ക്ലാസ് റൂമിനേക്കാൾ സ്വീകാര്യതയേറി ഓൺലൈൻ പഠനം

ഷാജി ഇടപ്പള്ളി

കൊച്ചി

Posted on July 31, 2020, 10:06 pm

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ പകച്ചു നിൽക്കാതെ സംസ്ഥാനത്ത് 2020–21 സ്കൂൾ അധ്യയന വർഷം ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ്സുകളായി ആരംഭിച്ചതോടെ കൂടുതൽ പകിട്ടോടെ പൊതുവിദ്യാഭ്യാസത്തിന് പ്രസക്തിയേറി.

ഓൺലൈൻ പഠനം രണ്ടുമാസം പിന്നിട്ടതോടെ സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയോടെ കേരളം ഏറ്റെടുത്ത ഒരു വലിയസാമൂഹ്യ വിപ്ലവമായി ഇത് ചരിത്രം കുറിക്കുകയാണ്. പരീക്ഷണ അടിസ്ഥാനത്തിലാണ് ജൂൺ ഒന്നുമുതൽ ഒരാഴ്ച പഠനം തുടർന്നത്. അപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് കേരളത്തിൽ ഈ പഠന രീതിക്ക് ലഭിച്ചത്. സ്കൂൾ അധ്യയന വർഷം ആരംഭിക്കാനാവാത്ത പ്രതിസന്ധി ഘട്ടത്തിലാണ് കുട്ടികളുടെ പഠന പ്രക്രിയക്ക് തടസമില്ലാതിരിക്കാൻ ക്ലാസ്സ് റൂം പഠന രീതിക്ക് ബദലും സമാന്തരമോ അല്ലാതെ ഓൺലൈൻ പഠന രീതിക്ക് തുടക്കം കുറിച്ചത്.

പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ശാരീരിക സാന്നിധ്യമില്ലാതെയുള്ള പഠന ശൈലി എത്രത്തോളം വിജയമാകുമെന്ന ആശങ്കകളായിരുന്നു തുടക്കത്തിൽ വിദ്യാഭ്യാസ വകുപ്പിനുമുണ്ടായിരുന്നത്. എന്നാൽ വിദ്യാർത്ഥികളിൽ ക്ലാസ് റൂം പഠനത്തേക്കാൾ സ്വീകാര്യതയും ഉൾക്കൊള്ളാനുള്ള കഴിവും ഈ ഓൺലൈൻ പഠന രീതിക്ക് ലഭിച്ചത് അന്താരാഷ്ട്ര തലത്തിൽപോലും ശ്രദ്ധിക്കപ്പെട്ടു. ഉന്നത നിലവാരമുള്ള ക്ലാസുകൾ വിദ്യാർത്ഥികളേക്കാൾ രക്ഷിതാക്കളെയാണ് ഏറെ ആകർഷിച്ചത്. അതുമൂലം കുട്ടികൾക്ക് വീണ്ടും പറഞ്ഞുകൊടുക്കാൻ സഹായകവുമായി. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് സാധാരണ ക്ലാസുകൾ എടുക്കുമ്പോൾ അധ്യാപകർ ഒരുപാട്പ്രയാസം നേരിടാറുണ്ട്. എന്നാൽ ഓൺലൈൻ ക്ലാസുകൾ ഇത്തരം കുട്ടികളാണ് എളുപ്പത്തിൽ മനസിലാക്കുന്നത്. അധ്യാപകർക്ക് കുട്ടികളെ നേരിൽ കണ്ട് അവരുടെ നിലവാരം മനസിലാക്കി തിരുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പരിമിതികളുമുണ്ട്. പക്ഷെ, കുട്ടികൾക്ക് ഒരു അധ്യാപകന്റെ സാന്നിധ്യം കൂടെയുണ്ടെന്ന തോന്നൽ ഉളവാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അതെല്ലാം മറികടന്ന് ഒരുപാട് മുന്നോട്ടുപോകാൻ വിദ്യാഭ്യാസ വകുപ്പിനും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ടെന്ന് എകെഎസ്|ടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ജനയുഗത്തോട് പറഞ്ഞു.

you may also like this video