96.6 കിലോമീറ്റര്‍ നീളവും 40000 ഹെക്ടർ വിസ്തൃതിയുമുള്ള തൃശൂർ കോട്ടപ്പുറം മുതൽ ആലപ്പുഴ വരെ നീളുന്ന വേമ്പനാട്ടു കായൽ ഇന്ന് മരണാസന്നമായിക്കൊണ്ടിരിക്കുകയാണ്. 2011 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം വേമ്പനാട്ടു കായലിനെ അതിലോല തീരദേശം (ക്രിട്ടിക്കലി വള്‍നറബില്‍ കോസ്റ്റല്‍ ഏരിയ- സിവിസിഎ) ആയിട്ടാണ് നിർണയിച്ചത്.
ജല ജൈവ വൈവിധ്യത്തിന്റെയും 200ൽപരം ഇനം മത്സ്യത്തിന്റെയും കക്കയുടെയും മറ്റനവധി ജല ജീവികളുടെയും ദേശാടന പക്ഷികളുടേയും സങ്കേതമായ വേമ്പനാട്ട് അതിപ്രധാനമായ പരിസ്ഥിതി വ്യവസ്ഥയാണ്. ഈ തണ്ണീർത്തടത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ, ജല മലിനീകരണവും തല്‍ഫലമായ ജൈവനാശവും കായലിന്റെ തന്നെ നാശം എന്നിവയെല്ലാം കണക്കിലെടുത്താണ് വേമ്പനാടിനെ ദേശീയ കായൽ സംരക്ഷണ പരിപാടിയിൽ (നാഷണല്‍ ലേക്ക് കന്‍സര്‍വേഷന്‍ പ്രോഗ്രാം-എന്‍എല്‍സിപി) ഉൾപ്പെടുത്തിയത്. കയ്യേറ്റവും നികത്തലും മൂലം ആഴത്തിലും പരപ്പിലും ഉണ്ടായ ഗണ്യമായ കുറവാണ് ഏറ്റവും വിനാശകരമായത്. പശ്ചിമഘട്ടം മലനിരകളുമായി ബന്ധപ്പെട്ട് ഒഴുകുന്ന പെരിയാർ, പമ്പ, അച്ചൻകോവിൽ, മീനച്ചൽ, മൂവാറ്റുപുഴ എന്നീ നദികൾ പൂർണമായും വേമ്പനാട്ടു കായലിലാണ് പതിക്കുന്നത്. വേമ്പനാട്ടിൽ ഒഴുകിയെത്തുന്ന വെള്ളം കൊച്ചി അഴിമുഖം വഴി അറബിക്കടലിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്.
ഈ മഹത്തായ പാരിസ്ഥിതിക ദൗത്യം നിർവഹിക്കുകയായിരുന്ന വേമ്പനാട് കായലിന്റെ ശരാശരി ആഴം ഒന്നു മുതൽ 11 മീറ്റർ വരെ ആയിരുന്നത് ഇന്ന് കേവലം ഒന്നര രണ്ട് മീറ്റർ വരെ ആയി ചുരുങ്ങിയിരിക്കുന്നു. ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അടിക്കടി രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന അതിശക്തമായ മഴയും ചുഴലിക്കാറ്റും ഉരുൾപൊട്ടലും മൂലമുണ്ടാകുന്ന മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിർത്തുന്നതിന് ഉള്ള സംഭരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യവും ബന്ധപ്പെട്ടവർ ഉൾക്കൊള്ളേണ്ടതുണ്ട്.
മത്സ്യത്തിന്റെ നഴ്സറി എന്ന ഖ്യാതി നേടിയ വേമ്പനാട്ടു കായൽ ഇന്ന് മത്സ്യത്തിന്റെ വംശനാശ കേന്ദ്രമായിരിക്കുന്നു. 200 ഇനം മത്സ്യത്തിൽ നിന്ന് 70 ഇനമായി മത്സ്യം കുറഞ്ഞു.
