22 January 2025, Wednesday
KSFE Galaxy Chits Banner 2

കാനം ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

സ്വന്തം ലേഖിക
കോട്ടയം
December 5, 2024 10:43 am

തൊഴിലാളി നേതാവും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ ഓർമ്മകൾക്ക് ഒരു വയസ് തികയുന്നു. കാഞ്ഞിരപ്പള്ളി കൊച്ചുകളപ്പുരയിടത്തിലെ പുളിമരച്ചോട്ടിൽ അന്ത്യവിശ്രമം കൊള്ളുമ്പോഴും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രവർത്തകരുടെ മനസിൽ മരണമില്ലാത്ത ഓർമ്മയായി കാനം തെളിയുകയാണ്. കോട്ടയത്തെ കാഞ്ഞിരപ്പള്ളിയിലെ കാനമെന്ന ചെറുഗ്രാമത്തിൽ നിന്നും നിന്നും ഇടത് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയായിരുന്നു കാനം രാജേന്ദ്രൻ. ഏന്തയാറിലെ മർഫി സായിപ്പിന്റെ തോട്ടത്തിലെ കണക്കുപിളള പരമേശ്വരൻ നായരുടെ മകൻ രാജേന്ദ്രന് കമ്മ്യൂണിസം നേരംപോക്കിനുള്ള മാർഗ്ഗമായിരുന്നില്ല. തൊഴിലാളികളുടെ പ്രിയ നേതാവായി അദ്ദേഹം വളർന്നതും പെട്ടെന്നായിരുന്നില്ല.

വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും പിൻബലത്തിൽ വിപ്ലവത്തിന്റെ പാതയിൽ പഠിച്ചും പ്രവർത്തിച്ചും വളർന്ന അദ്ദേഹം ചെറുപ്രായത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലെത്തി. കാനത്തെ കൊച്ചുകളപ്പുരയിടമെന്ന വീട്ടിൽ നിന്ന് കേരളക്കരയിലെ ജനമറിയുന്ന, കമ്യൂണിസ്റ്റ്കാരുടെ പ്രിയപ്പെട്ട സഖാവായി വളർന്നു. അതുകൊണ്ട് പ്രവർത്തകരുടെയും അനുഭാവികളുടെയും മറ്റ് രാഷ്ട്രീയക്കാരുടെയുമെല്ലാം മനസിൽ കാനം എന്ന രണ്ടക്ഷരം ഏറെ മുന്നിട്ട്നിന്നിരുന്നു. പ്രിയ സഖാവിന്റെ, സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, തൊഴിലാളിപാർട്ടി നേതാവിന്റെ അങ്ങനെ കേരളക്കരയുടെ എല്ലാമായ കാനത്തിന്റെ ഓർമ്മകളുറങ്ങുന്ന കാനത്തെ കൊച്ചുകളപ്പുരയിടത്തിലെ പുളിമരച്ചുവട്ടിൽ അവരെല്ലാം എത്തും. കാനം അന്ത്യവിശ്രമം കൊള്ളുന്ന പുളിമരച്ചുവട്ടിൽ അദ്ദേഹത്തിന് അനുസ്മരണം ഒരുക്കുകയാണ് സിപിഐ ജില്ലാ കൗൺസിൽ. 

കാനത്തിന്റെ ചരമദിനമായ ഡിസംബർ 8ന് അദ്ദേഹത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 9ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സൗമ്യതയാർന്ന കാർക്കശ്യത്തിന്റെ മൂർത്ത രൂപമായ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിടാൻ നേതാക്കളും പ്രവർത്തകരുമെല്ലാം ഒരിക്കൽ കൂടി ആ പുളിമരച്ചുവട്ടിലേക്ക് എത്തും. വിപുലമായ ഒരുക്കങ്ങളാണ് അനുസ്മരണ സമ്മേളനത്തിനായി പാർട്ടി ജില്ലാ കൗൺസിൽ നടത്തുന്നത്. നേതാക്കൾക്കൊപ്പം ജില്ലയിലെ എല്ലാ ബ്രാഞ്ച് തലത്തിൽ നിന്നുള്ള പ്രവർത്തകരും കാനത്തെത്തും. ഒപ്പം പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ അനുസ്മരണവും പുഷ്പാർച്ചനയും അടക്കം അദ്ദേഹത്തിന്റെ ചരമവാർഷികം ആചരിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.