ദേവിക

January 29, 2020, 6:00 am

ചരിത്രം ചമഞ്ഞ താമരകൾ ഇവിടുണ്ട്

Janayugom Online

ഇന്ത്യൻ റിപ്പബ്ലിക് നിലനില്പിനായി ചരിത്രത്തിലെ ഏറ്റവും വലിയ പടയോട്ടം നടത്തുമ്പോൾ നാം എഴുപത്തൊന്നാം റിപ്പബ്ലിക് ദിനം കൂടി ആഘോഷിച്ചു. ഭരണഘടനാ ആമുഖം വായിച്ചും മനുഷ്യ മഹാശൃംഖലകൾ തീർത്തും ഭരണഘടന തകർക്കാൻ കോപ്പുകൂട്ടിയിറങ്ങിയവർക്കെതിരെ അങ്കത്തട്ടുകൾ ഒരുക്കിയും നടത്തിയ വേറിട്ട ആഘോഷങ്ങൾ. സർക്കാർ സ്പോൺസേർഡ് ആഘോഷങ്ങൾ രാജ്യതലസ്ഥാനത്തും കൊണ്ടാടി. ഇന്ത്യൻ സെെനിക കരുത്തും സാംസ്കാരിക തനിമയും വിളിച്ചോതിയ കെങ്കേമമായ റിപ്പബ്ലിക് ദിനാഘോഷം. എല്ലാ റിപ്പബ്ലിക് ദിനങ്ങളോടനുബന്ധിച്ചും പത്മപുരസ്കാരങ്ങളും പ്രഖ്യാപിക്കാറുണ്ട്. 1954ൽ ആദ്യമായി ഭാരതരത്ന അവാർഡുകൾക്ക് അർഹരായത് വിശ്രുത വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണനും നൊബേൽ ജേതാവ് സർ. സി വി രാമനും ഇന്ത്യയുടെ പ്രഥമ ഗവർണർ ജനറലായിരുന്ന സർ സി രാജഗോപാലാചാരിയുമായിരുന്നു. മൂവരും ദക്ഷിണേന്ത്യക്കാർ. ഭാരതരത്ന, പത്മപുരസ്കാരങ്ങൾ നേടുന്നത് ഒരന്തസുതന്നെയായിരുന്നു. ആയിരുന്നുവെന്ന് പറയാൻ കാരണം കറകളഞ്ഞ ഹിന്ദുവർഗീയ വാദിയായിരുന്ന വീരസവർക്കർ എന്ന് സംഘപരിവാറും വാഴ്ത്തിപ്പാടുന്ന വിനായക് ദാമോദർ സവർക്കർക്കും നാമനിർദേശമില്ലാതെ തന്നെ ഭാരതരത്നം എന്ന അതുല്യ പുരസ്കാരം നല്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനാലാണ്. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാഷ്ട്രമാണെന്നും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുസ്ഥാനിൽ സ്ഥാനമില്ലെന്നും ആദ്യമായി വാദിച്ചത് സവർക്കറായിരുന്നു. സവർക്കറും ഗോൾവർക്കറും ദീൻദയാൽ ഉപാധ്യായയും നിരാകരിച്ചതാണ് ബഹുസ്വരതയുടേതായ ഇന്ത്യൻ ഭരണഘടനയെ.

മോഡിയും അമിത്ഷായുമാണ് സവർക്കറുടെ ആവശ്യം നടപ്പാക്കാൻ ഇപ്പോൾ ഓവർടെെം പണിചെയ്യുന്നത്. മരണാനന്തര ഭാരതരത്ന കുപ്പായം കൂടി സവർക്കറെ അണിയിച്ചാകുമ്പോൾ അതിനൊരു മാനവും വേറെയാവുമല്ലൊ. ആ മാനം മാനക്കേടിന്റെ മാനമെന്നതു വേറെ കാര്യം. പത്മ പുരസ്കാരങ്ങളും ഭാരതരത്നവുമൊക്കെ നല്കിയിരുന്നത് അർഹതയുടെ അടിസ്ഥാനത്തിലായിരുന്നു. ഗാന്ധിജിക്ക് ഭാരതരത്നം മരണാനന്തര ബഹുമതിയായിപോലും നല്കിയിട്ടില്ല. പക്ഷെ പതിറ്റാണ്ടുകൾക്ക് മുമ്പ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവരെ കുത്തിപ്പൊക്കി കൊണ്ടുവന്ന് ഭാരതരത്നം അണിയിക്കുന്നത് ആപൽക്കരമായ ഒരു കീഴ്വഴക്കമായിരിക്കും. ഭാരതത്തിന്റെ അതിരുകൾ കടന്ന് ഭാരതരത്നം അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർഖാനും നെൽസൺ മണ്ഡേലയ്ക്കും മദർ തെരേസയ്ക്കും ലഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ ജവഹർലാൽ നെഹ്രുവിനും പുത്രി ഇന്ദിരാഗാന്ധിക്കും പൗത്രൻ രാജീവ് ഗാന്ധിക്കും ഭാരതരത്നം ലഭിച്ചതിനെയും ആരും വിമർശിച്ചിട്ടില്ല. ആചാര്യ വിനോബാ ഭാവേ, ഡോ. ബി ആർ അംബേദ്കർ, മൗലാനാ അബ്ദുൽ കലാം ആസാദ്, ഡോ. രജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, കാമരാജ്, അരുണ ആസഫലിയെന്ന സിപിഐ സഹയാത്രിക, ലതാമങ്കേഷ്കർ, സത്യജിത് റേ, സച്ചിൻ തെൻഡുൽക്കർ തുടങ്ങി അൻപതോളംപേർ ഭാരതരത്നയ്ക്ക് അർഹരായപ്പോഴും ആരും പരാതി പറഞ്ഞില്ല.

