ജി സാറ്റ് ‑7 എ ഉപഗ്രഹം വിക്ഷേപിച്ചു

Web Desk
Posted on December 19, 2018, 10:58 pm

ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് മാത്രമായി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ജി സാറ്റ് 7 എ ഉപഗ്രഹം വിക്ഷേപിച്ചു. ബഹിരാകാശത്ത്, ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സദാ നിരീക്ഷിച്ച് സുരക്ഷാ കവചമൊരുക്കാന്‍ സഹായിക്കുന്ന ഉപഗ്രഹമാണ് ജി സാറ്റ് 7 എ. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റിലാണ് വിക്ഷേപിച്ചത്.

അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുള്ള ഉപഗ്രഹം ബഹിരാകാശത്ത് വ്യോമസേനയുടെ വാര്‍ത്താവിനിമയ സ്റ്റേഷനായി പ്രവര്‍ത്തിക്കും. ഇതിന്റെ 70 ശതമാനം സേവനവും വ്യോമസേനയ്ക്ക് മാത്രമായിരിക്കും. ബാക്കി കര, നാവിക സേനകളുടെ ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാനും വിനിയോഗിക്കും. ഇതിലെ ഉപകരണങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ ഒരുമാസം എടുക്കും. നാവികസേനയ്ക്കായി 2013 ല്‍ വിക്ഷേപിച്ച ജി സാറ്റ് 7 ഉപഗ്രഹത്തിന്റെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹം. എങ്കിലും ഇത് വ്യോമസേനയ്ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ 35-ാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റിന്റെ 13-ാമത്തെയും സ്വന്തം ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ഏഴാമത്തെയും വിക്ഷേപണവുമാണിത്. ലോകത്ത് അമേരിക്കയ്ക്കും റഷ്യയ്ക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹങ്ങള്‍ ഉള്ളത്.