കശുഅണ്ടി വ്യവസായത്തിന് കൂടുതൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും; മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ

Web Desk

തിരുവനന്തപുരം

Posted on June 25, 2020, 10:04 pm

കൂടുതൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കി കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കശുഅണ്ടി വ്യവസായത്തിന് ആവശ്യമായ ബാങ്ക് വായ്പ എംഎസ്എംഇ സംവിധാനത്തിലൂടെ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കുന്നതിന് വിളിച്ചുചേർത്ത ബാങ്കിങ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കശുഅണ്ടി വ്യവസായത്തെ എംഎസ്എംഇ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കുറഞ്ഞ നിരക്കിലുള്ള ബാങ്ക് വായ്പ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.

50 കോടി രൂപ വരെ നിക്ഷേപമുള്ളതും 250 കോടി രൂപയുടെ ഉല്പാദനമുള്ള വ്യവസായങ്ങളെയാണ് എംഎസ്എംഇ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം കശുഅണ്ടി ഫാക്ടറികളും ഈ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. എംഎസംഎംഇ സഹായം വ്യവസായത്തിന് ലഭിക്കുന്നതിന് ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വ്യവസായികൾ ഉദ്യോഗ് ആധാർ ലിങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യണം. സംസ്ഥാന സർക്കാർ നടപ്പാക്കിയ ജിയോടാഗിംഗ് സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ എല്ലാ ചെറുകിട- എംഎസ്എംഇ യൂണിറ്റുകളും തയ്യാറാകണം.

വ്യവസായ വകുപ്പിന്റെ ഇൻസെന്റീവ് പദ്ധതികളിൽ നിന്ന് സഹായം ലഭിക്കുന്നതിനും വ്യവസായവകുപ്പ് വഴി ബാങ്കുകളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് വായ്പകൾ നേടിയെടുത്ത് സ്ഥിരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വായ്പാസൗകര്യം തടയും. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കാഷ്യു സ്പെഷ്യൽ ഓഫീസറും ഇക്കാര്യം പ്രത്യേകമായി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ബാങ്കുകൾ വിവിധ കശുവണ്ടി വ്യവസായ യൂണിറ്റുകൾ പുനരാരംഭിക്കുന്നതിന് വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. വ്യവസായികൾക്ക് നൽകിയ പുതിയ വായ്പയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച പലിശ നിരക്ക് കണക്കാക്കി ബാങ്കിന് കിട്ടാനുള്ള പണം ലഭിക്കുന്നതിനുള്ള കൃത്യമായ കണക്ക് ഓഗസ്റ്റിൽ തന്നെ സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

you may also like this video;