പക്ഷേ ഭാരതരത്ന‑പദ്മ പുരസ്കാരങ്ങൾ രാഷ്ട്രീയമായി കാവിവല്ക്കരിക്കുമ്പോഴാണ് കളി മാറുന്നത്. മോഡി ഭരണത്തിലോ ജനതാപരിവാർ ഭരണത്തിലോ മന്ത്രിയായിരുന്ന് മരിക്കുന്നത് മരണാനന്തരം പദ്മവിഭൂഷണ പുരസ്കാരത്തിനുള്ള ഒരു സർട്ടിഫിക്കറ്റായി മാറുന്ന ദുരന്തമാണ് ഇത്തവണ കണ്ടത്. പ്രതിരോധ മന്ത്രിയായിരിക്കെ ശവപ്പെട്ടി കുംഭകോണത്തിൽ കുടങ്ങിയ ജോർജ് ഫെർണാണ്ടസിന് ഇത്തവണ പത്മവിഭൂഷൺ. മുൻ കേന്ദ്ര മന്ത്രിമാരായിരുന്ന അന്തരിച്ച അരുൺ ജെയ്റ്റ്ലിക്കും സുഷമ സ്വരാജിനും കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെ കുതിരക്കച്ചവടത്തിലൂടെ ഗോവയിലിറക്കി ബിജെപി മുഖ്യമന്ത്രിയാക്കി മാറ്റിയ മനോഹർ പരീക്കർക്കും പത്മവിഭൂഷൺ നൽകി ആദരിച്ചതിൽ എന്തോ പന്തികേടില്ലേ? രാഷ്ട്രപതിയായി വിരമിച്ച കോൺഗ്രസിന്റെ ചാണക്യൻ പ്രണബ് മുഖർജി കേന്ദ്രത്തിൽ വഹിക്കാത്ത മന്ത്രിപദവികളില്ല. റെയ്സിനാ ഹിൽസിലെ രാഷ്ട്രപതി ഭവന്റെ ഒതുക്കുകളിറങ്ങുമ്പോൾ അദ്ദേഹം പത്മവിഭൂഷണനായിരുന്നു. പിന്നീട് നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്തുചെന്ന് പ്രണബ് സംഘപരിവാറിനെ പ്രകീർത്തിച്ച് കൊച്ചുവർത്തമാനം പറഞ്ഞപ്പോൾ മോഡി പറഞ്ഞു; ഇരിക്കട്ടെ ഒരു ഭാരതരത്നം. മണിയടിക്ക് ഒരു രത്നം! ഭാരതീയ ചലച്ചിത്രേതിഹാസമായിരുന്ന ഭൂപൻ ഹസാരികയ്ക്ക് മരണാനന്തരം ഭാരതരത്നം നല്കിയ ചടങ്ങിലായിരുന്നു വെടിമരുന്നിലെ തറച്ചക്രംപോലെ ഈ ഭാരതചക്ര പ്രയോഗം. ഇതെല്ലാം പറഞ്ഞുവന്നത് ഭാരതചക്രരത്നത്തിനർഹരായ താമരകൾ ആരും ഗൗനിക്കാതെ ചെളിക്കുണ്ടുകളിൽ ഇന്നലെകളിലെ ധീരതയുടെ ശോണമുദ്രകളായി വിടർന്നാടിനില്ക്കുന്നതു കാണുമ്പോഴാണ്. ആസാദി അഥവാ വിമോചനം എന്ന വാക്കുതന്നെ രാജ്യദ്രോഹമെന്നു പറയുന്ന മധ്യകാലത്തെ പൂച്ചസന്യാസി യോഗി ആദിത്യനാഥിന്റെ പാർട്ടി കാണാതെ പോകുന്ന വിപ്ലവപത്മങ്ങൾ.

