മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ആസ്തി കണ്ടുകെട്ടി

Web Desk
Posted on July 18, 2019, 11:12 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ആനന്ദ് കുമാറിന്റെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ആനന്ദ് കുമാറിന്റെയും ഭാര്യ വിചിത്ര ലത എന്നിവര്‍ ബിനാമികളുടെ പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടിയത്.
ആദായനികുതി വകുപ്പിന്റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജൂലൈ 16ന് ഉത്തരവിറക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഏഴ് ഏക്കറോളം വരുന്ന ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.
നോയിഡ അതോറിറ്റിയില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്തിട്ടുള്ള ആനന്ദ് കുമാറിനെതിരെ കടലാസ് കമ്പനികള്‍ ഉണ്ടാക്കി കോടികള്‍ വായ്പയായി ബാങ്കുകളില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന ആരോപണം മുമ്പ് ഉയര്‍ന്നിട്ടുണ്ട്. 2007 ല്‍ മായാവതിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലത്ത് ഇത്തരത്തില്‍ 49 കമ്പനികള്‍ ആനന്ദ് കുമാര്‍ ഉണ്ടാക്കിയെന്നും ആരോപണങ്ങളുണ്ട്. 2014 ല്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 1316 കോടിയുടെ ആസ്തിയാണ് ഇയാള്‍ക്കുള്ളത്.
ആദായനികുതി വകുപ്പിന് പുറമെ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആനന്ദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. നോട്ട് അസാധുവാക്കപ്പെട്ട സമയത്ത് ബാങ്ക് അക്കൗണ്ടില്‍ 1.43 കോടി രൂപ നിക്ഷേപിച്ചത് വാര്‍ത്തയായിരുന്നു.