ജേക്കബ് ഗ്രൂപ്പ് പിളർപ്പിലേക്ക്; നേതാക്കൾ ജോസഫ് പക്ഷത്തേക്ക്

Web Desk

കൊച്ചി

Posted on February 15, 2020, 5:29 pm

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറുന്നു. ലയനം സംബന്ധിച്ച് നേതാക്കളായ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടയിലാണ് എറണാകുളം ജില്ലയിൽ നേതാക്കളുടെ കൂടുമാറ്റം. ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ നേതാക്കൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിലെ 90 ശതമാനം പ്രവർത്തകരും ലയനത്തെ അനുകൂലിക്കുന്നു. പാർട്ടി നേതാവും എംഎൽഎയുമായ അനൂപ് ജേക്കബും ലയനത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ.

അനൂപ് ജേക്കബ് എതിർത്താലും അനുകൂലിച്ചാലും ലയനനീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലവിൽ ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റായ വിൻസെന്റ് ജോസഫും മറ്റ് നേതാക്കളും പറഞ്ഞു. ഈ മാസം അവസാനത്തോടെ ലയന സമ്മേളനം നടക്കുമെന്നും 21ന് കോട്ടയത്ത് ചേരുന്ന ഹൈപവർ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈകൊള്ളുമെന്നും അവർ പറഞ്ഞു. പാർട്ടി കൂടുതൽ കരുത്ത് ആർജിക്കുന്നതിനും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടമുണ്ടാക്കുന്നതിനുമാണ് ലയനത്തിന് മുൻകൈ എടുത്തിട്ടുള്ളതെന്നും അവർ പറഞ്ഞു. യുഡിഎഫിൽ ജേക്കബ് വിഭാഗത്തിന് വേണ്ടത്ര പരിഗണന കിട്ടാത്തതും ഈ നിലയിൽമുന്നോട്ട് പോയാൽ പാർട്ടി നാമാവശേഷമാകുമെന്ന ആശങ്കയുമാണ് ഒരു കൂട്ടം നേതാക്കളെ ജോസഫ് ഗ്രുപ്പിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്.

ഈയിടെ കോട്ടയത്ത് ചേർന്ന പാർട്ടിയുടെ ഭാരവാഹികളുടെ യോഗത്തിൽ ലയനത്തെക്കുറിച്ച് ചർച്ച നടന്നുവെങ്കിലും ഭൂരിപക്ഷ അഭിപ്രായം തൽക്കാലം ലയനം വേണ്ടെന്നായിരുന്നു. എന്നാൽ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ കുറച്ചു നാളുകളായി നടക്കുന്ന രഹസ്യ നീക്കം ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കയാണ്. കേരള കോൺഗ്രസ്സ് മാണി — ജോസഫ് വിഭാഗങ്ങളുടെ തർക്കം രൂക്ഷമായി നിൽക്കുന്നതിനിടയിൽ ജോസഫ് വിഭാഗത്തിലേക്ക് എടുത്തുചാടണ്ടയെന്ന നിലപാടാണ് അനൂപ് അനുകൂലികൾക്കുള്ളത്. ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തുടർന്ന് നിയമ സഭ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകൾ വിലപേശി നേടാനുള്ള ഒരു രാഷ്ട്രീയ തന്ത്രമായാണ് ഇപ്പോഴത്തെ നീക്കത്തെ പലരും കാണുന്നത്. അതിന് ഇപ്പോഴത്തെ സംഘടനാ ശേഷി കൊണ്ട് കഴിയില്ലെന്നും ജോസഫ് ഗ്രൂപ്പിൽ ലയിച്ചാൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാവുമെന്ന കണക്കുകൂട്ടലുമാണ് ലയന നീക്കത്തിന് ചുക്കാൻ പിടിക്കുന്ന നേതാക്കളുടെ വിലയിരുത്തൽ.