അമ്പിളി അമ്മാവനെ നോക്കി നായ്ക്കള്‍ കുരയ്ക്കുന്ന കാലം

Web Desk
Posted on July 28, 2019, 11:05 pm

devikaപ്രപഞ്ച സത്യങ്ങളറിയാതെ പ്രതികരിക്കുന്ന വിരുതന്മാരുടെ ഒരു തലമുറ പെറ്റുവീണ കാലമാണിത്. ചന്ദ്രന്‍ എന്ന പ്രപഞ്ചസത്യമറിയാതെ അമ്പിളി അമ്മാവനെ നോക്കി കുരയ്ക്കുന്ന നായ്ക്കളെപ്പോലെ ഒരു തലമുറ. പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെ ഏലാവക്കീലന്മാരായ ഇവര്‍ രാമനെയും കൃഷ്ണനെയും ദേവേന്ദ്രനെപ്പോലും ഒറ്റുകൊടുക്കും. ഇക്കഴിഞ്ഞ ദിവസം മാനത്തെ ചന്ദ്രനെ നോക്കി കുരയ്ക്കുകയും ഭൂമിയിലെ ഒരു ചന്ദ്ര സമാനനെ നോക്കി പുലഭ്യം പറഞ്ഞ ഒരു നേതാവിനേയും കണ്ടു. ബിജെപിയുടെ സംസ്ഥാനവക്താവ് അഡ്വ.ഗോപാലകൃഷ്ണന്‍. മലയാള സിനിമയെ വിശ്വവേദികളോളം ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണനെ നോക്കിയായിരുന്നു അഡ്വ. ഗോപാലകൃഷ്ണന്‍ കുരയോടുകുര, എല്ലാ ഗോപാലകൃഷ്ണന്മാരും അടൂര്‍ ഗോപാലകൃഷ്ണനല്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള കുര, ജനങ്ങളെ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വിരാമമിടണമെന്ന് ഇന്ത്യയിലെ പ്രമുഖ സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രി മോഡി മഹാരാജാവിന് എഴുതിയ കത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പിട്ടതായിരുന്നു ഗോപാലകൃഷ്ണന്‍ വക്കീല്‍ കണ്ടെത്തിയ മഹാപാതകം. ഈ പ്രസ്താവന പുറത്തുവന്ന ദിവസം മറ്റൊരു വാര്‍ത്തയും പുറത്തുവന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ഒരു ബിജെപി മന്ത്രി ആര്‍ പി സിംഗ് നിയമസഭാ കവാടത്തില്‍വച്ച് കോണ്‍ഗ്രസിന്റെ മുസ്‌ലിം എംഎല്‍എയായ ഇക്ബാല്‍ അന്‍സാരിയെക്കൊണ്ടു ജയ് ശ്രീറാം വിളിക്കാന്‍ കൈപിടിച്ചുയര്‍ത്തി വിഫലശ്രമം നടത്തുന്ന വിഡിയോയടക്കമുള്ള വാര്‍ത്ത. ജനത്തിനാവശ്യം ഭക്ഷണവും വെള്ളവും തൊഴിലുമാണെന്ന് അന്‍സാരി പറയുമ്പോള്‍ ക്രൂദ്ധനാവുന്നു ബിജെപി മന്ത്രി. കേരളത്തിലെ ഏതെങ്കിലും മന്ത്രി നിയമസഭയിലെ ബിജെപിയുടെ ഏകാംഗമായ ഒ രാജഗോപാലിന്റെ കൈപിടിച്ചുയര്‍ത്തി ഇന്‍ക്വിലാബ് സിന്ദാബാദ് വിളിപ്പിച്ചാല്‍ ഗോപാലകൃഷ്ണന്‍ വക്കീല്‍ എന്തു പറയും?
