ആഴക്കടൽ പേടകം; പദ്ധതി യാഥാർഥ്യത്തിലേയ്ക്ക്

Web Desk
Posted on November 04, 2019, 10:28 pm

ചെന്നൈ: ആഴക്കടലിൽ ഗവേഷണങ്ങൾ നടത്തുന്നതിന് സമുദ്രത്തിന്റെ അഗാധതയിലേയ്ക്ക് സഞ്ചരിക്കുന്നതിനുള്ള പേടകം നിർമ്മിക്കാനുള്ള ഇന്ത്യയുടെ പദ്ധതി യാഥാർഥ്യത്തിലേയ്ക്ക്. ഇതിനുള്ള പ്രത്യേക യാത്രാ പേടകത്തിന്റെ രൂപകൽപന ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയുടെ ഡീപ് ഓഷൻ മിഷന്റെ ഭാഗമായാണ് ഇത്.

സമുദ്രത്തിന്റെ അടിയിൽ ആറ് കിലോമീറ്റർ വരെ ആഴത്തിൽ എത്തിച്ചേരാൻ കഴിയുന്ന കാപ്സ്യൂൾ രൂപത്തിലുള്ള പേടകത്തിനാണ് ഐഎസ്ആർഒ പ്രാഥമിക രൂപം നൽകിയിരിക്കുന്നത്. രൂപരേഖയ്ക്ക് ആന്താരാഷ്ട്ര ഏജൻസിയുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ബാക്കിയുള്ളത്. അംഗീകാരം ലഭിച്ചാൽ പേടകത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി മാധവൻ നായർ രാജീവൻ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലിന്റെ ആഴമേറിയ ഭാഗത്ത് വിവിധ പഠനങ്ങളും ഗവേഷണങ്ങളും സാധ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജൈവവൈവിധ്യ പഠനം, കടലിനടിയിലെ ധാതുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങിയവയും മിഷന്റെ ഭാഗമാണ്. പതിനായിരം കോടി ചെലവിലാണ് ഡീപ് ഓഷ്യൻ മിഷൻ യാഥാർഥ്യമാക്കുന്നതെന്നും മാധവൻ നായർ രാജീവൻ വ്യക്തമാക്കി.

മൂന്നുപേർക്ക് സഞ്ചരിക്കാനാവുന്നതാണ് രൂപകൽപന ചെയ്തിരിക്കുന്ന പേടകം. ആറായിരം മീറ്റർ ആഴത്തിൽ എത്തിച്ചേരാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ അന്തർവാഹിനികൾക്ക് 200 മീറ്റർ ആഴത്തിൽ മാത്രമാണ് സഞ്ചരിക്കാനാകുക. ആളുകൾക്കു കയറാനാവുന്ന, ഇത്രയും ആഴത്തിൽ സഞ്ചരിക്കുന്ന അന്തർവാഹിനികൾ കുറവാണ്.

ഐഎസ്ആർഒ തന്നെയാണ് പേടകത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്. ഇതിനായി ഐഎസ്ആർഒയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു. പേടകം ടൈറ്റാനിയം ഉപയോഗിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അത്യാധുനികവും സങ്കീർണവുമായ സാങ്കേതികവിദ്യയാണ് ഇതിന് വേണ്ടിവരികയെന്നും മാധവൻ നായർ രാജീവൻ വ്യക്തമാക്കി.