റെജി കുര്യന്‍

ന്യൂഡല്‍ഹി

January 31, 2020, 9:00 am

അസംഘടിത മേഖലയും നികുതി പരിധിയിലേക്ക്

Janayugom Online

സാമ്പത്തികമാന്ദ്യം മറികടക്കുന്നതിനായി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റില്‍ അസംഘടിത മേഖലയെക്കൂടി നികുതി പരിധിയില്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശമുണ്ടായേക്കും. രാജ്യത്തിന്റെ സമ്പദ്ഘടന അതീവ ഗുരുതരാവസ്ഥയിലെന്നാണ് വിലയിരുത്തല്‍. ചെറുകിട കച്ചവടക്കാരെക്കൂടി നികുതി പരിധിയില്‍ എത്തിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായേക്കുമെന്നാണ് സൂചനകൾ പുറത്തുവരുന്നത്. നിലവില്‍ ബില്ലില്ലാതെ കച്ചവടം നടത്തുന്ന ചെറുകിടക്കാരെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനായി പേമെന്റ് ആപ്പുകള്‍ വഴി ഇത്തരം കടകളിലേക്കോ സ്ഥാപനങ്ങളിലേക്കോ പണമടയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചാല്‍ ഇവരുടെ ടേണോവര്‍ സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാരിന് വേഗത്തില്‍ അറിയാനും നിശ്ചിത പരിധിക്ക് മുകളിലുള്ളവരെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാരിനു കഴിയും. പേമെന്റ് ആപ്പുകള്‍ വഴിയുണ്ടാകുന്ന സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ളവ കുറെക്കാലത്തേക്കെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത് ഇത്തരം പേമെന്റുകള്‍ പ്രോല്‍സാഹിപ്പിക്കാനും അതിലൂടെ നേരിട്ടുള്ള പണമിടപാട് തടഞ്ഞ് നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകും.

രാജ്യത്തെ സമ്പദ്ഘടന അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നോട്ടു നിരോധനത്തിനുശേഷം തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയ്ക്ക് അതില്‍നിന്നും ഇനിയും കരകയറാനായില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സര്‍ക്കാര്‍ 25000 കോടി രൂപ നിക്ഷേപം നടത്തിയെങ്കിലും ആ മേഖലയില്‍ ഉണര്‍വ്വുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനംകൊണ്ട് കഴിഞ്ഞില്ല. കഴിഞ്ഞ ബജറ്റില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായി 70000 കോടി രൂപ വകയിരുത്തിയെങ്കിലും ബാങ്കിങ് മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ ആ തീരുമാനത്തിനു സാധിക്കാതെപോയി. ബാങ്കുകളുടെ ലയനത്തിനപ്പുറം കാര്യമായ പുരോഗതി ആ മേഖലയിലും ഉണ്ടായില്ല. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികള്‍ പലതും സാമ്പത്തിക ഞെരുക്കം മൂലം നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കാന്‍ തുക ഇല്ലാതായതോടെ നിര്‍മ്മാണ മേഖലയില്‍ കരാര്‍ ലഭിച്ച പലര്‍ക്കും സമയത്തു ബില്ലുകള്‍ പാസ്സായി കിട്ടാത്തതുമൂലം നിര്‍മ്മാണ മേഖലയിലും തൊഴില്‍ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഇതു മനസ്സിലാക്കി കൂടുതല്‍ തുക ചിലവഴിക്കാന്‍ അടുത്തിടെ നീക്കം ഉണ്ടായെങ്കിലും ഉദ്ദേശിച്ച മെച്ചം ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും വീടെന്ന ആശയത്തിനായി കൊണ്ടുവന്ന പ്രധാനമന്ത്രി ആവാസ് യോജന, എല്ലാ വീടുകളിലും ഗ്യാസെത്തിക്കുന്ന ഉജ്ജ്വല യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ പദ്ധതികള്‍ക്കും പണമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നടപ്പാക്കുന്ന പല പദ്ധതികളിലെയും കേന്ദ്ര വിഹിതം മുടങ്ങുന്നത് സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ വര്‍ദ്ധിക്കാനും ഇടയാക്കി. ജിഎസ്‌ടി സംബന്ധിച്ച് ഇനിയും കൃത്യത വന്നിട്ടില്ല. ജിഎസ്‌ടി വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജിഎസ്‌ടി നടപ്പാക്കിയതുമൂലം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഹിതം നല്‍കാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്.

Eng­lish Sum­ma­ry: It may be pro­posed that the unor­ga­nized sec­tor be taxed

You may also like this video