റിപ്പബ്ലിക് ദിനത്തിന് ഒരു ദേശീയ ചാനലിൽ പ്രത്യക്ഷപ്പെട്ട 94കാരിയായ രമാ മേത്ത ഖണ്ഡ്വാലയും 92കാരിയായ ആശാസഹായിയും. സ്വപ്നങ്ങൾ നെയ്യുന്ന കൗമാരകാലത്ത് പതിനാറും പതിനേഴും വയസുള്ളപ്പോൾ ഇന്ത്യയുടെ മോചനത്തിനായി നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാവിഭാഗമായ ഝാൻസിറാണി റജിമെന്റിൽ അംഗങ്ങളായി ചേർന്നവർ. മയലാളിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ സഹസെെനികർ, സർവഐശ്വര്യങ്ങളും നിറഞ്ഞുതുളുമ്പിയ അതിസമ്പന്ന കുടുംബങ്ങളിൽ നിന്ന് എല്ലാം ഇ‍ട്ടെറിഞ്ഞ് സിംഗപ്പൂരിലും തായ്‌ലന്റിലും ബർമ്മയിലും ആയുധമെടുത്ത് അടരാടിയവർ, ചാനലിലെ അഭിമുഖത്തിൽ ആശാസഹായിയും രമാമേത്തയും ഓർമ്മിപ്പിച്ചു, ‘ജനനീ ജന്മഭൂമിശ്ച, സ്വർഗ്ഗാദപി ഗരീയസി’. സ്വർഗത്തെക്കാൾ വലുതാണ് ജന്മഭൂമിയെന്ന ബോധ്യത്തിൽ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും അസ്തിത്വത്തിനും വേണ്ടി ‘പണ്ട് തേർതെളിച്ച സുഭദ്ര’യുടെ പാരമ്പര്യം ഏറ്റുവാങ്ങി സായുധകലാപത്തിന്റെ ഇരമ്പം സൃഷ്ടിച്ചവർ, അവരെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാരതരത്നം നല്കി ആദരിക്കേണ്ടത് നമ്മുടെ കടമയല്ലേ എന്ന് ആരോട് ചോദിക്കാൻ?

വീരസവർക്കറെ ഭാരതരത്നത്തിന് താറുടുപ്പിച്ചു നിർത്തിയിരിക്കുമ്പോൾ രമാമേത്തയേയും ആശാ സഹായിയേയും പോകാൻ പറ. ചരിത്രം ത്രസിക്കുന്ന യർവാദ ജയിൽ ഓർമ്മയില്ലേ. നൂറുകണക്കിനു സ്വാതന്ത്ര്യ സമരസേനാനികളെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട്. അവരിൽ മിക്കവരും അജ്ഞാതർ, എന്നാൽ കഴുത്തിൽ കുരുക്കു മുറുകുമ്പോഴും കഴുമരങ്ങളെ പ്രകമ്പനം കൊള്ളിച്ച് ദേശസ്നേഹ മുദ്രാവാക്യങ്ങൾ മുഴക്കി മരണം വരിച്ചവരാണ് മൂന്ന് ഛപ്പേക്കർ സഹോദരന്മാർ. ജനങ്ങളെ പീഡിപ്പിക്കുന്നത് വിനോദമാക്കിയ ബ്രിട്ടീഷ് പട്ടാള മേധാവി സി റാൻഡ് എന്ന കിരാതനെ ഈ മൂന്നു സഹോദരന്മാർ ചേർന്ന് വെടിവച്ചുകൊന്നു. 1897ൽ നടന്ന ധീരോദാത്തമായ ഈ പോരാട്ടത്തിന് ഛപ്പേക്കർ സഹോദരന്മാരെ തൂക്കുമരമേറ്റുകയായിരുന്നു. ഭാരതരത്നത്തിന് സവർക്കറുടെ പേരുചികയുന്ന മോഡിയെന്തേ ഛപ്പേക്കർ സഹോദരന്മാരുടെ ചരിത്രം പരതുന്നില്ല. അതെങ്ങനെ പറ്റും. അവരുടെ അങ്കം ആസാദിയായിരുന്നില്ലേ. ആസാദി എന്ന ചോരചിന്തുന്ന, രോമഹർഷമുളവാക്കുന്ന വാക്കിന് അർത്ഥം യോഗി ആദിത്യനാഥിനും മോഡിക്കും അമിത്ഷായ്ക്കുമറിയില്ലല്ലോ. ‘ആടറിയുമോ അങ്ങാടി വാണിഭം’ എന്നല്ലേ ചൊല്ല്. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ അലയടിക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ സിപിഐയുടെ യുവ തീപ്പൊരിനേതാവ് കനയ്യകുമാറിലൂടെ ഇന്ത്യയിൽ യുവതയുടെ ഒരു താരോദയം ഉയർന്നുവന്നിരിക്കുന്നുവെന്നാണ് വിദേശമാധ്യമങ്ങളുടെ റിപ്പോർട്ട്. കനയ്യയുടെ ആസാദി മുദ്രാവാക്യങ്ങൾ യുവജനങ്ങൾ മാത്രമല്ല പോരാടുന്ന ആബാലവൃദ്ധവും നടപ്പാക്കുന്നുവെന്ന ആ വാർത്ത കേട്ടാൽ തികഞ്ഞ ഗോമൂത്രപാനിയായ യോഗി ആദിത്യനാഥിനെങ്ങനെ സഹിക്കും. കനയ്യയുടെ നാവടപ്പിക്കാൻ ആസാദി എന്ന വാക്ക് ഉച്ചരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാക്കും എന്നാണ് യോഗിയുടെ ഭീഷണി. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി ഭീഷണിപ്പെടുത്താൻ യോഗിയുടെ കിച്ചിപാപ്പയ്ക്കാവുമോ?

