Web Desk

April 20, 2020, 7:31 pm

ജൂനിയർ മാൻഡ്രേക്ക്‌ എന്ന സിനിമയിൽ ജഗതിയെ മണ്ണിൽ കുഴിച്ചിട്ടതും മൂക്കിൻ തുമ്പത്ത്‌ തുമ്പിയെ വരുത്തിയത്‌ എങ്ങനെയെന്നും വെളിപ്പെടുത്തൽ

Janayugom Online

ജൂനിയർ മാൻഡ്രേക്ക്‌ എന്ന സിനിമയിൽ ജഗതിയെ മണ്ണിൽ കുഴിച്ചിട്ടതും മൂക്കിൻ തുമ്പത്ത്‌ തുമ്പിയെ വരുത്തിയത്‌ എങ്ങനെയെന്നും വെളിപ്പെടുത്തലുമായി അണിയറ പ്രവർത്തകർ. ഒരു അഭിമുഖത്തിൽ വന്ന കാര്യങ്ങൾ ഒരു സിനിമാ ഗ്രൂപ്പിലൂടെയാണ്‌ ആരാധകൻ പങ്കു വച്ചിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.

ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

‘ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കിൽ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയിൽ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാൾ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ചിത്രീകരണവേളയിൽ ജഗതിച്ചേട്ടൻ പറഞ്ഞു, ഭ്രാന്തൻ തന്റെ തല കണ്ട് ഫുട്ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാൻ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാൽ വളരെ നന്നാവുമെന്ന നിർദ്ദേശം ജഗതിച്ചേട്ടൻ തന്നെയാണ് മുന്നോട്ട് വച്ചത്’

‘അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയിൽ സ്റ്റൂൾ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളിൽ നിർത്തി.തല മാത്രം പുറത്താക്കി താഴെ കാർഡ് ബോർഡ് വച്ച് അതിന് മുകളിൽ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാൻ പോയവർക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടൻ തലയും പുറത്തിട്ട് നിൽക്കുകയാണ്. അപ്പോളാണ് കുട്ടികൾ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കിൽ കൊണ്ടു വയ്ക്കാൻ പറ്റില്ലല്ലോ, പറന്നുപോയാൽ പണിയാകും’

‘അക്കാലത്ത് സൂപ്പർ ഗ്ലൂ എന്ന പശ കടകളിൽ സുലഭമായിരുന്നു. ആർട്ട് ഡയറക്ടർ ഉടൻ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിൻ തുമ്പിൽ ഒട്ടിച്ചു. ആക്ഷൻ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടൻ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. പോലെ വാലു ചുരുട്ടിയും വിടർത്തിയും പകർന്നാടി.’

ഇതേ സിനിമയിൽ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാർ നടുറോഡിൽ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയിൽ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാർത്ഥ തെരുവിൽ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകൾ ഇരുവശവും കൂടിനിൽക്കാൻ ഇടവരാത്ത രീതിയിൽ ഒറ്റ ടേക്കിൽ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറിൽ റോഡരികിൽ അധികം ശ്രദ്ധ കിട്ടാത്ത ഇടത്തുകൊണ്ടുവന്നു. ക്രെയിൻ സെറ്റ് ചെയ്ത് ക്യാമറ മുകളിൽ വച്ചു. ആക്ഷൻ പറഞ്ഞതും ജഗതിച്ചേട്ടൻ നേരേ നടുറോഡിൽ പായ വിരിച്ചുകിടന്നു. ഞാൻ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡിൽ വന്ന് കിടക്കുന്നതെന്നായിരുന്നു.”!

you may also like this video