Janayugom Online
Nambi Narayanan 1- Janayugom

ചാരക്കേസ് മെനഞ്ഞത് അമേരിക്കയും ഫ്രാൻസും

Web Desk
Posted on September 14, 2018, 5:08 pm

ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അമേരിക്കൻ ചാര സംഘടനയായ സി ഐ എ യും ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗവുമായിരുന്നുവെന്നു നമ്പി നാരായണൻ.

“ഓർമകളുടെ ഭ്രമണപഥം” എന്ന ആത്മകഥയിലാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ തകർക്കാൻ മെനഞ്ഞെടുത്ത കെട്ടുകഥയായിരുന്നു ഐ എസ് ആർ ഒ ചാരക്കേസെന്ന് നമ്പി നാരായണൻ എഴുതുന്നത്.

അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്‍മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണംചെയ്ത അന്തര്‍നാടകം മാത്രമായിരുന്നില്ല ഇത്. എന്നെയും അതുവഴി ഇന്ത്യയുടെ ശാസ്ത്രകുതിപ്പിനെയും സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ് അമേരിക്കന്‍ കൂട്ടായ്മയുടെ അവിഹിതസന്തതിയാണ് ചാരക്കേസെന്ന് വിരല്‍ചൂണ്ടുന്നതാണ് ആ കണ്ടെത്തല്‍.

മാലിഭാഷ മാത്രമറിയുന്ന ഒരു സ്ത്രീയെ ഇന്ത്യയുടെ ഇല്ലാത്ത രഹസ്യങ്ങളുടെ കടത്തുകാരിയാക്കി ഫ്രെയിം ചെയ്ത പൊലീസുകാരും അവര്‍ക്ക് സത്യത്തിന്റെ പകല്‍വെളിച്ചത്തില്‍നിന്ന് സംരക്ഷണക്കുട ചൂടിയ രാഷ്ട്രീയക്കാരും നുണക്കഥ പ്രചരിപ്പിക്കാന്‍ പേനയുന്തിയ പ്രബുദ്ധ പത്രപ്രവര്‍ത്തകരും സി.ഐ.എയുടെ ചാരപ്പണി അറിഞ്ഞോ അറിയാതെയോ ചെയ്തുവെന്ന് തെളിയിക്കുന്നതാണ് എന്റെ കണ്ടെത്തലിലെ വസ്തുതകള്‍.

മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാന് കടത്താന്‍വേണ്ടി ചാരപ്പണി ചെയ്തു. ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ അതിനായി അവര്‍ വശത്താക്കി. ഇതനുസരിച്ച് ഇന്ത്യന്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ 3, 4, 5 വകുപ്പുകള്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേക്ക് വാര്‍ത്തകളുടെ വലിയ വലിയ ഉരുളകള്‍ എറിഞ്ഞുകൊടുത്തു.

1994 ഒക്‌ടോബര്‍ 14ന് തിരുവനന്തപുരത്തെ പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്‌പോര്‍ട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സാമാന്യധാരണപോലും ഇല്ലാതിരുന്ന പൊലീസുകാര്‍ അവരെ നിരീക്ഷണത്തില്‍വെച്ചു. സ്വന്തം വിസ കാലാവധി തീര്‍ന്നു എന്നുപറഞ്ഞ് പാസ്‌പോര്‍ട്ടും പൊക്കിപ്പിടിച്ച് ഒരു തീവ്രവാദിയോ ചാരനോ പൊലീസ് സ്‌റ്റേഷനില്‍ വരുമോ? ഇതൊന്നും തിരക്കാന്‍ അവര്‍ക്ക് സമയം കൊടുത്തില്ലെന്നും പറയാം.

ഇതിനിടയില്‍ മറിയം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ശാസ്ത്രജ്ഞനായ ശശികുമാരന്റെ വീട്ടിലേയ്ക്ക് ഫോണ്‍കോള്‍ പോയി എന്നും ആ ഫോണ്‍കോളിന്റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണത്തില്‍ എത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ശശികുമാരനെ അറസ്റ്റ് ചെയ്തു എന്നുമാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന്, മറിയത്തെ കൊണ്ടുവന്ന സുഹൃത്തായ മാലിക്കാരി ഫൗസിയ ഹസന്‍, ഐ.എസ്.ആര്‍.ഒ സീനിയര്‍ ശാസ്ത്രജ്ഞനായ ഞാന്‍, റഷ്യന്‍ കമ്പനിയായ ഗ്ലവ്‌കോസ്‌മോസിന്റെ ലെയ്‌സണ്‍ ഏജന്റ് കെ. ചന്ദ്രശേഖര്‍, സുഹൃത്ത് ശര്‍മ അങ്ങനെ ഒരുനിര ആളുകള്‍ കേരള പൊലീസിന്റെ അനധികൃത അറസ്റ്റിന് വിധേയരായി. അവരെ അപ്പപ്പോള്‍തന്നെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