വേമ്പനാട്ടു കായലിൽ അനധികൃതമായി നടത്തിയ വൻകിട കയ്യേറ്റങ്ങൾ സംബന്ധിച്ച് ഒട്ടേറെ പ്രക്ഷോഭം മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ഏറ്റെടുത്തിട്ടുണ്ട്. പ്രക്ഷോഭത്തിന്റെയും നിയമ പോരാട്ടത്തിന്റെയും ഭാഗമായി സുപ്രീം കോടതി വിധിയുടെ പൊളിച്ചുനീക്കണമെന്ന ഉത്തരവ് ഉണ്ടായിട്ടും കാവികോ റിസോർട്ടും വാമിക റിസോർട്ടും പൊളിച്ചു നീക്കാതെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. സമാനമായ നിരവധി കയ്യേറ്റത്തിന്റെ കേന്ദ്രമാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ.
കുട്ടനാട്ടിലെ നെൽകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടി വേമ്പനാട്ട് കായലിന് കുറുകെ കെട്ടിയ തണ്ണീർമുക്കം ബണ്ട് 1974‑ൽ കമ്മിഷൻ ചെയ്തതാണ്. ബണ്ട് വന്നതിനു ശേഷം വേമ്പനാട് കായലിന്റെ വേലിയേറ്റ വേലിയിറക്ക ഘടനയിൽ ഗുരുതരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ബണ്ടിന്പുറത്തും അമിതമായ എക്കലും ചെളിയും അടിഞ്ഞുകൂടുകയും ബണ്ടിനകത്ത് അമിതമായ കീടനാശിനിയുടെയും അളവ് വർധിച്ച് കായൽ അങ്ങേയറ്റം മലിനപ്പെടുകയും ചെയ്തിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് വരുന്നതിനുമുമ്പ് കുട്ടനാടിന്റെ നെല്ലുല്പാദനം സംസ്ഥാനത്തിന്റെ നെല്ലുല്പാദനത്തിന്റെ 33 ശതമാനം ആയിരുന്നു. എന്നാൽ ബണ്ട് വന്നതിനുശേഷം ഇന്ന് പരിശോധിക്കുമ്പോൾ 13 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു എന്ന യാഥാർത്ഥ്യം നാം കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ഉന്നയിക്കുന്ന ആവശ്യം തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നതിനു പകരം ഒരു വർഷം പൂർണമായി തുറന്നിട്ട് ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കി ഭാവി കാര്യങ്ങൾ തീരുമാനിക്കണം എന്നാണ്.
കുട്ടനാടൻ പാടശേഖരത്തിൽ നിന്നും തള്ളിവിടുന്ന പോള പായൽ വേമ്പനാട്ടുകായലിൽ അതിതീവ്രമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു. സൂര്യപ്രകാശം കായലിന്റെ അടിത്തട്ടിൽ ഏൽക്കാത്ത വിധം പായൽ അടിഞ്ഞുകൂടി ഇരിക്കുന്നു. ഉപ്പു വെള്ളത്തിന്റെ തോത് കായലിൽ കൂടുമ്പോൾ പായൽ ചീഞ്ഞ് വെള്ളത്തിന്റെ അടിത്തട്ടിൽ പതിക്കുകയും മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയും സൃഷ്ടിക്കപ്പെടുന്നു. പായലിന്റെ ഉത്ഭവ സ്ഥാനത്തുവച്ച് നശിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗം കണ്ടുപിടിച്ചു നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടായിക്കൂടാ എന്ന ആവശ്യം ഫെഡറേഷൻ മുന്നോട്ട് വയ്ക്കുകയാണ്.
വേമ്പനാട്ടു കായൽ കേവലം ഒരു മത്സ്യത്തൊഴിലാളി പ്രശ്നം മാത്രമല്ല നമ്മുടെ നാടിന്റെ സാമൂഹിക പരിസ്ഥിതി പ്രശ്നമായി വളർന്നിരിക്കുന്നു. ഈ ഘട്ടത്തിലാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാനത്ത് വലിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിനുള്ള ഒപ്പ് ശേഖരണം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ടമെന്ന നിലയിലാണ് മുഹമ്മയിൽ നിന്നു പുറപ്പെട്ടു കോട്ടപ്പുറത്ത് അവസാനിക്കുന്നവിധം നവംബർ 30 മുതൽ നാല് ദിവസം നീളുന്ന ചരിത്രമായി മാറാൻ പോകുന്ന കായൽ ജാഥ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.