Web Desk

നെടുങ്കണ്ടം

July 22, 2020, 8:30 pm

താല്കാലിക കെട്ടിടത്തില്‍ കരുണാപുരം ഐടിഐ ഒരുക്കാമെന്ന് ഗ്രാമപഞ്ചായത്തിന്റെ ഉറപ്പ്: ജനയുഗം ഇംപാക്ട്

Janayugom Online

കരുണാപുരം ഐടിഎ ആരംഭിക്കുവാന്‍ താല്കാലിക കെട്ടിടം കണ്ടെത്തി ഗ്രാമപഞ്ചായത്ത്. കുട്ടാര്‍ ടൗണില്‍ ജില്ലാപഞ്ചായത്ത് കരുണാപുരം ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കിയ കെട്ടിടത്തിലാണ് താല്കാലിക ഐടിഐ ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കട്ടപ്പന നോഡല്‍ ഐടിഐ പ്രിന്‍സിപ്പാളിന് ഇന്നലെ നല്‍കിയ കത്തിലാണ് ഉറപ്പ് ലഭിച്ചത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ ഐടിഐ ആരംഭിക്കുന്നതിനായി താല്കാലിക കെട്ടിട സൗകര്യം കരുണാപുരം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നല്‍കാത്തതിനെ സംബന്ധിച്ച് ജനയുഗം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

പുതിയതായി ഐടിഐ ആരംഭിക്കുന്നതിനുള്ള കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊള്ളാമെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരിത്തിയതായും കാണിച്ചുള്ള ഈമെയിലാണ് ഇന്നലെ കട്ടപ്പന ഐടിഐ പ്രിന്‍സിപ്പാളിന് ലഭിച്ചത്. കൂട്ടാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനോട് ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ രണ്ട് നില കെട്ടിടത്തില്‍ ഇതിനായി സൗകര്യം ഒരുക്കും. വര്‍ക്ക് ഷോപ്പുകള്‍, ആവശ്യമായ ക്ലാസ് മുറികള്‍, ജീവനക്കാര്‍ക്കുള്ള ഓഫീസ് സൗകര്യം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍, വെളളം, വൈദ്യുതി എന്നിവ സമയബന്ധിതമായി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കരുണാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്തില്‍ ഉറപ്പ് നല്‍കി. ഈ കത്ത് ഐടിഐയുടെ ഡയറക്ടര്‍ക്ക് ഇന്നലെ തന്നെ കൈമാറിയതായി കട്ടപ്പന ഐടിഐ പ്രിന്‍സിപ്പാള്‍ ആനീസ് സ്‌റ്റെല്ലാ ഐസക് പറഞ്ഞു. മതിയായ സൗകര്യം ഒരുക്കുന്നതിന് കണ്ടെത്തിയ രണ്ട് നില കെട്ടിടത്തിന് മുകളില്‍ മേല്‍ക്കൂര നിര്‍മ്മാണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവെച്ചതില്‍ പറഞ്ഞു.

കട്ടപ്പന-കമ്പംമെട്ട് സംസ്ഥാനപാതയില്‍ കുഴികണ്ടത്തിന് സമീപം 1.07 ഏക്കര്‍ സ്ഥലമാണ് പുതിയ ഐടിഐയ്ക്കായി ഗ്രാമപഞ്ചായത്ത് വാങ്ങിയിരിക്കുന്നത്. ഈ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്യട്ടബിലിറ്റി സര്‍ട്ടിഫിക്കേറ്റ് പൊതുമരാമത്ത് വകുപ്പ് നല്‍കി. താല്കാലിക ഐടിഐ കൂട്ടാറില്‍ ആരംഭിക്കുന്നതോടൊപ്പം ഐടിഐയ്ക്കായി വാങ്ങിയ സ്ഥലത്ത് പുതിയ ഐടിഐ സമുച്ചയം നിര്‍മ്മിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കുവാനുള്ള ശ്രമത്തിലാണ് മന്ത്രി എം.എം മണിയുടെ നേത്യത്വത്തില്‍ നടന്ന് വരുന്നത്.

Eng­lish sum­ma­ry: ITI got tem­po­rary building