Web Desk

June 03, 2020, 5:56 pm

ഇറ്റലി യൂറോപ്യന്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു

Janayugom Online

റോം: രാജ്യത്ത് യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം അനുവദിച്ചു. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മൂന്ന് മാസത്തോളമാണ് രാജ്യം അടച്ചിട്ടത്. വേനല്‍ക്കാല സീസണ്‍ ആരംഭിച്ചതോടെ വിനോദസഞ്ചാരമേഖലയിലൂടെ രാജ്യത്തെ സമ്പദ്ഘടന തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇറ്റലി.

വെനീസിലെ തോടുകളും പ്രണയികള്‍ക്ക് റോമിയോയും ജൂലിയറ്റും ആകാന്‍ വെറോണയുടെ മട്ടുപ്പാവും ഒരുങ്ങിക്കഴിഞ്ഞു. റോമിലെ കൊളോസിയവും സഞ്ചാരികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കൊറോണ മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ പല സ‍ഞ്ചാരികളും ഇങ്ങോട്ടെത്താന്‍ മടിക്കുന്നുണ്ട്.

ഇറ്റലിയിലാണ് യൂറോപ്യന്‍ രാജ്യങ്ങളിലാദ്യം കൊറോണ പടര്‍ന്ന് പിടിച്ചത്. 33,000ത്തിലേറെ ജീവനുകള്‍ അപഹരിക്കപ്പെട്ടു. മാര്‍ച്ച് ആദ്യം തന്നെ രാജ്യത്ത് സമ്പൂര്‍ണ അടച്ചില്‍ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധന ഉണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലാണ് രാജ്യമിപ്പോള്‍. അത് കൊണ്ട് തന്നെ സഞ്ചാരികളെ അടിയന്തരമായി രാജ്യത്ത് എത്തിച്ചേ മതിയാകൂ.

ഇപ്പോഴും നൂറ് കണക്കിന് രോഗബാധിതരെ നിത്യവും ഇവിടെ തിരിച്ചറിയുന്നുണ്ട്. വടക്കന്‍ ലമ്പാര്‍ഡി മേഖലയിലാണ് രോഗികള്‍ ഏറെയും ഉള്ളത്. ധൃതിപിടിച്ച് രാജ്യം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കരുതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈയാഴ്ചയോ അടുത്താഴ്ചയോ സ‍ഞ്ചാരികളാരും രാജ്യത്തേക്ക് വരാന്‍ വേണ്ടി ബുക്ക് ചെയ്തിട്ടില്ലെന്ന് അല്‍ബര്‍ഗോ ഡെല്‍ സെനാറ്റോ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അലസാന്ദ്ര കോന്റി പറഞ്ഞു. അതേസമയം ജൂണ്‍ പകുതി മുതല്‍ കുറച്ച് ബുക്കിംഗ് ഉണ്ട്. അതേസമയം ചിലര്‍ ബുക്ക് ചെയ്ത മുറികള്‍ റദ്ദാക്കുന്നുമുണ്ട്.

മിലന്‍, നേപ്പിള്‍സ്, റോം തുടങ്ങിയ മൂന്ന് പ്രധാന നഗരങ്ങളിലേക്ക് മാത്രമേ രാജ്യാന്തര വിമാനസര്‍വീസുകള്‍ ഉണ്ടാകൂ. അയല്‍രാജ്യങ്ങളില്‍ നിന്ന് കാറിലും ട്രെയിനിലും ജലമാര്‍ഗവും എത്തുന്നവര്‍ എങ്ങോട്ട് പോകുമെന്ന ആശങ്കയുണ്ട്.

eng­lish sum­ma­ry: italy-reopens-to-tourists-from-europe

you may also like this video