ജയ് ശ്രീറാമിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവരെ നിലയ്ക്കുനിര്‍ത്തണമെന്നു പറഞ്ഞ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനില്‍ അയയ്ക്കണമെന്നാണ് അഡ്വ. ഗോപാലകൃഷ്ണ വക്താവിന്റെ അടിയന്തിരാവശ്യം, മര്യാദാപുരുഷനും പുരാണത്തിലെ ആദ്യജനാധിപത്യവാദിയുമായ ശ്രീരാമന്റെ വക്കീല്‍ ചമയുന്ന ഗോപാലകൃഷ്ണന്റെ കീച്ചിപ്പാപ്പയുടെ കുടുംബസ്വത്താണോ ചന്ദ്രഗോളം! അല്ലെങ്കില്‍ പറയില്ലല്ലോ ശ്രീഹരിക്കോട്ടയില്‍ ചെന്ന് ടിക്കറ്റെടുത്ത് ചന്ദ്രനിലേയ്ക്കു പൊയ്‌ക്കൊള്ളാന്‍ അടൂരിനോടുള്ള കല്‍പന. വക്കീല്‍ ഒന്നെറിഞ്ഞു നോക്കിയെന്നേയൂള്ളൂ. സാംസ്‌കാരിക കേരളത്തില്‍ നിന്നു പായിച്ച ഈ ചന്ദ്രയാന്‍ റോക്കറ്റ് ബൂമറാംഗുപോലെ തിരിച്ചു പറന്ന് ഗോപാലകൃഷ്ണന്റെ നാവില്‍ത്തന്നെ പതിച്ചിരിക്കുന്നു. വക്കീല്‍ മാധ്യമശ്രദ്ധ നേടാന്‍വേണ്ടി എയ്ത ചന്ദ്രയാന്‍ തിരിച്ചടിച്ചതിന്റെ ജാള്യതയും വാചാലമായ മൗനവും എന്തുമാത്രം ചന്തം ചാര്‍ത്തുന്നു.
ഗോപാലകൃഷ്ണന്‍ വക്കീല്‍ ചന്ദനെ നോക്കി കുരച്ചപ്പോള്‍ തൃശൂര്‍ നാട്ടികയിലെ കോണ്‍ഗ്രസുകാര്‍ക്ക് ആശ്രയമായത് വിശുദ്ധചാണകം. ദളിത് വിഭാഗത്തില്‍പ്പെട്ട സിപിഐ നേതാവ് ഗീതാഗോപി തന്റെ മണ്ഡലമായ നാട്ടികയില്‍ നിന്നും തൃപ്രയാറിലേയ്ക്കുള്ള റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സത്യഗ്രഹം നടത്തി. അന്നുതന്നെ റോഡിന്റെ പണി തുടങ്ങുമെന്ന് ഉറപ്പു കിട്ടിയതോടെ ഗീത സത്യാഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം പണി തുടങ്ങുകയും ചെയ്തു. എന്നാല്‍ ദളിതയായ ഗീതാഗോപി സത്യഗ്രഹമിരുന്ന സര്‍ക്കാര്‍ ഓഫീസ് തിണ്ണ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം ചെയ്ത സംഭവം സാംസ്‌കാരിക കേരളത്തിനെതിരായ കടന്നാക്രമണമാണ്. അയിത്തത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ ഗാന്ധിജിയുടെയും മഹാത്മാ അയ്യന്‍കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യാഗുരുവിന്റെയും മഹത്തായ സമരപാരമ്പര്യമുള്ള കേരളത്തിലാണ് മതനിരപേക്ഷരെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ച കോണ്‍ഗ്രസുകാരുടെ ഈ ചാണകവെള്ളപ്രയോഗം. ചാതുര്‍വര്‍ണ്യത്തിലേക്ക് ഇന്ത്യന്‍ സമൂഹം തിരിച്ചൊഴുക്കു നടത്താന്‍ സംഘപരിവാര്‍ ശക്തികള്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ അവരുടെ ചാണക മുദ്രാവാക്യം വിളിക്കുന്ന കോണ്‍ഗ്രസുകാരെക്കുറിച്ച് മുല്ലപ്പള്ളിക്ക് എന്തെ മിണ്ടാട്ടമില്ല!
