June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

തീൻമേശയിലെ ചക്ക

By Janayugom Webdesk
February 20, 2020

പ്ലാവിൽ കയറി ചക്കയിട്ട് ഒറ്റയ്ക്ക് വൃത്തിയാക്കി വെളിച്ചെണ്ണയിൽ വറുത്ത് വറ്റലാക്കി ഒറ്റയ്ക്ക് തന്നെ കഴിക്കുന്ന ഒരു കഥാപാത്രത്തെ വികെഎൻ അവതരിപ്പിച്ചിട്ടുണ്ട്. വികെഎന്നിന്റെ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തരാണ്. അതുപോലെ ഈ കഥാപാത്രവും. ചക്കയുടെ സാമൂഹ്യമായ പങ്കുവയ്ക്കലിനെയാണ് ഈ കഥാപാത്രം നിരസിക്കുന്നത്. അത് വികെഎൻ കഥാപാത്രത്തിന്റെ പ്രത്യേകത. എന്നാൽ ചക്ക ഒറ്റയ്ക്ക് തിന്നാവുന്ന ഒരു ആഹാരമേയല്ല. ചക്ക ഇട്ടാൽ അത് പകുത്ത് അയൽക്കാർക്ക് കൊടുക്കുന്നതാണ് കേരളീയരുടെ രീതി. ചക്കകൊണ്ട് വിവിധ വിഭവങ്ങൾ ഉണ്ടാക്കി വീട്ടിലുള്ളവർ എല്ലാവരും പലനേരമായി കഴിക്കുന്നു. ചക്കക്കാലമായാൽ പിന്നെ തീൻ മേശയിൽ ചക്കയുടെ എകാധിപത്യമാണ്. കറികളെല്ലാം ചക്കകൊണ്ട്. ചിലപ്പോൾ ചോറുതന്നെ ഒഴിവാക്കി ചക്കപ്പുഴുക്ക് പകരം കഴിക്കും. പി പി രാമചന്ദ്രന്റെ ഒരു കവിത ചക്കയുടെ സാമൂഹ്യമായ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്. ചക്കയുമായും പ്ലാവുമായും ബന്ധപ്പെട്ട നിരവധി ചൊല്ലുകളും മലയാളത്തിൽ ഉണ്ട്. ആയുർവേദ ഔഷധരംഗത്തും പ്ലാവിനും ചക്കയ്ക്കും വലിയ പ്രാധാന്യമുണ്ട്. പ്ലാവിന്റെ വിശാലമായ തണലിൽ പ്ലാവിലയും മറ്റും ഉപയോഗിച്ചു കളിക്കോപ്പുകൾ ഉണ്ടാക്കിയും പ്ലാവിന്റെ ബലവത്തായ ശിഖരങ്ങളിൽ ഊഞ്ഞാലാടിയും അർമ്മാദിച്ച കേരളത്തിന്റെ ബാല്യം ഇന്ന് മുതിർന്നവരുടെ ഓർമ്മയിലാണുള്ളത്. പിലാത്തറ, പ്ലാംമൂട്, മച്ചിപ്ലാവ്, ഒറ്റപ്ലാവ് തുടങ്ങിയ സ്ഥലപ്പേരുകളും കേരളത്തിൽ ഉണ്ട്.

പൊത്തിൽ രാജാവിനെ ഒളിപ്പിച്ച അമ്മച്ചിപ്ലാവ് കേരളചരിത്രത്തിന്റെ ഭാഗവുമാണ്. അൻപതിലധികം ഇനത്തിലുള്ള പ്ലാവുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്രത്യേകിച്ച് വളമൊന്നും വേണ്ടാതെ വളരുന്ന പ്ലാവിന്റെ തടി തേക്കും ഈട്ടിയും പോലെതന്നെ രാജകൊട്ടാരങ്ങളും മറ്റും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. നാഗരികതയിലേക്കുള്ള വ്യതിയാനം ചക്കയെ കേരളത്തിന്റെ ഭക്ഷണമുറിയിൽ നിന്നും അകറ്റി. പ്രമേഹരോഗികൾ ചക്ക ഉപേക്ഷിക്കണം എന്ന വൈദ്യോപദേശവും ഒരു കാരണമാണ്. ഇപ്പോൾ പ്രമേഹരോഗികൾക്കും ചക്ക കഴിക്കാമെന്നു ഉപദേശിച്ചു തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലെ ആധുനികവിപണികളിൽ മുള്ളും ചകിണിയുമൊക്കെ കളഞ്ഞു എളുപ്പത്തിൽ പാകപ്പെടുത്താവുന്ന രീതിയിലുള്ള ചക്കക്കഷണങ്ങൾ വിൽക്കാൻ വച്ചിട്ടുണ്ട്. മണ്ണു പുരട്ടി ഉണക്കി ദീർഘകാലം സൂക്ഷിക്കുന്ന ചക്കക്കുരു പഞ്ഞമാസങ്ങളിൽ മലയാളിയുടെ അഭയം ആയിരുന്നു. നാട്ടുവഴികളിൽ ചിതറിക്കിടന്നു ഈച്ചയാർക്കുന്ന ചീഞ്ഞ ചക്ക നാഗരിക ജീവിതാസക്തിയുടെ ദുർമുഖമാണ് കാട്ടിത്തരുന്നത്. ചക്ക മൊത്തമായി വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി വറ്റലും ബിസ്ക്കറ്റുമാക്കി കവറുകളിലാക്കി കേരളത്തിലെ കമ്പോളങ്ങളിൽ തന്നെ എത്തിക്കുന്ന വ്യവസായികളും ഉണ്ട്. വിശപ്പടക്കാനുള്ള ഏറ്റവും നല്ല ഉപാധിയെന്ന നിലയിൽ ചക്ക നമ്മുടെ തീൻ മേശയിലേക്ക് തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്.

