27 March 2024, Wednesday

Related news

August 28, 2023
March 22, 2023
August 5, 2022
May 19, 2022
May 8, 2022
April 21, 2022
April 21, 2022
April 6, 2022
March 30, 2022
February 8, 2022

ശൂരനാട്ടെ ചുവന്നമണ്ണില്‍ വിപ്ലവത്തിന്റെ വിത്ത് പാകിയ ശൂരനാട് സംഭവത്തിന് 72 വയസ്

പുളിക്കല്‍ സനില്‍രാഘവന്‍
January 18, 2022 11:42 am

ശൂരനാട് എന്നൊരു നാട് ഇനി ഭൂമുഖത്തു വേണ്ട.1950 ജനുവരി ഒന്നിന് തിരു-കൊച്ചി പ്രധാനമന്ത്രി പരവൂർ ടികെ നാരായണപിള്ളയുടെ സിംഹ ഗര്‍ജ്ജമാണ്. ഐ.ജി ചന്ദ്രശേഖരന്‍ നായരോടൊപ്പം ശൂരനാട്ട് എത്തി പോലീസ് വലയത്തിനുള്ളില്‍ നിന്നു നടത്തിയ കല്‍പ്പന. . ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതകളാണ് പിന്നീടുള്ള ദിവസങ്ങളിൽ ശൂരനാട് നേരിട്ടത്.

മധ്യ തിരുവിതാംകൂറിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍മേൽ കാലമെഴുതിയ ചുവന്ന അദ്ധ്യായമാണ് ശൂരനാട്.മധ്യ തിരുവിതാംകൂറിലെ ജന്മിത്വതിനെതിരായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് ശൂരനാട് സമരം. സമരത്തിലെ ആദ്യ രക്തസാക്ഷി തണ്ടാശ്ശേരി രാഘവന്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ജനുവരി 18. ശൂരനാട്ടെ ചുവന്ന മണ്ണില്‍ വിപ്ലവത്തിന്‍റെ വിത്തു പാകിയ ശുരനാട് സംഭവത്തിന് 72 വയസ്. ജന്മിത്വത്തിന്‌ എതിരായ പോരാട്ട ചരിത്രത്തിൽ സുപ്രധാനമായ ഒരേടാണ്‌ ശൂരനാട്‌ സമരം.

ഒരു നാടു മുഴുവൻ പൊലീസ്‌ വാഴ്ചയിൽ ചവിട്ടിയരയ്ക്കപ്പെട്ടു. നിരവധിപേർ രക്തസാക്ഷികളായി. പൗരസ്വാതന്ത്ര്യം പൂർണമായി ഇല്ലാതായി. മർദ്ദനമേറ്റവരുടെ എണ്ണം അനവധിയാണ്‌. ലോക്കപ്പുകളും ജയിലുകളും കൊലയറകളായി മാറി. പൊലീസിനെ ഭയന്ന്‌ അഭയാർത്ഥികളായി മറ്റു പ്രദേശങ്ങളിലേക്ക്‌ എണ്ണമറ്റയാളുകൾ പലായനം ചെയ്തു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയേയും, പാർട്ടിയോട്‌ ആഭിമുഖ്യമുള്ള ബഹുജനസംഘടനകളെയും സർക്കാർ നിരോധിച്ചു. ജന്മിത്വവും അതിന്റെ സഹായികളായ ഭരണകൂടവും അഴിച്ചുവിട്ട കിരാതമായ മർദ്ദനനടപടികളെ സാവധാനത്തിലാണെങ്കിലും ധീരോദാത്തമായി ജനങ്ങൾ നേരിട്ടു.

അവർക്ക്‌ താങ്ങും തണലുമായത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായിരുന്നു. അവരുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്തു. ജന്മിത്വത്തിന്റെ വേരറുത്ത്‌ ജനകീയ പ്രസ്ഥാനം മുന്നേറി. പാവപ്പെട്ട കൃഷിക്കാരും കർഷകതൊഴിലാളികളും തിങ്ങിപ്പാർക്കുന്ന നാടാണ്‌ ശൂരനാട്‌ അന്നും ഇന്നും. കനകം വിളയുന്ന മണ്ണാണത്‌. വിസ്തൃതമായ പാടശേഖരങ്ങളും തെങ്ങിൻതോപ്പുകളും മണ്ണിനോട്‌ പടവെട്ടുന്ന കർഷകരും കർഷകതൊഴിലാളികളും ശൂരനാടിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ കൃഷിഭൂമിയിൽ കർഷകർക്കും കർഷകതൊഴിലാളികൾക്കും യാതൊരു അവകാശവുമില്ലായിരുന്നു. കൃഷിയോഗ്യമായ 85 ശതമാനം ഭൂമിയും ഒരുപിടി നാട്ടുപ്രമാണിമാരുടെ വകയായിരുന്നു.