സംഭവം പത്രമാധ്യമങ്ങള്‍ കാര്യമായിത്തന്നെ ആഘോഷിച്ചു. മാലിയിലും ദല്‍ഹിയിലും തിരുവനന്തപുരത്തും അപസര്‍പ്പകകഥകള്‍ മെനഞ്ഞ് പത്രപ്രവര്‍ത്തകര്‍ സംഭവത്തെ ഉഷാറാക്കി. പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലാത്തൊരു കുറ്റത്തിന്മേല്‍ വലിഞ്ഞുകയറിവന്ന് കേസെടുത്തു, രഹസ്യമായി കൈകാര്യം ചെയ്യേണ്ട അതിപ്രധാന സംഭവം ചന്തപ്പാട്ടുപോലെ ഐ.ബിക്കാര്‍ വിളിച്ചുപറഞ്ഞു. പിന്നെ, മുതലെടുക്കാന്‍ കാത്തുനിന്ന രാഷ്ട്രീയക്കാര്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പറഞ്ഞുകൊടുത്തു. ഇവിടെയൊന്നും സി.ഐ.എ എന്ന ചാരന്മാരുടെ സാന്നിധ്യം പൊടിപോലുമില്ലെന്ന് നമുക്ക് തോന്നി. അങ്ങനെ തോന്നിപ്പിക്കുന്നതില്‍ അവര്‍ ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടാക്കിയെടുത്തത് എന്നുപറഞ്ഞാല്‍ അതില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാകും. എന്നാല്‍ സി.ഐ.എ ചെയ്തത് എന്ന അനുമാനത്തില്‍ എത്താവുന്ന കുറേ സംഭവങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യറഷ്യ സഹകരണത്തോടെ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയിലെത്തിയാല്‍ വലിയ അപകടമുണ്ടാകുമെന്ന് ധരിച്ച് 350 കോടി ഡോളറിന് വിദേശരാജ്യങ്ങള്‍ക്ക് ക്രയോജനിക് റോക്കറ്റിന്റെ സേവനം വിറ്റു കാശുണ്ടാക്കാന്‍ നാസ പദ്ധതിയിടുന്ന കാലത്താണ് ഇന്ത്യ ആ സാങ്കേതികവിദ്യക്ക് റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് ഫ്രാന്‍സും ഇതൊരു കച്ചവടമാക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഇന്ത്യ റഷ്യ കരാര്‍ തങ്ങളുടെ കച്ചവട താല്‍പര്യത്തിനേറ്റ വലിയ ക്ഷീണമായി കരുതിയ അമേരിക്കന്‍ ഗവണ്‍െമന്റ് കരാര്‍ തകര്‍ക്കാന്‍ നേരിട്ടുതന്നെ ഇടപെട്ടു. ക്രയോജനിക് ടെക്‌നോളജി ഡയറക്ടറായ ഞാനും റഷ്യന്‍ ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് മേധാവി പ്രൊഫ.ദുനൈവും ഒപ്പുവെച്ച കരാര്‍ മണത്തറിഞ്ഞ അമേരിക്ക ആ ഉടമ്പടി മരവിപ്പിക്കാന്‍ ഔദ്യോഗികമായിതന്നെ അറിയിപ്പ് നല്‍കി. അമേരിക്കയെ ഭയന്ന് ആ കരാര്‍ മരവിപ്പിക്കാന്‍തന്നെ റഷ്യ തീരുമാനിച്ചു. എന്നാല്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ആത്മബന്ധ ത്തിന്റെ പേരില്‍ മരവിപ്പിക്കല്‍ പ്രാബല്യത്തില്‍ ആകും മുന്നേ ക്രയോജനിക് ഹാര്‍ഡ്‌വെയറുകള്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചു.