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു, പിന്നെയും നായ്ക്കാണ് മുറുമുറുപ്പെന്നു കേട്ടിട്ടുണ്ട്. എറണാകുളം ഡിഐജി ഓഫീസിലേക്കു സിപിഐ നടത്തിയ ബഹുജനമാര്‍ച്ചിനെ പൈശാചികമായി അടിച്ചൊതുക്കാന്‍ ശ്രമിച്ച പൊലീസിനെക്കുറിച്ച് കളക്ടറുടെ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നതിനിടെ സമരനായകരായ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും പാര്‍ട്ടി എംഎല്‍എ എല്‍ദോ എബ്രഹാമിനും ഇവരോടൊപ്പം പരിക്കേറ്റ മറ്റു സഖാക്കള്‍ക്കും എതിരെ എറണാകുളം പൊലീസ് കേസെടുത്തിരിക്കുന്നു! രാജുവിന്റെ ഉച്ചിയിലെ തലയോട്ടിയാണ് പൊലീസ് അടിച്ചുപൊട്ടിച്ചത്. എല്‍ദോയുടെ കൈ പൊട്ടലോടെ പ്ലാസ്റ്ററിലാണ്. മറ്റു നേതാക്കളും ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവമുണ്ടായയുടന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായിയെ കണ്ട് പ്രതിഷേധം അറിയിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ ഉത്തരവുമിട്ടു, കളക്ടറുടെ ഇതു സംബന്ധിച്ച ഉത്തവ് ഇന്നു വരാനിരിക്കെ സമരനായകര്‍ക്കെതിരെ പൊലീസ് കള്ളക്കെസെടുത്തതും വ്യാജ തെളിവുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതും മജിസ്റ്റീരിയല്‍ അന്വേഷണത്തിനിടെ നടന്ന കോടതി അലക്ഷ്യസമാനമായ ഗുഢാലോചനയല്ലെങ്കില്‍ മറ്റെന്താണ്? പിണറായി സര്‍ക്കാരിനെയും ഇടതുപക്ഷങ്ങളെയും നിരന്തരമായി സമ്മര്‍ദ്ദത്തിലാക്കാനുളള പൊലീസിന്റെ ഗുഢാലോചനകള്‍ക്കു പിന്നില്‍ പ്രതിപക്ഷവും ബിജെപിയും ഉണ്ടെന്നു സംശയിക്കാവുന്ന സാഹചര്യ തെളിവുകളാണ് വ്യാപകമായി ഉയര്‍ന്നു വരുന്നത്. ഈ സര്‍ക്കാരിനെ നെഞ്ചേറ്റുന്ന ജനലക്ഷങ്ങള്‍ ആശങ്കയോടെ കാണേണ്ട അവസ്ഥ.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ കുപ്പായമണിഞ്ഞ ക്രിമിനലുകളായ നിസാമും സര്‍വകലാശാലയെയും പിഎസ്‌സിയെയും സംശയത്തിന്റെ നിഴലിലാക്കുന്ന പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളവരും ഇതുവരെ എഴുതിയ പരീക്ഷകളെക്കുറിച്ച് ഒരു ജൂഡിഷ്യല്‍ അന്വേഷണം തന്നെ നടത്തണം. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കോളജിലെ എസ്എഫ്‌ഐ യുടെ ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകള്‍ ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഉത്തരമെഴുതാത്ത കടലാസുകള്‍ ഉത്തരക്കടലാസുകളല്ല എന്ന ചില വിചിത്ര വാദങ്ങളും ഉയരുന്നുണ്ട്. ഉത്തരമെഴുതാത്ത ഉത്തരക്കടലാസുകള്‍ ചോദ്യക്കടലാസുകള്‍ ചോര്‍ത്തിയെടുത്ത് ഉത്തരമെഴുതി സമര്‍പ്പിക്കാന്‍ ശേഖരിച്ചു വച്ചതാണെന്ന പൊതുബോധ്യംപോലും ഈ വിചിത്രവാദക്കാര്‍ക്കില്ല. എന്നാല്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയെ ടുത്ത് ഉത്തരം പകര്‍ത്തിയെഴുതാന്‍ പോലും അറിയാത്തവരാണ് ശിവരഞ്ജിത്തും നിസാമുമെന്ന രേഖകളും പുറത്തുവരുന്നു. ഇവര്‍ എഴുതിയ ഉത്തരക്കടലാസുകളില്‍ മിക്കവയ്ക്കും ലഭിച്ചത് പൂജ്യംമാര്‍ക്ക്, ഈ സംപൂജ്യരെങ്ങിനെയാണ് പിഎസ്‌സി പരീക്ഷയില്‍ ഒന്നും ഇരുപത്തെട്ടും റാങ്കുകളിലെത്തിയത്? ഇവരുടെ കുട്ടാളിയായ പ്രണവ് എങ്ങനെ റാങ്ക് ലിസ്റ്റില്‍ രണ്ടാമനായി?
