Web Desk

ന്യൂഡൽഹി

June 11, 2021, 9:58 pm

യുവജനങ്ങൾക്ക് വാക്സിനില്ല; ഇന്ത്യയിലെ വാക്സിൻ യജ്ഞം താളംതെറ്റുന്നു

Janayugom Online

വാക്സിൻ യജ്ഞം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് വാക്സിന്‍ കിട്ടാക്കനിയാണെന്ന് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെയാണ് ലോകത്തു തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്ന വാക്സിൻ യജ്ഞത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള കോവിഡ് മുൻനിരപ്പോരാളികളെയാണ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഏപ്രിലിൽ 45 വയസിനു മുകളിലുള്ള പൗരന്മാരെയും മെയിൽ 18 മുതൽ 44 പ്രായപരിധിയ്ക്കുള്ളിലുള്ളവരെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. എന്നാൽ മൂന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന 60 കോടി യുവജനങ്ങൾക്ക് വാക്സിൻ നൽകുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണെന്നും ഇത് വാക്സിൻ യജ്ഞത്തിന്റെ താളം തെറ്റിച്ചുവെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 43 ശതമാനമാണ് (60 കോടി) ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിലിൽ ഇന്ത്യയിലെ കേസുകളിൽ ക്രമാതീതമായ വർധനവ് ഉണ്ടായതോടെ മെയ് ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 18 മുതൽ 45 പ്രായപരിധിയിലുള്ളവരെയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിനെ തുടർന്ന് വാക്സിൻ രജിസ്ട്രേഷനായുള്ള കോവിൻ വെബ്സൈറ്റിൽ വലിയ തിരക്കും അനുഭവപ്പെട്ടു. എന്നിരുന്നാലും ഇന്ത്യയിലെ വാക്സിൻ വിതരണത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ജൂൺ നാലുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് ഇതുവരെ അഞ്ച് കോടി ജനങ്ങൾക്ക് മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിരിക്കുന്നത്. ഇതിൽ എട്ട് ശതമാനം മാത്രമാണ് 18 മുതൽ 44 വയസുവരെയുള്ളവർ.രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ഒരേ വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതും വാക്സിൻ യജ്ഞത്തിൽ പ്രതിസന്ധി വർധിപ്പിച്ചു. 

നഗരങ്ങളിൽ താമസിക്കുന്നവർക്ക് ഗ്രാമീണരെക്കാൾ വേഗത്തിൽ വാക്സിൻ ലഭിച്ചു. സ്വകാര്യ ആശുപത്രികളിലെ വില താങ്ങാൻ കഴിയാത്തതിനാൽ ഗ്രാമീണ മേഖലയിലെ വലിയൊരു വിഭാഗത്തിനും വാക്സിൻ കിട്ടാക്കനിയായി.
ഈ മാസം മുതൽ വാക്സിൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിച്ച് ഡിസംബറോടെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ പോലും 18–45 വയസ് പ്രായപരിധിയിലുള്ളവരുടെ ഊഴം അവസാനമായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കേസുകൾ കുറഞ്ഞതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെന്നും എന്നാൽ വീണ്ടും തുറന്നിട്ടാൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ ഇനിയൊരു അപകടഘട്ടം ഉണ്ടാകാതിരിക്കാൻ കൂടുതൽ പേർക്ക് വാക്സിൻ നൽകുക എന്നതാണ് മാർഗമെന്നും അവർ പറയുന്നു.
ജൂൺ എട്ടുവരെ മുതിർന്ന ജനസംഖ്യയുടെ നാലുശതമാനം ആളുകൾക്ക് മാത്രമാണ് വാക്സിന്റെ രണ്ടു ഡോസും നൽകിയിരിക്കുന്നത്. 14 ശതമാനം പേർക്ക് ഒരു ഡോസ് ലഭിച്ചു. എന്നാൽ 18–45 വയസ് പ്രായപരിധിയിലുള്ളവരിൽ പത്തിലൊന്നിൽ താഴെ മാത്രമാണ് വാക്സിൻ നൽകിയിരിക്കുന്നത്.
eng­lish summary;it is report­ed that young peo­ple in India are not get­ting vaccinated
you may also like this video;