അവരിൽ പ്രമുഖരായിരുന്നു തെന്നലപിള്ളമാർ. അടിമകളെപ്പോലെ പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും. രാപകൽ ജോലി ചെയ്താലും കിട്ടുന്ന കൂലി പരമതുച്ഛം, തിരുവായ്ക്ക്‌ എതിർവായില്ലാത്ത കാലം, തീണ്ടലും തൊടീലും സജീവമായി അവിടെ നിലനിന്നിരുന്നു. മുണ്ടുടുക്കാനും മുടിമുറിക്കാനും മീശവയ്ക്കാനും വഴിനടക്കാനും എന്തിന്‌ പാത്രത്തിൽ കഞ്ഞികുടിക്കാനും അവർക്ക്‌ അവകാശമില്ലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ എല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്തായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജനാധിപത്യ യുവജന സംഘടനകൾ പ്രവർത്തനം ആരംഭിച്ചത്‌. മാടമ്പിത്തത്തെ വെല്ലുവിളിക്കാൻ ഒരു സംഘം ചെറുപ്പക്കാർ മുന്നോട്ടുവന്നു. അവരുമായി കമ്മ്യൂണിസ്റ്റുപാർട്ടി നേതാക്കൾ ബന്ധപ്പെടുന്നത്‌ അങ്ങനെയാണ്‌. പുതുപ്പള്ളി രാഘവൻ, ആർ ശങ്കരനാരായണൻ തമ്പി, തോപ്പിൽഭാസി, സി കെ കുഞ്ഞുരാമൻ തുടങ്ങിയവർ പലവട്ടം അവിടെ പോകുകയും ക്യാമ്പ്‌ ചെയ്യുകയും ചെയ്തു.

കിഴകിട ഏലായുടെ തെക്കേ അരികുചേർന്ന്‌ കിടക്കുന്ന ഉള്ളന്നൂർകുളം ഒരാൾ ലേലത്തിൽ പിടിച്ചു. തെന്നല ഗോപാലപിള്ളയുടെ പ്രേരണയിലാണിത്‌ ചെയ്തത്‌. അന്നോളം പൊതുജനങ്ങൾ ഒന്നിച്ചിറങ്ങി മീൻ പിടിച്ച്‌ പങ്കിട്ടെടുക്കുന്ന രീതിയായിരുന്നു. മീന്‍ പിടുത്തം നാട്ടിലെ ഒരു ഉത്സവമായിരുന്നു. പൊടുന്നനെ ഇത്‌ ലേലത്തിൽ പിടിച്ചത്‌ പരിസരവാസികളെ രോഷാകുലരാക്കി. അവർ കുളത്തിൽ ഇറങ്ങി മീൻ പിടിച്ചു. ലേലം പിടിച്ചയാൾ പൊലീസിൽ പരാതി നൽകി. പൊലീസ്‌ ജന്മിഗൃഹത്തിൽ ക്യാമ്പ്‌ ചെയ്തു. തീറ്റിയും കുടിയും കഴിഞ്ഞ്‌ അർദ്ധരാത്രിയോടെ പൊലീസും ജന്മിയുടെ അനുചരന്മാരും പ്രതികളെ തിരക്കി ഇറങ്ങി.

പായ്ക്കാലിൽ വീട്ടിലേക്കാണ്‌ അവർ ആദ്യം ചെന്നത്‌. അവിടെ അപ്പോൾ സ്ത്രീകളും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമയത്താണ്‌ പൊലീസുകാർ സ്ത്രീകളേയും കുഞ്ഞുങ്ങളേയും ശല്യപ്പെടുത്താൻ തുടങ്ങിയത്‌. കൂട്ടനിലവിളി ആയപ്പോൾ അയൽക്കാരും ദൂരെ നിന്നിരുന്ന പാർട്ടി പ്രവർത്തകരും രംഗത്തെത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘട്ടനത്തിൽ ഇൻസ്പെക്ടറും നാലു പൊലീസുകാരും മരിച്ചു. നിരവധി പാർട്ടി പ്രവർത്തകർക്ക്‌ പരുക്ക്‌ പറ്റി. 1950 ജനുവരി ഒന്ന്‌, പുതുവൽസരം പിറന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയേയും ബഹുജനസംഘടനകളെയും നിരോധിച്ചെന്ന വാർത്ത കേട്ടുകൊണ്ടാണ്‌. മുഖ്യമന്ത്രി ടി കെ നാരായണപിള്ള സ്ഥലത്തുവന്ന്‌ ശൂരനാട്‌ എന്നൊരു നാട്‌ ഇനി വേണ്ട എന്ന്‌ പ്രഖ്യാപിച്ചു. പിന്നീട്‌ അവിടെ നടന്നത്‌ നരനായാട്ടായിരുന്നു.

