ഐ ടി വിദഗ്ദ്ധൻ രമേശ് ഇമാനി ഇഗ്നിറ്റേറിയം ഡയറക്ടർ ബോർ‍‍ഡിൽ

Web Desk

കൊച്ചി

Posted on July 27, 2020, 3:54 pm

സിലിക്കൺ ഡിസൈൻ, മൾട്ടി മീ‍ഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ നേതൃസ്ഥാനമുള്ള പ്രൊഡക്ട് എഞ്ചിനീയറിംഗ് സ്ഥാപനമായ ഇഗ്നിറ്റേറിയത്തിന്റെ ഡയറക്ടർ ബോർഡിലേയ്ക്ക് ഇൻസ്റ്റാ ഹെൽത്ത് സ്ഥാപകനും വിപ്രോ ടെക്നോളജീസിൽ ദീർഘകാലം പ്രവൃത്തിപരിചയവുമുള്ള രമേശ് ഇമാനിയെ നാമനിർദ്ദേശം ചെയ്തു. ഇന്ത്യയിൽ ഗൾഫ് നാടുകളിലും ആഫ്രിക്കയിലും ആരോഗ്യരക്ഷാ സോഫ്റ്റ്‍വെയർ സേവനങ്ങൾ നിർവ്വഹിച്ചിരുന്ന ഇൻസ്റ്റാ ഹെൽത്തിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായിരുന്ന രമേശ് ഇമാനി 25 വർഷത്തിലധികം വിപ്രോയുടെ പ്രോഡക്ട് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനുമായിരുന്നു.

ശതകോടികളുടെ ബിസിനസ്സ് സംരംഭങ്ങൾക്കു് നേതൃത്വം നൽകി പ്രാഗത്ഭ്യം തെളിയിച്ച രമേശ് ഇമാനിയുടെ പരിചയസമ്പത്ത് ഇഗ്നിറ്റേറിയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുമെന്ന് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് സഞ്ജയ് ജയകുമാർ പറഞ്ഞു. 2012‑ലാണു് ഇഗ്നിറ്റേറിയം സ്ഥാപിതമായത്. സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ നേതൃസ്ഥാനമുള്ള ഇഗ്നിറ്റേറിയത്തിന് ഇന്ത്യയിലും ഗൾഫ് നാടുകളിലും അമേരിക്കയിലും ഓഫീസുകളുണ്ടു്. ദ്രുതഗതിയിൽ വളരുന്ന, സാങ്കേതിക വൈദഗ്ദ്ധ്യം തെളിയിച്ച കമ്പനിയുടെ നേതൃനിരയിൽ സ്ഥാനം വഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് രമേശ് ഇമാനി പറഞ്ഞു.