ഐടി കമ്പനികൾ തൊഴിൽ നിയമം റദ്ദാക്കുന്നു

Web Desk

ന്യൂഡൽഹി:

Posted on June 02, 2020, 9:52 pm

രാജ്യത്ത് കൊറോണ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐടി കമ്പനികൾ തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നു. മൂന്നു വർഷത്തേക്കാണ് തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നത്. ബിജെപി ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളാണ് തൊഴിൽ നിയമം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിയമം റദ്ദാക്കണമെന്ന ആവശ്യവുമായി ഐടി വ്യവസായ മേഖല സംസ്ഥാന സർക്കാരുകളോട് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് തൊഴിലാളി സംഘടനകളിൽ നിന്നും ഉയര്‍ന്നു വരുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ നിയമം റദ്ദാക്കുന്നത് തൊഴിലാളികളെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്ന് സംഘടനകൾ ആരോപിച്ചു.

കൂടുതൽ വരുന്ന തൊഴിലാളികളെ ഒഴിവാക്കി ജീവനക്കാരെ അധികം സമയം ജോലി ചെയ്യിക്കാൻ അനുമതി നൽകണമെന്നാണ് വമ്പൻ വ്യവസായ ഗ്രൂപ്പായ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്ട്‌വേർ ആന്റ് കമ്പനീസ് (നാസ്കോം) ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദ ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 1948 ലെ ഫാക്ടറി നിയമത്തിനു കീഴിൽ അല്ലാത്ത ഐടി മേഖല അടുത്തിടെ പ്രഖ്യാപിച്ച തൊഴിൽ പരിഷ്കരണത്തിൽ നിന്നും വിട്ടു നിന്നിരുന്നു.

അതേസമയം നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തുക എന്നത് കമ്പനികൾ വളരെ കാലമായി ആവശ്യപ്പെടുന്ന ഒന്നാണെന്നും എന്നാൽ ഇപ്പോൾ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കമ്പനികൾ മറയാക്കുകയാണെന്നും സംഘടനകൾ ആരോപിക്കുന്നു.
കരാർ നിയമനം, പുറത്തു നിന്നുള്ളവർക്ക് ജോലി നൽകുക തുടങ്ങിയതിലൂടെ ഇപ്പോൾ തന്നെ കമ്പനികൾ വലിയ കൊള്ളയാണ് നടത്തുന്നതെന്ന് ഫോറം ഫോർ ഐടി എംപ്ലോയീസ് (ഫൈറ്റ്) പ്രസിഡന്റ് കിരൺ ചന്ദ്ര പറയുന്നു. കമ്പനികളുടെ പുതിയ തീരുമാനം തൊഴിലാളികൾക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.

ENGLISH SUMMARY: IT Com­pa­nies Abol­ish Labor Law

YOU MAY ALSO LIKE THIS VIDEO