ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി

Web Desk
Posted on July 10, 2018, 11:45 am

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസില്‍ കുടുക്കിയത്. അതിനാല്‍ തന്നെ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ടെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് വിധിപറയാൻ മാറ്റി.

ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.  നഷ്ടപരിഹാരം നല്‍കേണ്ടത് ആരെന്ന് കോടതി ചോദിച്ചു. തങ്ങളല്ലെന്നാണ് സിബിഐ മറുപടി. ഗൂഡാലോചന അന്വേഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം.

നമ്പി  നാരായണന്‍ രാജ്യം വിടുന്നത് തടയാനാണ് അറസ്റ്റ് ചെയ്‌തതെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് സിബി മാത്യുസ്, കെകെ ജോഷ്വാ, എസ് വിജയന്‍ എന്നിവരുടെ വാദം.