ശോഭാ സുരേന്ദ്രന്‍റേത് ചീപ്പ് പബ്ലിസിറ്റിയെന്ന് ഹൈക്കോടതി

Web Desk

കൊച്ചി

Posted on December 04, 2018, 5:26 pm

ശബരിമല വിഷയത്തില്‍ പൊലീസ് ഇടപെടലുകളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന് 25,000 രൂപ പിഴ. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി താക്കീത് നല്‍കി. ഹര്‍ജി ദുരുദ്ദേശപരമാണെന്നും കോടതിക്ക് അനുവദിക്കാവുന്ന കാര്യങ്ങളല്ല ഹര്‍ജിയില്‍ ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

മാപ്പുപറഞ്ഞ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു. അതേസമയം, ഹര്‍ജിക്കാരി എവിടെയും പരാതി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. താന്‍ പിഴ അടക്കില്ലെന്നും ഹൈക്കോടതിക്കും മുകളില്‍ കോടതിയുണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭാ സുരേന്ദ്രന്‍റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. ഹര്‍ജിക്കാരിയുടേത് ദോഷകരമായ വ്യവഹാരമാണ്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുത്. പരീക്ഷണ വ്യവഹാരവുമായി വരേണ്ട സ്ഥലമല്ല ഇതെന്നും കോടതി ശാസിച്ചു. നീതിപീഠത്തെ ദുരുപയോഗം ചെയ്തതിന് മാപ്പു പറഞ്ഞതുകൊണ്ടായില്ലെന്നു വ്യക്തമാക്കിയ കോടതി പിഴയടയ്ക്കണമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു.

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷമുണ്ടായ ശബരിമലയിലെ പൊലീസ് നടപടികള്‍ക്കെതിരെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പൊലീസ് അറസ്റ്റു ചെയ്ത ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.