Sunday
20 Oct 2019

ഇവരെ സൂക്ഷിക്കുക

By: Web Desk | Sunday 31 March 2019 8:17 AM IST


ചവറ കെ എസ് പിള്ള

മുന്നോട്ടു കുതിച്ചുപോം
കാലത്തിന്‍ രഥചക്രം
പിന്നോട്ടു വലിച്ചിട്ടും
കുഴിയാനകള്‍,ഗജ
വീരരായുയിര്‍ക്കുന്നു
പിന്നെയും നാനാവേഷ-
പ്പകര്‍ച്ചകളാസുര-
ത്തെയ്യങ്ങളണയുന്നു
തച്ചുടയ്ക്കുന്നു,യുഗ
ശില്പികള്‍ വിരചിച്ച
വിശ്വമാനവ സ്‌നേഹ
വിഗ്രഹം,ചിരന്തന
ധര്‍മ്മശാസനം,മര്‍ത്യ
തത്വശാസ്ത്രങ്ങള്‍,വര്‍ഗ്ഗ
വിപ്‌ളവവിമോചന
പോരാട്ടസമരങ്ങള്‍.
ഇത്തിരിമണ്ണിന്നായി
പൊരുതി,കിനാവുകള്‍
ചത്തടിഞ്ഞൊരീമണ്ണിന്‍
ഗദ്ഗദകുടീരങ്ങള്‍
ആചാരമനാചാര
മാമൂലിന്‍ മാറാലകള്‍
മാറ്റി ഹാ! സ്വാതന്ത്ര്യത്തിന്‍
തൂവെട്ടം ചൊരിഞ്ഞതാം
ഉദയാര്‍ക്കബിംബങ്ങള്‍
ഒക്കെയും ഗതകാല
ശാശ്വതസ്മൃതികള്‍തന്‍
നിത്യമാം രേഖാചിത്ര
ശക്തി ധാരകളല്ലോ.
പാഞ്ഞടുത്തെത്തി, കലി-
ത്തെയ്യങ്ങള്‍ കല്പിക്കുന്നു:
”ഞങ്ങളാണെല്ലാം,നിങ്ങള്‍
ചെയ്യുകമാത്രം, മറു-
ത്തൊന്നുമേ ചോദിക്കേണ്ട
ചരിത്രം ഞങ്ങള്‍ തരും”
കല്പന കേട്ടില്ലയോ
നിശ്ചിതലക്ഷ്യങ്ങള്‍തന്‍
ജല്പനം, നാശത്തിന്റെ
വിത്തുകള്‍ വിതച്ചിട്ടും
കുത്സിത വിളംബരം
ജാഗ്രത! വന്നടുക്കുന്നു
കത്തികള്‍! ചരിത്രത്തിന്‍
താളുകള്‍ അരിയുവോര്‍
കേവലാനന്ദം കൊള്‍വോര്‍
അറ്റുപോമോരോതാളും
ഇറ്റിടും ചോരത്തുള്ളി
മാറ്റത്തിന്‍ ചരിത്രത്തില്‍
ആത്മതര്‍പ്പണമല്ലോ.
നിര്‍ത്തുകീ ഭൂതാവേശം
ഭൂതകാലത്തെക്കാട്ടും
സത്യചിത്രങ്ങള്‍ കാണാ-
നിത്രമേല്‍ പേടിക്കണോ?
ഒന്നറിയുക,നാടിന്‍
മുന്നേറ്റം കഥയല്ല
ഇന്നലെകള്‍തന്‍ മായാ
രേഖതന്‍ച്ഛായാചിത്രം.
ദുര്‍ന്നീരിനാകില്ലല്ലോ
രക്തകാന്തിയെ മായ്ക്കാന്‍
ഇവരെ സൂക്ഷിക്കുക
ചരിത്രചാരിത്ര്യത്തെ
കളങ്കപ്പെടുത്തീടും
കഴുകജന്മങ്ങളെ…..