സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ഓഫീസ്കിറ്റ് എച്ആർ എന്ന ഐടി കമ്പനിയ്ക്ക് 1 മില്യൺ അമേരിക്കൻ ഡോളർ സാമ്പത്തിക സഹായം ലഭിച്ചു. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായുള്ള എക്സ്പെർട്ട് ഡോ ജോ വെഞ്ച്വർ ഫണ്ടിൽ നിന്നാണ് ഓഫീസ്കിറ്റിന് സീഡിംഗ് സഹായം ലഭിച്ചത്. മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. വിവിധ രാജ്യങ്ങളും വിവിധ കറൻസികളും കൈകാര്യം ചെയ്യാവുന്ന ശേഷി ഇവർക്കുണ്ട്. 15 രാജ്യങ്ങളിലായി വിവിധ കമ്പനികളിലെ 18,000 ജീവനക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ഓഫീസ്കിറ്റാണ്. മുഹമ്മദ് ഫൈസാൻ ലങ്ക, ഹാരിസ് പിടി എന്നിവർ ചേർന്ന് 2016 ലാണ് ഓഫീസ്കിറ്റിന് രൂപം നൽകിയത്. രണ്ട് ദശാബ്ദക്കാലം വിവിധ ഐടി കമ്പനികളിൽ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് ഇവർ ഈ ഉദ്യമം ആരംഭിച്ചത്. ഓഫീസ്കിറ്റ് എച് ആർ ഉപദേശകൻ ശ്വേതൾ കുമാർ ചർച്ചകൾക്ക് നേതൃത്വം നൽകി.