February 4, 2023 Saturday

നടപടികൾക്ക് നേരം അതിക്രമിക്കുന്നു

ബിനോയ് വിശ്വം
April 18, 2020 3:00 am

ഗൾഫിൽ നിന്ന് ഞങ്ങൾക്കെല്ലാം വരുന്ന വിളികൾ ആശങ്ക നിറഞ്ഞവയാണ്. അങ്ങനെ നോക്കുമ്പോൾ ഗൾഫ് മാത്രമല്ല യൂറോപ്പും അമേരിക്കയും ആഫിക്കൻ രാജ്യങ്ങളും കരീബിയൻ തുരുത്തുകളും എല്ലാം ഒരു പോലെയാണ്. കോവിഡ് 19 അവിടങ്ങളെയെല്ലാം ദുരിതങ്ങളുടെ വിളനിലമാക്കിയിരിക്കുന്നു. മലയാളി എത്താത്ത ഒരു കോണും ഭൂമിയിൽ ഇല്ലാത്തതു കൊണ്ട് അവിടെ നിന്നെല്ലാം വരുന്ന വിളികളിലും ആശങ്കയാണ് നിറയുന്നത്. ഗൾഫിനെ വ്യത്യസ്തമാക്കുന്നത് അവിടെ നടന്ന ഇന്ത്യൻ കുടിയേറ്റത്തിന്റെ സാന്ദ്രതയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ ആ ചെറു ഭൂഭാഗത്ത് (സൗദി അറേബ്യ ഒഴിച്ചാൽ ബാക്കിയുള്ളവയെല്ലാം എത്രയോ ചെറുതാണ്) എട്ട് ദശലക്ഷം ഇന്ത്യൻ കുടിയേറ്റക്കാരാണ് ജോലി ചെയ്യുന്നത്. അതിൽ 2.1ദശലക്ഷം കേരളീയർ. അതു കൊണ്ട് തന്നെ കേരളത്തിന്റെ ജീവിതത്തിൽ ഗൾഫ് ഒഴിച്ചുനിർത്താനാകാത്ത സ്വാധീനമാണ്. അവിടുത്തെ ഉയർച്ച — താഴ്ച്ചകൾ, സന്താപങ്ങളും സന്തോഷങ്ങളും ഇവിടെ അലയടിക്കും. കുവൈറ്റ് യുദ്ധവും നിതാഖത്തും മറ്റുമുണ്ടായപ്പോൾ ഈ ആശങ്ക കേരളം ഏറ്റുവാങ്ങിയതാണ്. ഇതു പക്ഷേ അതിനേക്കാളെല്ലാം ദയനീയമായ സ്ഥിതിയാണ്. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പടർന്നു പിടിക്കുന്ന മഹാമാരി ഒരു വശത്ത്. അതിനെ നേരിടാനായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ അഥവാ അടച്ചു പൂട്ടൽ മറു ഭാഗത്ത്. പുക നിറഞ്ഞ ഒരു കുടുസുമുറിയിൽ അടച്ചു പൂട്ടപ്പെട്ടതു പോലെ ലക്ഷക്കണക്കിന് മനുഷ്യ ജീവിതങ്ങൾ, ഈ വ്യഥയുടെ വേളയിൽ അവർ മാറി മാറി ഞങ്ങളെയെല്ലാം വിളിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവരെയല്ലാതെ മറ്റാരെയാണ് അവർക്ക് വിളിക്കാനുള്ളത്. പദവികളുടേയും അധികാരസ്ഥാനങ്ങളുടേയും പരിമിതി തിരിച്ചറിയപ്പെടുന്ന സന്ദർഭമാണിത്.

പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും ഓഫീസുകളിൽ ഞങ്ങൾ ‑എല്ലാ പാർട്ടികളിലുംപെട്ട എംപിമാർ പലപ്പോഴായി എഴുതിയ കത്തുകൾ ഇപ്പോൾ കുമിഞ്ഞു കൂടിയിട്ടുണ്ടാകും. അവയ്ക്കെല്ലാം പുറമേ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കത്തുകളിലൂടെയും വീഡിയോ ചർച്ചയിലുമെല്ലാം പ്രവാസികളുടെ കാര്യം എല്ലാ ഗൗരവത്തോടും കൂടി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. അവരെല്ലാം ജീവിതം തേടി അങ്ങോട്ടു പോയവരാണ്. അവർ വിയർപ്പൊഴുക്കിയത് പക്ഷേ കുടുംബത്തിനു വേണ്ടി മാത്രമല്ല. അവരുടെ വിയർപ്പിന്റെ കൂടി വിലയിലാണ് കേരളം വളർന്നത്. അവരാണ് ഇപ്പോൾ സ്വന്തം നാടിനെ നോക്കി രക്ഷയ്ക്ക് വേണ്ടി കൈകാൽ നീട്ടുന്നത്. ഗവൺമെന്റുകൾക്ക് തരണം ചെയ്യാൻ ഒട്ടും എളുപ്പമല്ലാത്ത സ്ഥിതിവിശേഷം തന്നെയാണിത് എങ്കിലും അസാധാരണമായ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ അസാധാരണമായ സാദ്ധ്യതകളെ കുറിച്ച് ഗവൺമെൻറുകൾ ചിന്തിക്കേണ്ട സന്ദർഭമാണിത്. എണ്ണത്തിൽ വളരെ വലുതായ സ്വന്തം ജനതയുടെ രക്ഷയ്ക്കായി കേന്ദ്ര‑സംസ്ഥാന ഗവൺമെൻറുകൾ കൂട്ടായി മാർഗ്ഗങ്ങൾ ആരായേണ്ടത് ഇത്തരം സന്ദർഭത്തിലാണ്. അതിവിപുലമായ ക്വാറന്റൈൻ മുന്നൊരുക്കങ്ങൾ അതിൽ പ്രധാനമാണ്. ഒഴിച്ചു കൊണ്ടുപോരാൻ ആവശ്യമായ വിമാനങ്ങളും അവയുടെ അണു മുക്തീകരണവും അനുമതിയും തുടങ്ങിയ കടമ്പകളേറെയുണ്ട്. അടിയന്തര പ്രാധാന്യത്തോടു കൂടി അവയെല്ലാം കൈകാര്യം ചെയ്യാൻ കെല്പുള്ള ഒരു കർമ്മസംഘത്തെ ഗവൺമെൻറുകൾ ഇതിനായി നിയോഗിക്കണം.

ഇതിനിടയിലും ഇതു കഴിഞ്ഞും സർക്കാരുകളുടെ ശ്രദ്ധ പതിയേണ്ട ലക്ഷങ്ങൾ അവിടെയുണ്ടെന്ന കാര്യം മറക്കാൻ പാടില്ല. അവരുടെ സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് ഇന്ത്യാ ഗവൺമെന്റിനെ അറിയിക്കലും പരിഹാരം കണ്ടെത്തലുമാണ് ഇന്ത്യൻ എംബസികളുടെ ചുമതല. ഇതുവരെയുള്ള അനുഭവം വച്ച് നോക്കുമ്പോൾ അക്കാര്യത്തിൽ അവ പരാജയപ്പെട്ടിരിക്കുന്നു. ഭയാനകമാണ് ഗൾഫിലെ ലേബർ ക്യാമ്പുകളുടെ സ്ഥിതി. ക്യാമ്പുകൾക്ക് പുറത്തുള്ള കൊച്ചു താമസ സ്ഥലങ്ങളിലും സ്ഥിതി അങ്ങനെ തന്നെ. ആ വാസസ്ഥലങ്ങൾക്ക് ഉൾക്കൊള്ളാനാവുന്നതിന്റെ ആറും ഏഴും മടങ്ങ് അധികം ആളുകളാണ് ഓരോ സ്ഥലത്തും. ലോക്ഡൗണിന് മുമ്പ് രണ്ടോ മൂന്നോ ഷിഫ്റ്റ് അനുസരിച്ച് കിടപ്പിടങ്ങളിലെ ശ്വാസം മുട്ടൽ കുറഞ്ഞിരിക്കും. ഇപ്പോളവരെല്ലാം തട്ട് തട്ടുകളായി ഒരുക്കിയിരിക്കുന്ന കിടപ്പ് സ്ഥലങ്ങളിൽ അടിഞ്ഞുകൂടുവാൻ നിർബന്ധിതരായി. ഒരിടത്തും ആവശ്യത്തിന് കക്കൂസുകളോ കുളിമുറികളോ ഇല്ല. വ്യാപകമായി കൊറോണ ഭീതി പരത്തുമ്പോഴും പരിശോധനയ്ക്കോ ചികിത്സയ്ക്കോ ആശ്രയിക്കാൻ അവർക്ക് ആരുമില്ല. സ്പോൺസർമാരോ സന്നദ്ധ സംഘടനകളോ എത്തിക്കുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ശ്വാസംമുട്ടൽ, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്ന പതിനായിരങ്ങൾ അവർക്കിടയിലുണ്ട്. പുതിയ സാഹചര്യങ്ങളിൽ അവരിൽ പലരും ഡിപ്രഷനും മറ്റു മനോവിഭ്രാന്തികൾക്കും അടിപ്പെട്ടു കഴിഞ്ഞതായി ചില ഫോൺ കോളുകൾ തന്നെ സൂചിപ്പിക്കുന്നു. ഇതെല്ലാം സംഭവങ്ങളുടെ ഗുരുതര സ്ഥിതി വർദ്ധിപ്പിക്കുകയാണ്. ഇത്തരം എല്ലാ ആപത്ഘട്ടങ്ങളിലും സംഭവിക്കാറുള്ളതു പോലെ പ്രവാസികളിലെ ഏറ്റവും പാവപ്പെട്ടവരാണ് ദുരിതങ്ങളുടെ ഏറ്റവും ഭാരം പേറുന്നവർ.

