കല്ലടയുടെ തട്ടിപ്പ് ഒടുക്കത്തേതാവണം, നിയന്ത്രിക്കാന്‍ ഇതാണുവേണ്ടത്

Web Desk
Posted on April 24, 2019, 7:13 pm

 

രോ തട്ടിപ്പ് ബിസിനസുകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നവര്‍ അത് വ്യവസ്ഥയാക്കിമാറ്റും അവര്‍ക്ക് സഹായികളായിമാറുന്ന അധികൃതര്‍ക്ക് ഇതൊന്നും അന്വേഷിക്കാന്‍ നേരവുമുണ്ടാകില്ല.
സാക്ഷരകേരളത്തെ ആട്ടിഉലച്ച ചിട്ടിക്കമ്പനികളും ആട് തേക്ക് മാഞ്ചിയം കമ്പനികളും ഓണ്‍ലൈന്‍ ലോട്ടറികളും അതിശയമരുന്നുകമ്പനികളും ബ്‌ളേഡ് കമ്പനികളും എല്ലാം തട്ടിപ്പും ഗുണ്ടാപ്പിരിവും നടത്തിയപ്പോഴെല്ലാം നമ്മള്‍ അന്തംവിട്ടു നോക്കി നില്‍ക്കുകയായിരുന്നു.
ഇപ്പോഴിതാ നമ്മള്‍ പ്രോല്‍സാഹിപ്പിച്ച സ്വകാര്യ യാത്രാസംവിധാനം നമുക്കുനേരേ കയ്യോങ്ങിയപ്പോഴാണ് അതിന്റെ അപകടവും നിയമവിരുദ്ധതയും നമ്മള്‍ തിരിച്ചറിയുന്നത്. യാത്രക്കാര്‍ക്കും ഇതൊന്നും വേണമെന്നില്ല. യാത്രക്കാരന്റെ നെഞ്ചത്തുകേറി വലുതാക്കിയ ബസ് ബിസിനസ് ഇനിയെങ്കിലും നന്നാവുമോ. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് കേരളത്തിന്റെ പൊതുബോധത്തെവെല്ലുവിളിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായിട്ടും കാരണം കണ്ടെത്താന്‍ നീക്കമില്ല. സമൂഹത്തില്‍പെരുകുന്ന ഇത്തരം കൊള്ളകള്‍ കണ്ടെത്താന്‍ ശമ്പളം വാങ്ങുന്നവര്‍ക്ക ്‌നേരമില്ലാതാകുമ്പോള്‍ ജനജീവിതം പന്താടാന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണ്.
മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ക്ക് കൊള്ള നടത്താന്‍ വഴികള്‍ തുറന്നുകിടക്കുകയാണ്. ബസ് സര്‍വീസുകള്‍ രണ്ടിനത്തിലാണുള്ളത്. സ്‌റ്റേജ് കാര്യേജും കോണ്‍ട്രാക്ട് കാര്യേജും. ഇതില്‍ കല്യാണ യാത്രക്കും ഊട്ടി ടൂറിനുമൊക്കെ വിളിക്കുന്ന കോണ്‍ട്രാക്ട് കാര്യേജിന്റെ ലൈസന്‍സിലാണ് ഇവര്‍ തിരുവനന്തപുരം മുതല്‍ ബാംഗഌര്‍വരെ ഇടക്ക് ആളെ കയറ്റിയും ഇറക്കിയും വിശാലമായ ബസ് സര്‍വീസ് നടത്തുന്നത്.
ബസിലല്ല ബുക്കിംഗും ടിക്കറ്റും ഓണ്‍ലൈനിലാണെന്നതാണ് സൈബര്‍ലോകം വഴിയുണ്ടായ മറ്റൊരു നേട്ടം. ചാരി ഉറങ്ങാമെന്നല്ലാതെ സഌപ്പര്‍ സംവിധാനം നമ്മുടെ നാട്ടില്‍ അനുവദിക്കുന്നില്ല.അതിന് ഇത്തരം ബസുകള്‍ക്ക് പെര്‍മിറ്റ് നേടുന്നത് അരുണാചല്‍പ്രദേശില്‍നിന്നാണെന്നുപറയുമ്പോള്‍ നമ്മുടെ നിയമ വ്യവസ്ഥയുടെ നോക്കുകുത്തിത്തരം എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 17സംസ്ഥാനങ്ങളിലേക്കുള്ള വ്യാജപെര്‍മിറ്റുകള്‍ അരുണാചല്‍പ്രദേശില്‍നിന്നും നല്‍കുന്നുണ്ട്. പണ്ട് കുറിക്കമ്പനികള്‍ ഹെഡ് ഓഫീസ് ഹിമാചല്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്യുന്നപോലെ തന്നെ. കര്‍ണാടകയിലും കേരളത്തിലും നിന്നുള്ള 600 ബസുകള്‍ക്ക് അടുത്തിടെ അരുണാചല്‍പ്രദേശില്‍നിന്നും പെര്‍മിറ്റ് ലഭിച്ചിട്ടുണ്ടെന്ന് മൂവാറ്റുപുഴ പൊലീസ് ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്യായങ്ങള്‍ കണ്ടെത്തിതടയുന്ന ഉദ്യോഗസ്ഥരെ മണിയും മസിലും ഉപയോഗിച്ച് നിലക്കുനിര്‍ത്തുന്ന ബസ് ലോബിയെ ചങ്ങലക്കിടാന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുകയും അത് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതിനല്‍കുകയുമാണ് വേണ്ടത്. ഇത്തരം പല പെര്‍മിറ്റുകളുടെ ബലത്തില്‍പോകുന്നതിനാല്‍ ഈ ബസുകള്‍ തടഞ്ഞുപരിശോധനയില്ല. പിന്നെ സമയപരിധിവച്ച് പായുന്ന ഇവയെ തടയുന്നത് ഉദ്യോഗസ്ഥര്‍ക്കും പുലിവാലാണ്.

അക്രമികളായ ബസ് സര്‍വീസുകാരെ നിലക്കുനിര്‍ത്തുകയാണ് ആദ്യം വേണ്ടത്. യാത്രക്കാര്‍ക്ക് സുരക്ഷയും നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നതാവണം ആദ്യഘട്ടം.
വണ്ടിയില്ലാത്ത റൂട്ടുകളില്‍ ട്രക്കര്‍ സര്‍വീസ് നടന്ന കാലം അവ നിര്‍ത്തലാക്കിയത് പഴയതലമുറക്കാര്‍ക്ക് ഓര്‍മ്മകാണും. അവ പൂട്ടിയത് നമ്മുടെ പ്രാദേശിക ബസ് സര്‍വീസുകളെ പ്രോല്‍സാഹിപ്പിക്കാനാണ്. അതുപോലെ ഇത്തരം സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ സര്‍ക്കാരിന്റെ മേല്‍നോട്ടം ഉണ്ടാവുകയോ വേണം. കേരളത്തില്‍നിന്നും തമിഴ്‌നാട്ടിലേക്കും ബാംഗഌരുവിലേക്കും പ്രതിദിന ട്രയിനുകളും കെഎസ്ആര്‍ടിസി സര്‍വീസുകളും അടിയന്തരമായി പരിഗണിക്കുന്നതാവണം രണ്ടാംഘട്ടം. ജനത്തിന്റെ ആവശ്യവും ബുദ്ധിമുട്ടും മനസിലാക്കുന്ന ഭരണകൂടമാണ് ജനകീയ ഭരണകൂടം എന്നറിയപ്പെടുക.