Tuesday
19 Feb 2019

അതിര്‍ത്തിയിലെ സംഘര്‍ഷവും ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യവും

By: Web Desk | Sunday 30 September 2018 10:14 PM IST

റഫാല്‍ അഴിമതി ആരോപണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍വിവാദം ഉയര്‍ത്തിയ ഘട്ടത്തിലാണ് മിന്നലാക്രമണത്തിന്റെ രണ്ടാംവാര്‍ഷികം എത്തിയത്. ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന് പ്രാധാന്യം നല്‍കിയത് സംശയാസ്പദമാണ്. എന്നുമാത്രമല്ല വീണ്ടും മിന്നലാക്രമണം പോലെ വലിയ എന്തോ ഒന്ന് നടത്തിയെന്ന് രണ്ടു കേന്ദ്ര മന്ത്രിമാരും അതിര്‍ത്തിരക്ഷാ സേനയുടെ മേധാവിയും സൂചനകള്‍ മാത്രം നല്‍കിയതെന്തുകൊണ്ടാണെന്നതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.  2016 സെപ്റ്റംബര്‍ 29 നായിരുന്നു ഭാരതസൈന്യം പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ മിന്നലാക്രമണം നടത്തിയത്. 29 വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ അന്നുതന്നെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് രാജ്യത്തെ അറിയിച്ചിരുന്നു.
നിയന്ത്രണരേഖയോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന വിവിധ ഭീകര സംഘടനകളുടെ ഏഴു താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്ത ഓപ്പറേഷനില്‍ വിവിധ സംഘടനകളില്‍പ്പെട്ട 38 ഭീകരരെയും വകവരുത്തി. നിരവധി ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുന്‍കൂട്ടി അറിയിച്ചായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയതെന്നും അറിയിപ്പുണ്ടായിരുന്നു. പിന്നീട് ഇതിന്റെ ചില ദൃശ്യങ്ങളും പുറത്തുവിടുകയുണ്ടായി.

ഈയൊരു പശ്ചാത്തലത്തില്‍ വേണം രണ്ടാം വാര്‍ഷികവും അതിന്റെ കൂടെ മിന്നലാക്രമണത്തേക്കാള്‍ വലിയ എന്തോ ഒന്ന് നടത്തിയിരിക്കുന്നുവെന്ന രണ്ടു മന്ത്രിമാരുടെ പ്രസ്താവനയും പരിശോധിക്കപ്പെടേണ്ടത്. കാരണം സാഹചര്യങ്ങള്‍ക്ക് സമാനതകളുണ്ട്. ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയും 18 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പ്രതികാരമായാണ് അന്നത്തെ മിന്നലാക്രമണം നടത്തിയത്. അതിന്റെ വിവരങ്ങള്‍ അന്നുതന്നെ പുറത്തുവിട്ടുവെങ്കില്‍ ഇപ്പോഴത്തേത് ദുരൂഹമാക്കി വയ്ക്കുന്നതെന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. അതിര്‍ത്തിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അന്നത്തേതിനേക്കാള്‍ സങ്കീര്‍ണമാണ്. കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ട്. ആകെയുള്ളൊരു വ്യത്യാസം സൈന്യത്തിന്റെ പല നടപടികളും കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതാണെന്നതു മാത്രമാണ്. കൂടാതെ ബിഎസ്എഫ് ജവാന്‍ നരേന്ദര്‍സിങിനെ സെപ്റ്റംബര്‍ 18 ന് ഹീനമായ രീതിയില്‍ വധിച്ചതിന്റെ അനുഭവവുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന മിന്നലാക്രമണത്തേക്കാള്‍ വലിയ എന്തോ ഒന്ന് നടന്നുവെങ്കില്‍ അത് മറച്ചുപിടിക്കുന്നതെന്തിനാണെന്ന വിശദീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്.  അവിടെയാണ് ഇക്കാര്യത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നത്. കടുത്ത ദേശീയതയാണ് നയിക്കുന്നതെങ്കില്‍ ഒന്നാം മിന്നലാക്രമണം പോലെ ഇതും ജനങ്ങളെ അറിയിക്കുകയാണ് വേണ്ടത്. റഫാല്‍ അഴിമതി ഇന്ത്യയില്‍ കത്തിനില്‍ക്കുകയാണ്. രൂപയുടെ മൂല്യശോഷണം, ഇന്ധന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ തുടര്‍ന്ന്. എല്ലാ വിധത്തിലും ജീവിത ദുരിതങ്ങള്‍ വര്‍ധിക്കുകയാണ്.

നോട്ടുനിരോധനവും ചരക്കുസേവന നികുതിയും തീര്‍ത്ത പ്രതിസന്ധിയോടൊപ്പം കേന്ദ്ര ഭരണത്തിനെതിരെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങളും ഊര്‍ജിതമായിട്ടുണ്ട്. ഇതെല്ലാം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ബിജെപിയെ ഏത് കടുംകൈയ്ക്കും പ്രേരിപ്പിക്കുമെന്നതുറപ്പാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുകയാണ് ഇനിയവര്‍ ചെയ്യാന്‍ പോകുന്നത്. 2014 ലെ തെരഞ്ഞെടുപ്പിലേതുപോലെ മോഡി പ്രഭാവം രക്ഷയാകില്ലെന്ന് ബിജെപിക്ക് ബോധ്യമായിക്കഴിഞ്ഞു. അതുകൊണ്ട് ദേശീയതയെ ഉണര്‍ത്തുന്നതിനുള്ള വന്‍ പ്രചരണങ്ങള്‍ ഇനിയവര്‍ നടത്തിക്കൊണ്ടേയിരിക്കും. ഭീമ കൊറേഗാവിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ വധശ്രമമെന്ന കഥ മെനഞ്ഞവര്‍ ഇനിയാര്‍ക്കൊക്കെയെതിരെയാണ് അത്തരത്തിലുള്ള കഥകള്‍ മെനയാന്‍ പോകുന്നതെന്ന് കണ്ടറിയണം. ബിഎസ്എഫ് ജവാന്‍ നരേന്ദര്‍സിങിനെ ഹീനമായ രീതിയില്‍ വധിച്ചതിന് പകരം വീട്ടിയത് ശരിയെങ്കില്‍ അത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഒന്നാം മിന്നലാക്രമണമുണ്ടായപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യമൊന്നാകെ സൈന്യത്തിനൊപ്പം നിന്നിട്ടുണ്ട്. ഇപ്പോഴും അങ്ങനെ വല്ലതും നടന്നുവെങ്കില്‍ രാജ്യം സൈന്യത്തിന് പിറകില്‍ തന്നെയുണ്ടാവും. എന്നാല്‍ നിക്ഷിപ്തമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സൈന്യത്തെ പോലും ദുരുപയോഗം ചെയ്യുകയാണെങ്കില്‍ അതിനൊപ്പം നില്‍ക്കാന്‍ ആളുണ്ടാവില്ലെന്ന് ഭരണാധികാരികള്‍ മനസിലാക്കുന്നത് നല്ലതാണ്.