ഈ യന്ത്രങ്ങള്‍ വിമാനമാര്‍ഗം എത്തിയെങ്കിലും സാങ്കേതികവിദ്യ നമുക്ക് പൂര്‍ണ്ണമായും കിട്ടിയില്ല. അത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ കൂട്ടായി ഇരുന്ന് സ്വായത്തമാക്കേണ്ട ഒന്നായിരുന്നു. അത് കൊണ്ടുവന്ന് ഇവിടെ അ്രതയും വര്‍ഷം കഠിനമായി ശ്രമിച്ചാലേ നമുക്ക് ക്രയോജനിക്ക് എഞ്ചിന്‍ ഉണ്ടാക്കാന്‍ കഴിയൂ. എന്നാല്‍ നമ്മുടെ ക്രയോജനിക്ക് സ്വപ്‌നങ്ങള്‍ വിജയിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണ്. അങ്ങനെ അവര്‍ നമ്മുടെ ഓര്‍ഗനൈസേഷനെ കളങ്കപ്പെടുത്താമെന്ന ചിന്തയില്‍ എത്തി ചേര്‍ന്നുകാണും. എങ്കിലും തദ്ദേശീയ ക്രയോജനിക്ക് എന്ന ആശയവുമായി നമ്മള്‍ മുന്നോട്ട് പോയി.

ആ സമയത്താണ് മറിയം റഷീദയെന്ന മാലിക്കാരി വനിത അറസ്റ്റിലാവുന്നത്. ഒരു സാധാരണ കേസായി രജിസ്റ്റര്‍ ചെയ്ത ഈ കേസിന് രഹസ്യചോര്‍ച്ചയുടെ മാനം നല്‍കിയത് ഐ.ബിയുടെ ഇടപെടലിലൂടെയാണ്. അന്വേഷണവേളയില്‍ ഐ.ബി ഉദ്യോഗസ്ഥരും കേരള പോലീസും നൂലില്‍ കെട്ടിയിറക്കിയ ചില കള്ളക്കഥകളാണ് യഥാര്‍ഥത്തില്‍ ചാരക്കേസ്. ഐ.ബിയുടെ നാടകത്തിനുപിന്നിലെ ശക്തികേന്ദ്രം ആരെന്ന് തിരിച്ചറിഞ്ഞാലേ അമേരിക്കയുടെ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാക്കാനാവൂ. 1996 നവംബര്‍ 17ന് ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക്കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവി രത്തന്‍ സെഗാളിനെ ഐ.ബി ഡയറക്ടര്‍ അരുണ്‍ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സി.ഐ.എ ഏജന്റായ സ്ത്രീക്കൊപ്പം രത്തന്‍ സെഗാള്‍ യാത്ര ചെയ്തതിന്റെയും കൂടികാഴ്ചകളുടെയും വീഡിയോ ടേപ്പുകള്‍ കാണിക്കാനായിരുന്നു അരുണ്‍ ഭഗത് വിളിച്ചുവരുത്തിയത്.

ചാരക്കേസ് നടക്കുമ്പോള്‍ കിടപ്പുമുറിയിലെ ട്യൂണയെന്ന് മറിയം റഷീദയെക്കുറിച്ചെഴുതിയ വാര്‍ത്തകള്‍ പത്രക്കാര്‍ക്ക് എത്തിച്ചുകൊടുത്ത അന്വേഷണസംഘത്തിന്റെ മേധാവിയായിരുന്നു അന്ന് രത്തന്‍ സെഗാള്‍. അദ്ദേഹത്തിന്റെ പിന്നാലെ ഏതാനും വര്‍ഷങ്ങളായി നടന്നുപകര്‍ത്തിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രത്തന്‍ ഒരു പൂര്‍ണ സി.ഐ.എ ചാരനാണെന്ന് ഐ.ബിക്ക് ബോധ്യമായതായി അരുണ്‍ ഭഗത് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വിസ് ബാക്കിനില്‍ക്കെ സ്വയംവിരമിച്ചുപോകാന്‍ അറിയിച്ചു.

