ഇറ്റ്‌ഫോക് ഇന്ന് മുതല്‍; ആദ്യമെത്തിയത് ശ്രീലങ്ക

Web Desk
Posted on January 20, 2019, 11:00 am

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തുടങ്ങുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തില്‍ പങ്കെടുക്കുന്ന വിദേശ നാടകസംഘങ്ങള്‍ എത്തിത്തുടങ്ങി. ശ്രീലങ്കയില്‍ നിന്നുള്ള 16 അംഗ ജനകാരാലിയ തിയ്യറ്റര്‍ ഗ്രൂപ്പാണ് ശനിയാഴ്ച അക്കാദമിയില്‍ എത്തിയത്. സംഘത്തെ അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഇറ്റ്‌ഫോക് കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത് ജനകാരാലിയ തിയ്യറ്റര്‍ എക്‌സികുട്ടീവ് ഡയറക്റ്റര്‍ പരക്രമ നിരെലിയ, നാടക സംവിധായകന്‍ രസിയ ലോഹനാഥന്‍ സംസാരിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിന് സംഗീത നാടക അക്കാദമി അങ്കണത്തിലെ ആക്ടര്‍ മുരളി തിയറ്ററില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍പെഴ്‌സണ്‍ കെ പി എ സി ലളിത അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഫെസ്റ്റിവല്‍ പുസ്തകം ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ അരുന്ധതി നാഗിന് നല്‍കി പ്രകാശനം ചെയ്യും.

മേളയിലെ ആദ്യ നാടകം ജനകാരാലിയ അവതരിപ്പിക്കുന്ന ‘ബിറ്റര്‍ നെക്ടര്‍’ ആണ്. 190 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് വിദേശികളാല്‍ നിര്‍ബന്ധിത കുടിയേറ്റത്തിനു വിധേയമാക്കപ്പെട്ടവരുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ് ജനകാരാലിയ തിയറ്റര്‍ അരങ്ങില്‍ എത്തിക്കുന്നത്.