡി2, ഹൈസിസുമായി പിഎസ്എല്‍വി സി43 എന്നിവ വിക്ഷേപിക്കും. നവംബറിലും ഐഎസ്ആര്‍ഒ രണ്ട് വിക്ഷേപണങ്ങള്‍ നടത്തുന്നുണ്ട്. ജനുവരിയിലോ ഫെബ്രുവരിയിലോ ചന്ദ്രയാന്‍ 2 വിക്ഷേപിക്കും.