ഒരു ഷോകോസുപോലും നല്‍കാതെ 27 വര്‍ഷത്തെ സര്‍വീസുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ആരും ചോദ്യംചെയ്തില്ല. പുറത്തുപറയാന്‍ കഴിയാത്തത്രയും രഹസ്യങ്ങളുടെ താവളമായിരുന്ന രത്തന്‍ സെഗാളിനെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തരവകുപ്പ് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഐ.ബിയുടെ അടുത്ത ഡയറക്ടര്‍ ആകേണ്ട വ്യക്തിയെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെടുകയോ മറ്റോ ചെയ്താല്‍ അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമാവുമെന്ന ഭയംതന്നെയായിരുന്നു ആഭ്യന്തരവകുപ്പുവഴി അരുണ്‍ഭഗത്തിനെക്കൊണ്ട് രഹസ്യമായി പിരിച്ചുവിടല്‍ കര്‍മം നടത്തിച്ചത്. ഒന്നുകില്‍ സ്വയം വിരമിച്ചുപോവുക. അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍.എസ്.എ) പ്രകാരം അറസ്റ്റ് വരിക്കുക. ഈരണ്ടു കാര്യങ്ങളാണ് രത്തന്‍സെഗാളിനു മുന്നില്‍ വെച്ചത്. എന്നാല്‍, അദ്ദേഹം സ്വമേധയാ വിരമിക്കാന്‍ സന്നദ്ധത കാട്ടി മാപ്പിരന്നു എന്നാണ് പത്ര വാര്‍ത്തകളില്‍ കണ്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ സി.ഐ.എ ഏജന്റായ ആ സ്ത്രീയെ അറസ്റ്റ്‌ചെയ്യുകയോ അവരുടെ പേരില്‍ കേസെടുക്കുകയോ ചെയ്തില്ല.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് നടക്കുന്ന 1994 കാലഘട്ടത്തില്‍ രത്തന്‍ സെഗാള്‍ ഐ.ബിയുടെ തലപ്പത്തുണ്ടായിരുന്നു എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്മാര്‍ പറഞ്ഞതനുസരിച്ചാണ് ഇവിടെ അനധികൃതമായി അറസ്റ്റും വാര്‍ത്തകളും ഉണ്ടായത്. സെഗാളിന്റെ ഒപ്പമുള്ള ഐ.ബി ജോയിന്റ് ഡയറക്ടര്‍ ആകേണ്ട എം.കെ. ധര്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷണം നടക്കുമ്പോള്‍ കേരളത്തില്‍ വന്നുപോയിട്ടുണ്ട്. ആ കാലത്ത് ഐ.എസ്.ഐ ഏജന്റ് എന്ന് മുദ്രകുത്തി ഉത്തര്‍പ്രദേശില്‍നിന്ന് ഒരു മൗലവിയെ അറസ്റ്റ് ചെയ്ത് വന്‍ വാര്‍ത്ത സൃഷ്ടിച്ചതിന്റെ സൂത്രധാരനായിരുന്നു എം.കെ ധര്‍. പിന്നെ നടത്തിയ അന്വേഷണത്തില്‍ മൗലവി നിരപരാധിയാണെന്ന് ബോധ്യമാവുകയും അദ്ദേഹത്തെ വെറുതേ വിടുകയും ചെയ്തു. മൗലവി അറസ്റ്റുമായി ബന്ധപ്പെട്ട് വര്‍ഗീയത അഴിച്ചുവിടാന്‍ ശ്രമംനടത്തി എന്ന ആരോപണം ഉണ്ടായതിനെതുടര്‍ന്ന് നടപടി വരുമെന്ന ഘട്ടത്തിലാണ് ധര്‍ കേരളത്തിലേക്ക് വന്നത്.

ആദ്യയാത്രയില്‍ ചാരക്കേസ് നടത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ദല്‍ഹിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ പറയുന്നത് ചാരക്കേസ് നടന്നു എന്നാണ്. ഇതും കൂട്ടിവായിക്കേണ്ട ഒരു തെളിവാണ്. റിട്ടയമെന്റ് സമയം എത്തിയതിനാല്‍ ഒരു എക്സ്റ്റന്‍ഷന്‍ ആഗ്രഹിച്ച ധര്‍ അന്ന് കാട്ടികൂട്ടിയതാണ് മൗലവി അറസ്റ്റ്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ചാരക്കേസില്‍ ഒരു കൈ നോക്കാമെന്നാണ്. എന്നാല്‍ ചാരക്കേസിലേക്ക് താന്‍ എത്തിയത് എങ്ങനെ എന്ന് എം.കെ ധര്‍ ന്റെ ഓപ്പണ്‍ സീക്രട്ട്‌സ് എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അതില്‍ തന്നെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഇത് ആദ്യം ഐ.ബി വഴി റാവുവിനെ അറിയിച്ചു. എന്നിട്ട് എക്സ്റ്റന്‍ഷന്‍ നല്‍കിയാല്‍ താന്‍ ഇടപെട്ട് രക്ഷിക്കാമെന്ന് ഉറപ്പുകൊടുക്കുന്നു. പക്ഷേ റാവു അതിനെ ചെവികൊണ്ടില്ല. ഇങ്ങനെ പെട്ടെന്ന് അവസരങ്ങള്‍ക്ക് വേണ്ടി പലനിറം മാറിയ എം.കെ ധര്‍ ന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും അദ്ദേഹത്തിന്റെ സ്വാധീനം ചാരക്കേസിനെ എങ്ങനെ ബാധിച്ചു എന്ന്.

