യാക്കോബായ‑ഓര്‍ത്തഡോക്‌സ് പോര് സങ്കീര്‍ണ്ണമാകുന്നു

Web Desk
Posted on October 04, 2019, 9:50 pm

ബേബി ആലുവ

കൊച്ചി: യാക്കോബായഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങളുടെ പോര് അഴിച്ചെടുക്കാനാവാത്ത സങ്കീര്‍ണ്ണതകളിലേക്ക്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം സെന്റ് മേരീസ് വലിയപള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം തെരുവില്‍ കുരിശുപള്ളിക്ക് സമീപം കുര്‍ബാന അര്‍പ്പിച്ച് പുതിയ പോരിനു തുടക്കമിട്ടിരുന്നു. പള്ളിയില്‍ക്കഴിഞ്ഞ അവരുടെ വൈദികരെയും അത്മായരെയും ഒഴിപ്പിച്ച ശേഷമാണ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. തുടര്‍ന്ന്, നാല് പതിറ്റാണ്ടിനു ശേഷം ആദ്യമായി കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചു. കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഈ സ്ഥിതി തുടരാനാണ് തീരുമാനം.

1934ലെ മലങ്കര സഭ ഭരണഘടനയനുസരിച്ച് മലങ്കരയിലെ 1064 പള്ളികളും ഭരിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള 24 ഇടവകകള്‍ കൈവിട്ടു പോയതില്‍ അവര്‍ വലിയ അമര്‍ഷത്തിലും വേദനയിലുമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ യാക്കോബായ വിഭാഗം തുനിഞ്ഞിറങ്ങുന്നത്. സഭാ വിശ്വാസികളുടെ വീടുകളില്‍ നടക്കുന്ന ആത്മീയ ചടങ്ങുകളിലും മറ്റും ബന്ധുക്കളായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു. പള്ളികളില്‍ നടക്കുന്ന വിവാഹ മരണാനന്തര ചടങ്ങുകളില്‍ കാര്‍ മികരോ സഹകാര്‍മികരോ ആയും ഇവര്‍ സംബന്ധിക്കാറുണ്ടായിരുന്നു. വഴക്കും വക്കാണവും മറ്റും അരങ്ങേറുമ്പോഴും നേരത്തേ മുതലുള്ള ഈ രീതിക്ക് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, മേലില്‍ ഇത് പൂര്‍ണ്ണമായും തടയാനാണ് തീരുമാനം. ഓര്‍ത്തഡോക്‌സ് വൈദികര്‍ എത്തുന്ന ചടങ്ങുകളില്‍ യാക്കോബായ വൈദികര്‍ പങ്കെടുക്കി ല്ല. ഇതിനു പുറമെ, യാക്കോബായ വിശ്വാസികളായ കുട്ടികളെ മറുവിഭാഗത്തിലെ വൈദികര്‍ മാമോദീസ മുക്കുന്നത് തടയണം, വിവാഹങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് പളളികളില്‍ നിന്നുള്ള ദേശക്കുറി സ്വീകരിക്കരുത് തുടങ്ങിയ അതീവ ഗൗരവമായ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. വലിയ സംഘര്‍ഷാവസ്ഥയിലും ഉലയാതെ നിന്ന കുടുംബ ബന്ധങ്ങള്‍ പോലും ഇതോടെ ശിഥിലമാകും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും പള്ളികളില്‍ ആരാധനയ്‌ക്കെത്താമെന്നാണ് ഓര്‍ത്തഡോക്‌സ് സഭാനേതൃത്വത്തിന്റെ നിലപാട്.

’34 ലെ ഭരണഘടനയ്ക്ക് വിധേയരാണ് തങ്ങളെന്ന് യാക്കോബായ സഭയിലെ അങ്കമാലി മെത്രാപ്പോലീത്തയായിരിക്കുന്ന കാലത്ത് ഇപ്പോഴത്തെ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ഉള്‍പ്പെടെ മൂന്ന് മെത്രാപ്പോലീത്തമാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഓര്‍ത്തഡോക്‌സ് സഭാനേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍, 1934ലെ ഭരണഘടനയുടെ പ്രഥമ പതിപ്പില്‍ സഭാ മേലദ്ധ്യക്ഷനായി പാത്രിയര്‍ക്കീസ് ബാവയെ അംഗീകരിച്ചിട്ടുണ്ടെന്നും പിന്നീട് ഓര്‍ത്തഡോക്‌സ് നേതൃത്വം ഭരണഘടനയില്‍ അഞ്ചു വട്ടം ഭേദഗതി വരുത്തിയെന്നും ’34 ലെ ഭരണഘടനയെന്ന പേരില്‍ പല കൈപ്പുസ്തകങ്ങള്‍ നിലവിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കേണ്ട സഭാ ഭരണഘടന ഏതെന്ന് മറു വിഭാഗം വ്യക്തമാക്കണമെന്നുമാണ് യാക്കോബായ നേതൃത്വത്തിന്റെ മറുപടി. നേരത്തേ ഭരണഘടനയുടെ ഒറിജിനല്‍ ഹാജരാക്കണമെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ആവശ്യം ഓര്‍ത്തഡോക്‌സ് വിഭാഗം തള്ളിയെന്നും സഭാ ചരിത്രത്തില്‍ അവര്‍ കാലാനുസൃതമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും യാക്കോബായ നേതൃത്വം കുറ്റപ്പെടുത്തുന്നു.

പുറമെ എന്തൊക്കെ പറഞ്ഞാലും പള്ളി വക സ്വത്തുക്കളുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ ഇരു സഭാവിഭാഗവും ലക്ഷ്യമിടുന്നത് തര്‍ക്കത്തിലെ മുഖ്യ ഇനമാണെന്നത് വസ്തുതയാണ്. ഇതില്‍ സാധാരണ വിശ്വാസിക്ക് നേട്ടമൊന്നുമില്ല. കാലങ്ങളായി നടന്നു വരുന്ന ബാവാകക്ഷി മെത്രാന്‍ കക്ഷി പോരുമൂലം പൊതുഖജനാവിനുണ്ടാകുന്ന ഭീമമായ നഷ്ടവും പൊതുജീവിതത്തിലുണ്ടാകുന്ന അസമാധാനവും അനന്തമായി തുടരുകയാണ്. പാത്രിയര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിനും മഞ്ഞുരുക്കാനായില്ല. ഈ സാഹചര്യത്തിലാണ്, ഇരു സഭാവിഭാഗത്തിന്റെയും ’ മിക്കിമൗസ് കളി ‘ക്കു കൂട്ടുനില്‍ക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.