നീണ്ട ഏഴു വര്‍ഷത്തിന് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക്

Web Desk
Posted on February 19, 2019, 2:48 pm

കൊച്ചി: നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. വീണ്ടും അഭിനയരംഗത്തേക്ക് എത്തിയാല്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് വെല്ലൂരില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി കാമറക്ക് മുന്നില്‍ എത്തുന്നത്.

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പരസ്യചിത്രത്തില്‍ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. നിരവധി പരസ്യ ചിത്രങ്ങളില്‍ ചെയ്തിട്ടുള്ള സിധിനാണ് ക്രിയേറ്റീവ് ഡയറക്ടര്‍.പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ വച്ച് നടക്കും. ചലച്ചിത്ര താരങ്ങളും ജഗതിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. പരസ്യത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരത്ത് വെച്ച് നടക്കും. വരും വര്‍ഷം സിനിമയില്‍ അഭിനയിക്കാന്‍ ജഗതി തയ്യാറെടുക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും രാജ്കുമാര്‍ പറഞ്ഞു. സില്‍വര്‍ സ്റ്റോം എം.ഡി ഷാലിമാര്‍, സുധീര്‍ അമ്പലപ്പാട് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.