ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവെച്ചു

Web Desk
Posted on November 11, 2019, 1:11 pm

ലാ പസ്: തെരഞ്ഞെടുപ്പ് തർക്കത്തെ തുടർന്ന് ആഴ്ചകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവെച്ചു. സൈന്യം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടതോടെ സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതോടെയാണ് മൊറേൽസിന്റെ രാജി.
“രാജ്യത്തിന്റെ നന്മ”യ്ക്കായി താൻ സ്ഥാനമൊഴിയുകയാണന്നും, “ഇരുണ്ട ശക്തികൾ ജനാധിപത്യത്തെ നശിപ്പിച്ചു” എന്നും മൊറേൽസ് ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. 14 വർഷമായി രാജ്യത്തെ നയിച്ചത് മൊറേൽസ് ആയിരുന്നു.
അറസ്റ്റിന് പൊലീസിന് “നിയമവിരുദ്ധമായ” വാറണ്ട് ഉണ്ടെന്നും “അക്രമസംഘങ്ങൾ” വീട് ആക്രമിച്ചതായും ബൊളീവിയയിലെ ആദ്യത്തെ ഗോത്രവർഗ നേതാവായ മൊറേൽസ് ട്വിറ്റ് ചെയ്തു. എന്നാൽ മൊറേൽസിന്റെ അറസ്റ്റിന് വാറന്റില്ലെന്ന് ബൊളീവിയയിലെ പൊലീസ് സേനയുടെ കമാൻഡർ വ്യക്തമാക്കി.
ബൊളീവിയ സായുധ സേനയുടെ കമാൻഡർ-ഇൻ‑ചീഫ് വില്യംസ് കലിമാൻ രാജിവയ്ക്കാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മൊറേൽസിന്റെ രാജി പ്രഖ്യാപനം. ബൊളീവിയയിലെ പ്രധാന നഗരമായ ലാ പാസിൽ ആളുകൾ രാജ്യത്തിന്റെ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിലെ പതാകകൾ തെരുവുകളിലേക്ക് എറിഞ്ഞു. മൊറേൽസിന്റെ വൈസ് പ്രസിഡന്റ് അൽവാരോ ഗാർസിയ ലിനേറയും രാജിവച്ചു. രണ്ട് പതിറ്റാണ്ടോളം ഇടതുപക്ഷത്തിന്റെ നേതാവും ലാറ്റിനമേരിക്കയുടെ “പിങ്ക് വേലിയേറ്റ” ത്തിന്റെ അവസാനത്തെ കണ്ണിയുമായ മൊറേൽസിന്റെ രാജി മെക്സിക്കോയിലും അർജന്റീനയിലും അധികാരത്തിൽ തിരിച്ചെത്തിയ ഇടതുപക്ഷ നേതാക്കൾക്ക് കടുത്ത ആഘാതമായി മാറുമെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ(ഒഎഎസ്) ഓഡിറ്റ് റിപ്പോർട്ടനുസരിച്ച് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി ഇതോടെ നവംബർ 10ന് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ മൊറേൽസ് സമ്മതിച്ചിരുന്നു.
ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ കൃത്രിമത്വം വ്യക്തമായതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഒഎഎസ് അറിയിച്ചിരുന്നു.