അനിൽകുമാർ ഒഞ്ചിയം

കോഴിക്കോട്

December 17, 2020, 7:44 pm

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോൺഗ്രസ്സിൽ കലാപം രൂക്ഷം

Janayugom Online

അനിൽകുമാർ ഒഞ്ചിയം

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് കോൺഗ്രസ്സിൽ കലാപം രൂക്ഷമായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പാർട്ടിയെ തകർക്കുന്നതെന്നും കേന്ദ്രനേതൃത്വം ഉടൻ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ നില പരിതാപകരമാകുമെന്നും ചൂണ്ടിക്കാട്ടി വിവിധ ഗ്രൂപ്പ് നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. വെൽഫെയർ പാർട്ടിയുമായും ആർഎംപിയുമായും ഉണ്ടാക്കിയ പ്രാദേശിക നീക്കുപോക്കിനെ തെരഞ്ഞെടുപ്പിൽ വിവാദമാക്കിയത് മുല്ലപ്പള്ളിയുടെ അനവസരത്തിലുള്ള പ്രസ്താവനകളാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ എംപി വോട്ടെടുപ്പിന് മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ നേതാക്കളെല്ലാം മുല്ലപ്പള്ളിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു. നേതൃമാറ്റം വേണോയെന്നകാര്യം പാർട്ടി നേതൃത്വം തീരുമാനിക്കണമെന്ന് പറഞ്ഞ മുരളീധരൻ തൊലിപ്പുറത്തുള്ള ചികിത്സയല്ല, മേജർ ശസ്ത്രക്രിയ തന്നെയാണ് കോൺഗ്രസിന് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. അടച്ചിട്ട കെപിസിസി മുറിയിൽ മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കും. ഇങ്ങനെ പോയാൽ ഇത്തരം തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇനിയും ആവർത്തിക്കുമെന്നും മുരളീധരൻ തുറന്നടിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവിയെ സംബന്ധിച്ച് നേതൃത്വം ആത്മപരിശോധനക്ക് തയാറാവണമെന്ന് എം കെ രാഘവൻ എംപി ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഘടകങ്ങളിൽ ഒന്നാണ്. സംഘടനയേക്കാളേറെ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിൽ അപ്രസക്തരായ വ്യക്തികൾക്കു ലഭിക്കുന്ന സ്ഥാനമാനങ്ങൾ താഴെത്തട്ടിൽ സാധാരണക്കാരായ കോൺഗ്രസ് അനുഭാവികളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അതിന്റെപേരിൽ അർഹതപ്പെട്ടെ പ്രവർത്തകരെ തഴഞ്ഞതു പാർട്ടിയുടെ പ്രവർത്തനത്തെ പോലും സാരമായി ബാധിച്ചെന്നും രാഘവൻ ചൂണ്ടിക്കാട്ടി.

സംഘടനാ തലത്തിൽ കോൺഗ്രസിനു ദൗർബല്യമുണ്ടെന്നും ദേശീയ തലത്തിൽ ശക്തമായ നേതൃത്വമില്ലാത്തത് ഒരു കാരണമാണെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ അഭിപ്രായം. കോൺഗ്രസിൽ വൻ അഴിച്ചുപണി വേണം. തദ്ദേശപ്പോരിലുണ്ടായത് ആഴത്തിലുള്ള പ്രഹരമാണ്. ഇത് കോൺഗ്രസ് നേതൃത്വം മനസിലാക്കണം. ഇല്ലെങ്കിൽ വലിയ അപകമാണ്. പാർട്ടിയിൽ ഇപ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ്. കെപിസിസി പ്രസിഡന്റ് ഒന്നു പറയുന്നു. യുഡിഎഫ് കൺവീനർ വേറൊന്നു പറയുന്നു. കോൺഗ്രസ് നേതൃത്വത്തിനു ജനങ്ങളുമായുള്ള ബന്ധം അറ്റുപോയെന്നും ഉണ്ണിത്താൻ വിമർശിച്ചു. കെ എം മാണിക്കും ജോസിനുമൊപ്പമാണു കേരള കോൺഗ്രസ് അനുഭാവികളെന്നു മനസിലാക്കാൻ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിർത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ വിമർശനം. ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവമാണ് കെപിസിസിക്ക്.  പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ല.  ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ശിപാർശകൾക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണമെന്നും ചൂണ്ടിക്കാട്ടിയ കെ സുധാകരൻ ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കുമെന്നും വ്യക്തമാക്കി.

ന്യൂനപക്ഷം അകന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ശക്തിയാണ് ന്യൂനപക്ഷം. ഈ വിഭാഗം അകന്നുപോയതു പാർട്ടി വിലയിരുത്തണം. മുമ്പുകാലത്ത് കോൺഗ്രസിൽ താഴേതട്ടു വരെ ശക്തമായ കമ്മിറ്റികളും പ്രവർത്തനവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കമ്മിറ്റികളില്ല. പാർട്ടിയിലെ ഗ്രൂപ്പുകളിയാണ് ഇതിനു കാരണമെന്നും ഇപ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷനുകളാണു നടത്തുന്നതെന്നും സ്ഥാനാർഥി നിർണയത്തിൽപ്പോലും ഗ്രൂപ്പ് വീതംവയ്പാണ് നടന്നതെന്നും കുര്യൻ കുറ്റപ്പെടുത്തി. സ്ഥാനാർഥിത്വത്തിനു പണം വാങ്ങുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് പരസ്യനിലപാടുമായി അണികളും രംഗത്തിറങ്ങുകയാണ്. “കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്നമുദ്രാവാക്യങ്ങളുമായി കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് നഗരത്തിൽ പലയിടങ്ങളിലും മുരളീധരനെ പിന്തുണച്ച് ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്ന് ആരോപിച്ചുകൊണ്ട് കെപിസിസി ആസ്ഥാനത്തും കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകൾ. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.

Eng­lish sum­ma­ry: Issues in con­gress after elec­tion Results
You may also like this video: