സ്വന്തം ലേഖകൻ

കോഴിക്കോട്:

January 19, 2021, 10:58 pm

ഉമ്മൻചാണ്ടിയുടെ സമിതി, മത്സരിക്കാൻ മുല്ലപ്പള്ളി; കോൺഗ്രസിൽ കൂട്ടക്കുഴപ്പം

Janayugom Online

സ്വന്തം ലേഖകൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ പത്തംഗമേൽനോട്ട സമിതി അധ്യക്ഷനാക്കിയതും രമേശ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കുമെന്ന സൂചന പുറത്തുവന്നതും കോൺഗ്രസിൽ കൂട്ടക്കുഴപ്പത്തിന് കാരണമാകുന്നു. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വ ശ്രമത്തിനെതിരെ പാർട്ടിക്കകത്തുനിന്ന് മാത്രമല്ല ഘടകകക്ഷിയായ ലീഗിൽനിന്നും എതിർപ്പുയർന്നു. കെപിസിസി അധ്യക്ഷന്റെ സ്ഥാനാർത്ഥിത്വത്തിൽ മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ എംപിയും ശക്തമായി എതിർപ്പറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെ മുൻ നിരയിലേക്കു കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസംതന്നെ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ വരവോടെ എ ഗ്രൂപ്പിന്റെ സമഗ്രാധിപത്യം ഉണ്ടാകുമെന്നും തങ്ങൾക്ക് സീറ്റ് നഷ്ടമാകുമെന്നും കരുതുന്ന സ്ഥാനമോഹികൾ അണിയറയിൽ പുതിയ പടയ്ക്ക് കോപ്പുകൂട്ടിത്തുടങ്ങി. അതിന് പിറകേയാണ് മുല്ലപ്പള്ളിക്കെതിരായ എതിർപ്പും പുറത്തുവന്നിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലോ പേരാമ്പ്രയിലോ മുല്ലപ്പള്ളി മത്സരിക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും ഒടുവിൽ വയനാട് ജില്ലയിലെ കല്പറ്റ മണ്ഡലമാണ് അദ്ദേഹത്തിന് താല്പര്യമെന്നാണറിയുന്നത്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്സിന്റെ സുരക്ഷിത മണ്ഡലം എന്ന കണക്കുകൂട്ടലിലാണ് മുല്ലപ്പള്ളി കല്പറ്റയെ നോട്ടമിട്ടിരിക്കുന്നത്. ഇതിനെതിരെ മുസ്‌ലിംലീഗ് പരസ്യമായി രംഗത്തെത്തി. കല്പറ്റ നിയോജക മണ്ഡലം കോൺഗ്രസിന് നൽകണമെന്ന് പറയാനാവില്ലെന്നാണ് മുസ്‌ലിംലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹിയ ഖാൻ വ്യക്തമാക്കുന്നത്. മുല്ലപ്പള്ളിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കാനാവില്ലെന്നും ലീഗിന് കല്പറ്റയിൽ സ്ഥാനാർത്ഥികളുണ്ടെന്നും യഹിയാ ഖാൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇത്തവണ കല്പറ്റ മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ ലീഗ് ജില്ലാക്കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്. കല്പറ്റ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റല്ല. യുഡിഎഫിലെ എൽജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലത്തിൽ കൽപ്പറ്റ നിയോജക മണ്ഡലവും ഉണ്ടെന്നും യഹിയാ ഖാൻ വ്യക്തമാക്കുന്നു. കെപിസിസി അധ്യക്ഷനായതിനാൽ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചതിനാലാണ് തനിക്ക് വട്ടിയൂർക്കാവിൽനിന്നും ഇവിടെ വന്ന് മത്സരിക്കേണ്ടി വന്നതെന്നും അതിനാലാണ് പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ആ മണ്ഡലം കൈവിട്ടുപോയതെന്നും കെ മുരളീധരൻ തുറന്നടിച്ചു. എന്നാൽ മുല്ലപ്പള്ളി മത്സരിക്കുന്നതിനെ കെ സുധാകരൻ എം പി സ്വാഗതം ചെയ്തിട്ടുണ്ട്. മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം ഒഴിയുന്ന പക്ഷം താൽകാലിക അധ്യക്ഷനായി കെ സുധാകരനെയാണ് പരിഗണിക്കുന്നത്.

ENGLISH SUMMARY: issues in congress

YOU MAY ALSO LIKE THIS VIDEO