പൊലീസ്‌ അവിടെ ക്യാമ്പ്‌ തുറന്നു. സംശയമുള്ളവരെയൊക്കെ ക്യാമ്പിൽകൊണ്ടുപോയി മർദ്ദിച്ചു. വൃദ്ധന്മാരെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ യാതൊരു വ്യത്യാസവും അവർക്ക്‌ ഉണ്ടായിരുന്നില്ല. ഇതിനിടയിൽ തണ്ടാശ്ശേരി രാഘവനെ പൊലീസ്‌ ലോക്കപ്പിലിട്ട്‌ മർദ്ദിച്ച്‌ കൊന്നു. ശൂരനാട്ടെ ആദ്യത്തെ രക്തസാക്ഷി. 1950 ജനുവരി 18നായിരുന്നു അത്‌. അതുകൊണ്ടാണ്‌ ജനുവരി 18 രക്തസാക്ഷിദിനമായി ആചരിക്കുന്നത്‌.

കളയ്ക്കാട്ടു പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്ക്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക്‌ പുരുഷോത്തമക്കുറുപ്പ്‌ എന്നിവരെ ലോക്കപ്പിലും ജയിലിലും വച്ച്‌ മർദ്ദിച്ച്‌ കൊന്നു. പുന്തിലേത്ത്‌ വാസുപിള്ള, മലമേൽ കൃഷ്ണപിള്ള, കാട്ടൂർ ജനാർദ്ദനൻനായർ എന്നിവർ ക്രൂരമായ മർദ്ദനമേറ്റതിന്റെ ഫലമായി ജയിലിൽ നിന്ന്‌ പുറത്തുവന്ന്‌ ഏതാനും ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. ചാലിത്തറ കുഞ്ഞച്ചൻ, പായിക്കാലിൽ രാമൻനായർ എന്നിവരെപ്പറ്റി ഇന്നോളം ആർക്കും അറിവില്ല. അവരേയും പൊലീസ്‌ കൊന്ന്‌ ആരുമറിയാതെ കുഴിച്ചുമൂടിയിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

ആർ ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, പേരൂർ മാധവൻപിള്ള, പനത്താഴ രാഘവൻ, വരമ്പയിൽ കൊച്ചുകുഞ്ഞ്‌, നടേവടക്കതിൽ പരമുനായർ, പായിക്കാലിൽ പരമേശ്വരൻനായർ, കോതേലിൽ വേലായുധൻ നായർ, ചാത്തൻകുട്ടി ചെറപ്പാട്ട്‌, അമ്പിയിൽ ജനാർദ്ദനൻനായർ, അയണിവിള കുഞ്ഞുപിള്ള, പോണാൽ തങ്കപ്പക്കുറുപ്പ്‌, തെക്കയ്യത്ത്‌ ഭാസ്ക്കരൻ, പോണാൽ ചെല്ലപ്പൻ നായർ, വിളയിൽ ഗോപാലൻ നായർ എന്നിവരായിരുന്നു മറ്റ്‌ പ്രതികൾ. ആകെയുള്ള 26 പ്രതികളും നമ്മെ വിട്ടുപിരിഞ്ഞു. എങ്കിലും ജ്വലിക്കുന്ന ഓർമ്മകളായി അവരിന്നും ജീവിക്കുന്നു.

ഭൂവുടമാ മാർഗ്ഗത്തിന്റെ ചൂഷണങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ സ്വന്തം ജീവരക്തം കൊണ്ട് ചരിത്രം കുറിച്ച ധീരൻമാരുടെ ത്യാഗത്തിൻ കഥയാണ് ശൂരനാട് കാർഷിക കലാപം എന്ന പേരിൽ പ്രസിദ്ധമായ “ശൂരനാട് സംഭവം”. തോപ്പിൽ ഭാസിയും, പുതുപ്പള്ളി രാഘവനും, കെ.കേശവൻ പോറ്റിയും മദ്ധ്യതിരുവിതാംകൂറിലാകെ നേതൃത്വം നൽകിയ കർഷക പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായി തീർന്നു ശൂരനാട്. കർഷക ജനത കൈവിലങ്ങ് പൊട്ടിച്ചെറിഞ്ഞ 1949 ഡിസംബർ കർഷക കലാപം കേരളത്തിലെ കർഷക കലാപങ്ങളുടെ ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായങ്ങളിലൊന്നാണ്.

ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനല്ലെന്നും, ചുറ്റുമുള്ള ജീവിതങ്ങള്‍ക്ക് തണലേകാന്‍ കൂടിയാണെന്നും ഒരു മഹത്തായ പ്രത്യയശാസ്ത്രത്തെ മുന്‍ നിര്‍ത്തി തങ്ങളുടെ ജീവന്‍കൊണ്ടു സാക്ഷ്യപ്പെടുത്തിയ ഏഴ് ധീര രക്തസാക്ഷികളുടെ സ്മരണക്കുമുന്നില്‍ ചുവന്ന പൂഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു.

Eng­lish Sumam­ry: It is 72 years since the Sooranadu inci­dent that sowed the seeds of rev­o­lu­tion in the red soil of Sooranadu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.