പരശുറാം എക്‌സ്പ്രസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടന്നതായി സംശയം

Web Desk
Posted on December 23, 2019, 10:52 am

വടകര: കോഴിക്കോട് അയനിക്കാടില്‍ പരശുറാം എക്‌സ്പ്രസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടന്നതായി സംശയം. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റിന്റെ പരാതിയെ തുടർന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പയ്യോളിയ്ക്കടുത്ത് അയനിക്കാട് മേഖലയിൽ റെയില്‍പ്പാളത്തിലെ കോണ്‍ക്രീറ്റ് സ്ളാബുകളില്‍ ഉറപ്പിക്കുന്ന ഇരുപതോളം ക്ലിപ്പുകള്‍ മാറ്റിയ നിലയിൽ കണ്ടെത്തിയത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിവച്ചിരുന്നു. ഏറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ ഇത്തരത്തില്‍ ക്ലിപ്പുകള്‍ വേര്‍പെടുത്താനാവുകയുള്ളു, ഇതാണ് അട്ടിമറി ലക്ഷ്യം വച്ചുള്ള ഗൂഢശ്രമം സംഭവത്തിനു പിന്നിലുള്ളതായി റെയില്‍വേ സംശയിക്കുന്നത്.

you may also like this video;

എന്നാല്‍ ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശനിയാഴ്ചയാണ് സംഭവം. പരശുറാം എക്സ്പ്രസ് കടന്ന് പോകവെ ട്രെയില്‍ പതിവിന് വിപരീതമായി ആടിയുലയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പാളത്തില്‍ അപാകതയുള്ളതായി ലോക്കോ പൈലറ്റിന് ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് വടകര സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവം രേഖാമൂലം റിപ്പോര്‍ട്ട് ചെയ്തതിനുശേഷമാണ് യാത്ര തുടര്‍ന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയച്ചാണ് ലോക്കോ പൈലറ്റ് തുടര്‍ന്നുള്ള യാത്ര നടത്തിയത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൗരത്വനിയമ പ്രതിഷേധങ്ങള്‍ വ്യാപിക്കുമ്പോള്‍ ഉണ്ടായ അട്ടിമറിശ്രമം അതീവ ഗൗരവമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.