പ്ലാവ് കൃഷിക്ക് കേരളത്തിന്റെ കൃഷിവകുപ്പും പ്രോത്സാഹനം നൽകുന്നുണ്ട്. അധികമാരും വായിക്കാത്ത ഒരു നല്ല മാസിക കൃഷിവകുപ്പിനുണ്ട്. കേരള കർഷകൻ. ഈ മാസികയിലൂടെയും ചക്ക ഉല്പാദനത്തിന്റെ പ്രാധാന്യം കർഷകനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ചക്കകൊണ്ടുള്ള വിഭവമേളകൾ കേരളത്തിൽ നടക്കുന്നുണ്ട്. ചക്കയ്ക്ക് എന്തെല്ലാം പ്രാധാന്യം ഉണ്ടായാലും ചമ്മന്തിക്ക് ഉപകരിക്കില്ലല്ലോ എന്ന് ഒരു കവിതയിൽ കുഞ്ഞുണ്ണിമാഷ് വിലപിക്കുന്നുണ്ട്. എന്നാൽ ചക്കകൊണ്ട് ചമ്മന്തിയും ഉണ്ടാക്കാം എന്നാണു പ്രമുഖ പാചക ഗവേഷകയായ ആൻസി മാത്യു പാലാ കണ്ടെത്തുന്നത്. ചക്ക കൊണ്ട് ചമ്മന്തിയും ചമ്മന്തിപ്പൊടിയും ഉണ്ടാക്കാമെന്നു ആൻസിയുടെ ചക്കവിഭവങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. നാട്ടുരുചികൾ, പുതുരുചികൾ, പലവക വിഭവങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പാചകകലാ ഗ്രന്ഥത്തിൽ നൂറ്റമ്പതിലധികം ചക്കവിഭവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷണത്തിന് ഉപയോഗിക്കാം. എന്നാൽ പ്ലാവിലയോ? ആടുകൾക്ക് അല്ലാതെ മനുഷ്യനും പ്ലാവില ഭക്ഷണമാണോ? പ്ലാവില കൊണ്ട് രുചികരമായ തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്നും ആൻസി പറയുന്നുണ്ട്.

അധികം മൂക്കാത്ത പ്ലാവിലയും തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, ഇഞ്ചി, ഉപ്പ്, മഞ്ഞൾപ്പൊടി, കടുക്, എണ്ണ, പയർ എന്നിവയുമാണ് ഈ വിഭവത്തിന്റെ ചേരുവകൾ. ചക്കക്കുരു, ചക്ക, കൊഞ്ച് ഇവ ചേർത്തു ചക്കക്കൊഞ്ചു കറിയും ഇടിച്ചക്ക കൊണ്ടുള്ള സാമ്പാറും, ചക്കയും കടലയും ചേർത്തുള്ള കൂട്ടുകറിയും ചക്കക്കുരു കൊണ്ട് ഉപ്പിലിട്ടതും ഉണ്ടാക്കാം. ഇതെല്ലാം നമ്മുടെ ആദരണീയരായ വീട്ടമ്മമാർ ഉണ്ടാക്കി രുചിച്ചു ബോധ്യപ്പെട്ടതുമാണ്. പുതുരുചികൾ എന്ന വിഭാഗത്തിൽ ചക്കയും ചിക്കനും ചേർത്തുള്ള ബിരിയാണി, ചക്കപ്പഴം പേട, ഇടിച്ചക്ക കബാബ്, ചക്കസൂപ്പ് തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കുന്ന വിധം പറഞ്ഞിരിക്കുന്നു. പലവക എന്ന വിഭാഗത്തിൽ ചക്കമുള്ളുകൊണ്ടുള്ള ദാഹശമനി, വൈൻ, കൊണ്ടാട്ടം, വിനാഗിരി, ചക്കക്കുരു അവലോസുപൊടി തുടങ്ങിയവയും വിശദീകരിക്കുന്നുണ്ട്. ചക്ക കേരളത്തിന്റെ ഏറ്റവും രുചികരവും പോഷകമൂല്യം ഉള്ളതുമായ ആഹാരമാണ്. പ്ലാവ് കേരളത്തിന്റെ മഹാസാധ്യതകൾ ഉള്ള വൃക്ഷവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.