ചന്ദ്രയാന്‍ 2 തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ

Web Desk
Posted on September 19, 2019, 10:33 pm

ബംഗളൂരു: ചന്ദ്രയാന്‍ 2 അതിന്റെ ഭ്രമണപഥത്തില്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. ഭ്രമണപഥത്തില്‍ നിലവിലെ പ്ലേലോഡുകളെല്ലാംതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു. വിക്രം ലാന്‍ഡറുമായി ബന്ധം വേര്‍പ്പെട്ടതിനെക്കുറിച്ച് വിദഗ്ദര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും  ഐഎസ്ആര്‍ഒ അറിയിച്ചു. അതേസമയം നാളെ വിക്രം ലാന്‍ഡറിന്റെ കാലാവധി അവാസിാനിക്കും.

ഒരു ചാന്ദ്ര ദിവസമാണ് ലാന്‍ഡറിനും അതിനുള്ളിലെ പേലോഡുകള്‍ക്കും ആയുസ് നിശ്ചയിച്ചിരിക്കുന്നത്. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു ദിവസം. ലാന്‍ഡിംഗ് നിശ്ചയിച്ച ദിവസത്തിന് ശേഷം ഇന്ന് 13 ദിവസങ്ങള്‍ പൂര്‍ത്തിയായി. നാളെ വിക്രം ലാൻഡറിന്റെ കാലാവധി അവസാനിക്കും.

നാസയുടെ ചാന്ദ്രദൗത്യം 2009ല്‍ വിക്ഷേപിച്ചതാണ്. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിന് സമീപം റിക്കോനസന്‍സ് നിരീക്ഷണം നടത്തിയെങ്കിലും ചിത്രങ്ങളോ സിഗ്നലുകളോ ലഭിച്ചില്ല. സൂര്യപ്രകാശം കുറഞ്ഞ സമയത്ത് നിരീക്ഷച്ചതിനാലാകാം വിവരമൊന്നും ലഭിക്കാത്തതെന്നാണ് കരുതുന്നത്.

ലാന്‍ഡര്‍ ഇറങ്ങിയിരിക്കുന്നത് സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന പ്രദേശത്താണ്. ഇതുമൂലം ലാന്‍ഡറിന്റെ സോളാര്‍ പാനലുകളില്‍ നിന്ന് ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടും. ലാന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമമാണ്. ഏഴ് വര്‍ഷം വരെ പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും. സെപ്തംബര്‍ ഏഴിന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് ഓര്‍ബിറ്റുമായുള്ള ബന്ധം നഷ്ടമാകുകയും ചെയ്തു.