നിസ്സഹായതയുടെ കൊടുമുടിയിൽ നില്ക്കുമ്പോൾ, തങ്ങളെ സഹായിക്കേണ്ടവർ തങ്ങൾക്കൊപ്പമില്ല എന്ന് ചിന്തിച്ച് പോയാൽ പോലും അവരെ കുറ്റപ്പെടുത്തിക്കൂടാ. സ്നേഹം മാത്രം മുഴങ്ങിയിരുന്ന അവരുടെ ഫോൺ കോളുകളിൽ ഇപ്പോൾ ഗതിയില്ലായ്മയുടേയും പരിഭവത്തിന്റേയും സ്വരമാണ് മുഴങ്ങുന്നത്. ഗവൺമെൻറും വിദേശകാര്യ വകുപ്പും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന എംബസികളും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടാൻ ഒരു നിമിഷം വൈകാൻ പാടില്ല. നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കാനുള്ള ഫണ്ടുകൾ എല്ലാ എംബസികളിലും ഉണ്ടാകും. അതിന്റെ വിനിയോഗം ഇത്തരം ഘട്ടങ്ങളിലല്ലെങ്കിൽ എപ്പോൾ നടത്താമെന്നാണ് എംബസി തലവന്മാർ ചിന്തിക്കുന്നത്? ആ ഫണ്ട് അപര്യാപ്തമാണെങ്കിൽ ആവശ്യമായ തുക സർക്കാർ അടിയന്തരമായി അനുവദിക്കണം. ഗൾഫിൽ അടഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾ നിരവധി ഉണ്ട്. അവയെല്ലാം ലേബർ ക്യാമ്പുകളിൽ ശ്വാസം മുട്ടി കഴിയുന്ന പ്രവാസികളെ സുരക്ഷിതമായി താമസിപ്പിക്കാൻ ഉപയോഗപ്പെടുത്തണം. എല്ലാ നിലവാരത്തിലുമുള്ള ക്വാറന്റൈൻ ആവശ്യങ്ങൾക്കും വിശാലമായ സ്കൂൾ കെട്ടിടങ്ങളിൽ സ്ഥലമുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളാണിവ. ഞാൻ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (യുഡിഎച്ച്ആര്‍) വീണ്ടും വായിച്ചു നോക്കി.

അതിലെ തത്വങ്ങൾ പ്രകാരം തങ്ങൾക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഗൾഫിലെ ഇന്ത്യക്കാർക്ക് ചിന്തിക്കാൻ അവകാശമുണ്ട്. “ഇന്റർ നാഷണൽ കൺവൻഷൻ ഓൺ സിവിൽ ആൻറ് പൊളിറ്റിക്കൽ റൈറ്റ്സ്” പ്രകാരവും പ്രവാസികൾക്കുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. കോൺസുലർ ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവൻഷനിലും ഇത്തരം സന്ദർഭങ്ങളിൽ എംബസികളുടെ സാദ്ധ്യതകൾ വിവരിക്കുന്നുണ്ട്. കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമാണല്ലോ. അതിന്റെ 61-ാം വകുപ്പ് വിവേചനങ്ങൾ വിലക്കുന്നതാണ്. ലോകത്ത് പല ഭാഗത്തും നടന്ന രക്ഷാദൗത്യങ്ങളുമായി ബന്ധപ്പെടുത്തി തങ്ങൾ വിവേചനത്തിന് വിധേയരാവുകയാണെന്ന് നിരാശയുടെ മുൾമുനയിൽ നില്ക്കുന്ന ഒരു പ്രവാസി ചിന്തിച്ചു പോയാൽ. …? ഭരണഘടനയുടെ 14-ാം അനുഛേദം തങ്ങൾക്ക് ബാധകമല്ലേയെന്ന ചോദ്യമുണ്ടായാൽ കോടതികൾ എന്തുത്തരം പറയും? എംബസികളുടേയും അവരെ നിയന്ത്രിക്കുന്ന ഗവൺമെന്റിന്റേയും മുമ്പിൽ തങ്ങളുടെ ദയനീയ സ്ഥിതി അറിയിക്കണം എന്നു വീണ്ടും വീണ്ടും വിളിച്ചു പറയുന്ന നമ്മുടെ നാട്ടുകാരെ ആശ്വസിപ്പിക്കാൻ ഞങ്ങളുടെയെല്ലാം സാന്ത്വന വാക്കുകൾ മതിയാവാത്ത ഘട്ടം എത്തിയിരിക്കുന്നു. എന്ത് നടപടികളാണ് അവർ ആവശ്യപ്പെടുന്നത്. അതിന്റെ വഴികളാണ് ഇനി ആരായേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.