കൊറോണ രോഗാതുരത സൃഷ്ടിച്ച ഒറ്റപ്പെട്ട ലോകവുമായി ഇറ്റലിയിലെ ജനങ്ങൾ പൊരുത്തപ്പെടാൻ തുടങ്ങി. ഇന്നലെ മുതലാണ് രാജ്യത്ത് പൂർണമായും ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഇറ്റാലിയൻ സർക്കാർ ഏർപ്പെടുത്തിയത്. ഞാൻ വീട്ടിൽ തന്നെ തങ്ങും ( ഐ ആം അറ്റ് ഹോം) എന്ന സർക്കാർ നിർദ്ദേശം ഇറ്റലിയിലെ ജനങ്ങൾ അക്ഷരാർഥത്തിൽ പാലിക്കുന്നുവെന്നാണ് വിവിധ നഗരങ്ങളിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. തെരുവുകൾ, വ്യാപാര കേന്ദ്രങ്ങൾ, തിരക്കേറിയ നഗര ചത്വരങ്ങൾ, കഫെകൾ എല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഫ്ലോറൻസിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ പിസാ ഡെൽ ഡ്യുോമോ ( ആംഗലേയ ഭാഷയിൽ ഇത് കത്തീഡ്രൽ സ്ക്വയർ) ഇന്നലെ ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. ദിനംപ്രതി പതിനായിരക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണ് പിസാ ഡെൽ ഡ്യുോമോയിൽ എത്തിയിരുന്നത്.
റോമിലെ വാണിജ്യ സാംസ്കാരിക കേന്ദ്രമായ പിസാ വെനീഷ്യയുടെ അവസ്ഥയും ഇതുതന്നെയാണ്. വിനോദസഞ്ചാരികൾക്കായി ആയിരക്കണക്കിന് ടാക്സികളാണ് പിസ വെനീഷ്യയിലുള്ളത്. ഇന്നലെ രാവിലെ തിരക്കേറിയ ട്രജൻ കോളത്തിൽ കേവലം രണ്ട് ടാക്സികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടും ഒരാളും തന്നെ ടാക്സിക്കായി സമീപിച്ചില്ലെന്ന് 48 കാരനായ ടാക്സി ഡ്രൈവർ ആൻഡ്രിയ പറയുന്നു. തന്റെ കുടുംബം പോറ്റുന്ന മാർഗം കുറച്ചുകാലത്തേയ്ക്കെങ്കിലും അടഞ്ഞുവെന്നാണ് മാസ്ക് ധരിച്ച ആൻഡ്രിയ പറയുന്നത്. സർക്കാർ ഏർപ്പെടുത്തിയ യാത്രാനിരോധനമാണ് പ്രദേശത്തെ ജനങ്ങളെ മാനസികമായി തളർത്തുന്നത്. ഇതുമായി മാത്രം ഇനിയും പൊരുത്തപ്പെടാൻ ഇറ്റലിയിലെ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും തിക്കേറിയ റോമിലെ ചരിത്രപ്രസിദ്ധമായ ക്രിസ്റ്റഫറോ കൊളൊംബോയിൽ നിന്നും ഒസ്റ്റിയയിലേക്കുള്ള റോഡിൽ വാഹനങ്ങൾ ഇന്നലെ തുലോം കുറവായിരുന്നു.
വാഹനത്തിൽ എത്തിയ യാത്രക്കാരെ പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുന്ന കാഴ്ച്ചയാണ് ഇന്നലെ ഉണ്ടായിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇറ്റലിയിലെ ജനങ്ങൾക്ക് ആദ്യം ഒരു ആഘാതമായിരുന്നുവെന്ന് ഇറ്റാലിയൻ ദിനപത്രമായ ലാ റിപ്പബ്ലിക്ക ( ദി റിപ്പബ്ലിക്) റിപ്പോർട്ട് ചെയ്യുന്നു. പുർണമായ ഉപരോധ സമാനമായ തീരുമാനം വന്ന ഉടനെ ജനങ്ങൾ ആവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കായിരുന്നു തിങ്കളാഴ്ച്ച രാത്രി. എന്നാൽ ഇന്നലെ പുതിയ നിയന്ത്രണങ്ങളുമായി ഭൂരിഭാഗം ജനങ്ങളും പൊരുത്തപ്പെട്ടുവെന്നാണ് വിവിധ നഗരങ്ങളിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. റോം, നേപ്പിൾസ് എന്നിവിടങ്ങിലെ സുപ്പർ മാർക്കറ്റുകളിൽ നീണ്ട നിരകളാണ് തിങ്കളാഴ്ച ഉണ്ടായിരുന്നത്. ഉരുളക്കിഴങ്ങ്, പാൽ, പഞ്ചസാര, ധാന്യപ്പൊടികൾ, സോപ്പ് എന്നിവ വാങ്ങികൂട്ടാനുള്ള തിരക്ക് യുദ്ധസമാന സാഹചര്യത്തെയാണ് ഓർമ്മിപ്പിച്ചത്.
എന്നാൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഈ സൂപ്പർ മാർക്കറ്റുകൾ ഇന്നലെ അടഞ്ഞുകിടന്നതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ ആൻസ റിപ്പോർട്ട് ചെയ്യുന്നു. സാധനങ്ങൾ വാങ്ങാൻ ക്യൂവിൽ നിന്ന നെപ്പോളി ഫുട്ബോൾ ക്ലബിലെ മുന്ന് താരങ്ങളാണ് തിങ്കളാഴ്ച്ചത്തെ തിരക്കും ഇന്നലത്തെ ശ്മശാന മൂകതയും സംബന്ധിച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുവായ ആശങ്കയുണ്ടെന്നും മാസ്ക് ലഭിക്കാത്തതാണ് തന്നെ ഏറെ വേദനിപ്പിക്കുന്നതെന്ന് നേപ്പിൾസിലെ കാരിഫോർ സൂപ്പർ മാർക്കറ്റിന് മുന്നിലെത്തിയ 85 വയസുള്ള ഗ്രാസിയ പറഞ്ഞത്. ഇത്രമാത്രം ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും അത് അംഗീകരിക്കാനും സർക്കാർ നിർദ്ദേശങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഇറ്റലിയിലെ ജനങ്ങൾ തയ്യാറായി എന്നതാണ് ഏറെ പ്രസക്തമായ കാര്യം.
ENGLISH SUMMARY: Italian cities with no people and no noise
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.