ചാരക്കേസ് നടന്നിട്ടില്ല എന്ന് ആദ്യം പറഞ്ഞ ധര്‍, രണ്ടാംവട്ടം കേരളത്തില്‍ വന്നുപോയപ്പോള്‍ ചാരക്കേസ് നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തു. അതിലെ യുക്തി പരിശോധിച്ചാലും മനസിലാകും എം.കെ ധര്‍ എന്ന ഐ.ബി ഉദ്യോഗസ്ഥന്റെയും രത്തന്‍ സെഗാളിന്റെയും കണക്ഷനുകള്‍.
പ്രതിരോധ രഹസ്യം ചോര്‍ത്തിയവരെ അറസ്റ്റ്‌ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. പക്ഷേ, ആ വിവരം ചെണ്ടകൊട്ടി ആഘോഷിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും അധികാരമില്ല. ആ കാര്യം മാനിക്കാതെ രഹസ്യങ്ങളുടെ ചുരുള്‍ എന്ന രീതിയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഐ.ബി വിജയിച്ചു. അതിനു പിന്നില്‍ സെഗാളിനെ വലയിലാക്കിയ സി.ഐ.എ വനിതയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് സെഗാള്‍ കേസ് പരിശോധിച്ചാല്‍ ബോധ്യമാകും.

രത്തന്‍ സെഗാള്‍ സി.ഐ.എക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു എന്ന സത്യം ഐ.ബി തന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തതിലൂടെ ആ ഉദ്യോഗസ്ഥന്റെ അന്വേഷണവഴികളും പരിശോധിക്കേണ്ടതായിരുന്നു. രത്തന്‍ സെഗാള്‍ നിര്‍ത്തിയ ഇടത്തുനിന്ന് പൊലീസ് നായ മണപ്പിച്ചുതുടങ്ങിയാല്‍ ഐ.ബിയിലെ പലരുടെയും തൊപ്പികളില്‍ ആ അന്വേഷണമെത്തും.

ഐ.ബിയിലെ അന്നത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംവദിച്ച കേരള പൊലീസിലെ സിംഹങ്ങളെക്കൂടി ചോദ്യം ചെയ്താല്‍ സി.ഐ.എയും രത്തന്‍ സെഗാളും എം.കെ ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് നിസ്സംശയം തെളിയും.

രത്തന്‍ സെഗാള്‍ സി.ഐ.എ വനിതയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഐ.ബി ഉദ്യോഗസ്ഥര്‍ കേസില്‍ സ്വാധീനം ചെലുത്തി. അതില്‍ കേരളാ പൊലീസ് അവരുടെ ഭാഗം ചെയ്തുകൊടുത്തു. ചാരക്കേസായി ചിത്രീകരിക്കാനുള്ള വിത്തിട്ടത് ഐ.ബിയുടെ ഇടപെടല്‍മൂലമാണ്. അതായത്, അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പിടിച്ച് എന്നെ ചോദ്യംചെയ്തപോലെ ചോദ്യം ചെയ്താല്‍ അവര്‍ പറയും നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആ സത്യം.

ഐ.ബി നിര്‍ദേശമനുസരിച്ചാണ് എന്നെയും ശശികുമാരനെയും ചന്ദ്രശേഖറിനെയുമെല്ലാം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തെളിവുകളില്ലാതെ ചെയ്ത കുറ്റമെന്തെന്നറിയാതെ പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഒരാള്‍ സി.ഐ.എയുടെ ചാരപ്പണിയുടെ നേരിട്ടുള്ള ഇടപാടുകാരായിരിക്കണം. ഇന്ത്യന്‍ പ്രതിരോധരഹസ്യങ്ങളും ശാസ്ത്രരഹസ്യങ്ങളും രാഷ്ട്രീയവിഷയങ്ങള്‍ മാത്രമായി നിസ്സാരവത്കരിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്ത പടച്ചുനല്‍കിയ അന്നത്തെ രാഷ്ട്രിയ നേതാക്കളിലും സംഘടനാനേതാക്കളിലും ആരോ ഒരാള്‍ അറിഞ്ഞോ അറിയാതെയോ സി.ഐ.എയുടെ ഏജന്റായിരുന്നിരിക്കണം.

ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് വിഭാഗം മേധാവി അലക്‌സ് സി. വാസിന്‍,പ്രോജക്ട് ഡയറക്ടറായ ഞാന്‍, ഡെപ്യൂട്ടി. ഡയറക്ടര്‍ ശശികുമാരന്‍, ഗ്ലവ്‌കോസ്‌മോസിന്റെ ഏജന്റ് ചന്ദ്രശേഖര്‍, എം. ടി.എ.ആര്‍ രവീന്ദ്രറെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് ക്രയോജനിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍. റഷ്യയുടെ പക്കല്‍ മാത്രമുള്ള, അമേരിക്കയ്ക്ക് അറിയുന്ന ഈ ലിസ്റ്റ് എങ്ങനെ കേരള പൊലീസിന് ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ ബോധ്യമാവും ചാരക്കേസ് ആര്, ആര്‍ക്കുവേണ്ടി ഫ്രെയിം ചെയ്തതാണെന്ന്.

ഇന്ത്യാറഷ്യാ ക്രയോജനിക് ടെക്‌നോളജി ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിട്ട കാലയളവില്‍, അതായത് 1992 മേയില്‍, ബുഷ് ഭരണകൂടം ISRO, Glavkos­mos എന്നിവയുടെ മേല്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരുത്തി. അപ്പോള്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ട ക്രയോജനിക്ക് എഞ്ചിന്‍ വലിയ പ്രതിസന്ധിയിലായി. ആ സമയം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയെക്കുറിച്ചുള്ള കരാര്‍ അമേരിക്കയും റഷ്യയും ചര്‍ച്ചചെയ്യുകയായിരുന്നു. ഇന്ത്യയുമായുള്ള കരാര്‍ നഷ്ടപ്പെട്ടാല്‍ റഷ്യക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അവര്‍ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബഹിരാകാശ നിലയത്തിലേക്കുള്ള ഏഴ് ബഹിരാകാശ യാത്രകള്‍ക്ക് അമേരിക്ക 400 മില്ല്യന്‍ ഡോളര്‍ റഷ്യക്ക് നല്‍കി. ഈ തുകയില്‍ റഷ്യയ്ക്കുണ്ടായ ഇന്ത്യാറഷ്യാ കരാറിന്റെ നഷ്ടവും പരിഹരിക്കപ്പെട്ടതായി വിഖ്യാത ശാസ്ത്രജ്ഞന്‍ ബ്രയാന്‍ ഹാര്‍വി തന്റെ “Rus­sia in space: The Failed Frontier“എന്ന പുസ്തകത്തില്‍ പറയുന്നു.

ആ പുസ്തകത്തിന്റെ വരികള്‍ക്കിടയില്‍ പറയാതെയും പറഞ്ഞും പോകുന്നത് വായിച്ചാല്‍ ചാരക്കേസ് സങ്കീര്‍ണ്ണമാക്കിയതിലെ അമേരിക്കന്‍ കൈകള്‍ മനസ്സിലാകും. ചാരക്കേസിന്റെ ചരിത്രമെഴുതുമ്പോള്‍ കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരുടെ തെറ്റായ ഇടപെടലുകള്‍ പലതും വേദന നല്‍കിയിട്ടുണ്ട്. കേസിനെകുറിച്ച് പഠിക്കാന്‍ ശ്രമിക്കാതെയുള്ള പ്രതികരണം പലപ്പോഴും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ചിന്ത ജനങ്ങളില്‍ ജനിപ്പിക്കാനും കാരണമായി.

വി.എസ്. അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസിലെ വിഗ്രഹം ഉടച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ കണ്ട് കേസ് വീണ്ടും അന്വേഷണം നടത്തണമെന്ന് വി.എസ്. പറഞ്ഞിരുന്നു. പിന്നെ കോടതിയില്‍ ഒന്നിലധികം തവണ ചാരക്കേസ് നടന്നുവെന്ന രീതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. യഥാര്‍ഥത്തില്‍ നടന്നതെന്തെന്ന് അന്വേഷിക്കാതെ നടത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്ന് മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു. പക്ഷേ നടക്കാന്‍ സാധ്യതയില്ലാത്ത കേസ് നടന്നു എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ വന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.