കഥാവശേഷനായ സിപിഐ നേതാവും ജനയുഗം പത്രാധിപരുമായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്‍ യുവജന നേതാവായിരുന്നപ്പോള്‍ നടത്തിയ പ്രക്ഷോഭങ്ങളിലെ മുഖ്യമുദ്രാവാക്യം ’ തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്നായിരുന്നു. അരക്കോടിയോളം വരുന്ന തൊഴിലില്ലാ പട്ടാളം ഒരു തൊഴിലിനു വേണ്ടി മഴകാത്തു കഴിയുന്ന വേഴാമ്പലുകളെപ്പോലെ ഉഴലുമ്പോള്‍ അവരുടെ സ്വപ്‌നബിന്ദുവാണ് പിഎസ്‌സി. അവിടെ ലോജിക് പരീക്ഷ ഉള്‍പ്പെടെയുള്ള എഴുത്തുപരീക്ഷകളില്‍ പൂജ്യം മാര്‍ക്കു നേടിയിട്ട് പിഎസ്‌സി പരീക്ഷകളില്‍ ഒന്നാം റാങ്കും ഉന്നത റാങ്കുകളും നേടുന്ന ശിവരഞ്ജിത്തുമാരും നിസാംമാരും പിഎസ്‌സിയെ സംശയനിഴലിലാക്കുന്നു. പിഎസ്‌സി അംഗങ്ങളോ ചെയര്‍മാനോ അറിഞ്ഞ് ചില ചീഞ്ഞുനാറുന്ന സംഭവങ്ങള്‍ നടക്കുന്നുവെന്നു പറയാനാവില്ല. പക്ഷേ പിഎസ്‌സിക്കുള്ളില്‍ പരീക്ഷ ജയിപ്പിക്കാന്‍ ഒരു ഗുഢസംഘം പ്രവര്‍ത്തിക്കുന്നുവോ എന്ന അന്വേഷണം വേണ്ടേ? 0+0= 460 എന്ന് മാര്‍ക്ക് ലിസ്റ്റുണ്ടാക്കി മെഡിക്കല്‍ പ്രവേശന തട്ടിപ്പു നടത്തിയ രഘുവിന്റെ നാടല്ലെ നമ്മുടെത്. ഇതേക്കുറിച്ച് അന്വേഷണമേ വേണ്ട എന്നു പറഞ്ഞ ചിലരുണ്ടായിരുന്നു. പക്ഷെ അന്വേഷണം നടന്നപ്പോള്‍ മെഡിസിന് തട്ടിപ്പിലൂടെ അഡ്മിഷന്‍ നേടിയ നിരവധി പേരുകളാണ് പുറത്തുവന്നത്. ’80 കളുടെ ആദ്യം നടന്ന ഈ തട്ടിപ്പിനെക്കുറിച്ച് ജസ്റ്റിസ് എം പി മേനോന്‍ കമ്മിഷന്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പത്തായത്തില്‍ പൂട്ടിവയ്ക്കാതെ നടപ്പാക്കിയിരുന്നെങ്കില്‍ ഈ പരീക്ഷാ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നോ?