നാദസ്വരവിദ്വാൻ ഇരണിയൽ ചെല്ലപ്പയെ ഓലപ്പീപ്പി ഊതി തോല്പിച്ചുകളയാമെന്ന പോലുള്ള യോഗിയുടെ കിനാവ്. ഉലകിൽ വട്ടുകൾ വർധിച്ചാൽ എന്താ ചെയ്യുക. ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട് നമുക്ക് നന്ദി പറയാം. ഇത്രകാലവും പരിപാവനമായിരുന്ന നമ്മുടെ രാജ്ഭവൻ അയലത്തെ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും രാജ്ഭവനുകളെപ്പോലെ വ്യഭിചാര കേന്ദ്രങ്ങളാവാതെ നോക്കുന്നില്ലേ. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് എന്ന എൺപതുകാരൻ രാജ്ഭവനെ പെണ്ണരശു നിലയം ആക്കി മാറ്റിയെന്ന വാർത്ത വന്നത് അടുത്ത കാലത്താണ്. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ പല പാർട്ടികൾ ചാടിക്കടന്ന് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പുരോഹിതന് പെണ്ണുപിടിത്തം ഒരധിക യോഗ്യതയായി ബിജെപി കല്പിച്ചു നല്കിയിരിക്കുന്നു. കേന്ദ്രമന്ത്രിയും രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് എൻ ഡി തിവാരി ഈയിടെ ‘മയ്യത്തായി’ എന്ന വാർത്തയുണ്ടായിരുന്നു. തൊണ്ണൂറ്റിമൂന്നാം വയസിലെ ‘ക്രെയിൻ പ്രായ’ത്തിലും വിഷയാസക്തൻ. ഈ പ്രായത്തിൽ തിവാരിയുടെ ആന്ധ്രാ രാജ്ഭവൻ അഭിസാരികകളുടെ താവളമായിരുന്നു. ഒടുവിൽ മൂന്ന് ഗണികമാരുമായി സഹശയനം നടത്തുന്നതിനിടെ തിവാരി കയ്യോടെ പിടിയിൽ. രാജ്ഭവനിൽ നിന്ന് ഔട്ടുമായി. കുറഞ്ഞപക്ഷം നമ്മുടെ ഗവർണർ ആരിഫ് ഖാൻ അത്തരം കുന്നായ്മകളൊന്നും കാട്ടുന്നില്ലല്ലോ. പിന്നെ എല്ലാം താൻ അറിയുന്നവൻ, ഭരണഘടന അരച്ചുകലക്കി കുടിച്ചവൻ എന്നൊക്കെ അവകാശപ്പെടുന്നതു കണ്ട് ഗവർണറെ തിരിച്ചുവിളിക്കണമെന്നൊന്നും ശാഠ്യം പിടിക്കരുത്. രാജ്ഭവനിൽ വിദൂഷകവേഷങ്ങൾ പാടില്ലെന്ന് ഏത് ഭരണഘടനാ കിത്താബിലാണ് എഴുതിവച്ചിരിക്കുന്നത്. കൂത്തു നടത്തുന്ന ചാക്യാരെപ്പോലെ നമുക്കും വേണ്ടേ ഒരു ഗവർണർ ചാക്യാർ.

Eng­lish sum­ma­ry: It is home to a lot of his­to­ry-tinged lilies