സാമ്പത്തിക പ്രതിസന്ധിയിലും ജയ് ഷായുടെ ബിസിനസിന് വൻവളർച്ച

Web Desk
Posted on November 02, 2019, 10:13 pm

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും പ്രധാന വ്യവസായ സംരംഭങ്ങളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും വിവിധ കമ്പനികൾ അടച്ചുപൂട്ടുകയും ചെയ്യുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ ബിസിനസിൽ വൻ വളർച്ച. കോർപ്പറേറ്റ് കാര്യ മന്ത്രാലയ വെബ്സൈറ്റിൽ അടുത്തിടെ സമർപ്പിച്ച പുതിയ രേഖയിലാണ് ജയ് ഷായുടെ ബിസിനസ്സ് വലിയ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്. ‘ദ കാരവ’നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജയ്ഷാ പങ്കാളിയായ കുസും ഫിൻസെർവ് എൽഎൽപി സമർപ്പിച്ച രേഖകളിലാണ് കമ്പനിയുടെ ബിസിനസിലുണ്ടായിരിക്കുന്ന വലിയ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ജയ്ഷായ്ക്ക് കുസും ഫിൻസെർവ് എൽഎൽപിയിൽ ഉള്ളത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, 2015 നും 2019 നും ഇടയിൽ ജയ് ഷായുടെ കുസും ഫിൻസെർവിന്റെ മൊത്തം മൂല്യം 24.61 കോടി രൂപയായാണ് ഉയർന്നത്. അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയും നിലവിലെ ആസ്തി 33.05 കോടി രൂപയുമായി മൊത്തം വരുമാനം 116.37 കോടി രൂപയായും വർദ്ധിച്ചു. മുൻ വർഷങ്ങളിൽ മോശം സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടുപോയ കുസും ഫിൻസെർഫിന്റെ സാമ്പത്തിക ലാഭം 2016 മുതൽ ഗണ്യമായ വർദ്ധിച്ചതായി കാരവൻ 2018 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ജെയ്ഷായുടെ സ്ഥാപനത്തിന് 25 കോടി രൂപയുടെ വായ്പ ലഭിക്കാനായി 2016 ൽ അമിത് ഷാ തന്റെ രണ്ട് സ്വത്തുക്കളായിരുന്നു പണയമായി നൽകിയത്. ഓരോ വർഷവും ഒക്ടോബർ 30 നകം എൽഎൽപി( ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) അവരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യേണ്ടതുണ്ട്. അത്തരത്തിൽ ഫയൽ ചെയ്തില്ലെങ്കിൽ അത് നിയമപ്രകാരം കുറ്റകരമാണ്. കൂടാതെ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വകുപ്പുണ്ട്. എന്നാൽ 2017,2018 സാമ്പത്തിക വർഷങ്ങളിലെ സ്ഥാപനത്തിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്നും കാരവൻ റിപ്പോർട്ട് ചെയ്തു. കോർപ്പറേറ്റ് കാര്യ മന്ത്രാലയ വെബ്സൈറ്റിൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കാത്ത കമ്പനികൾക്കെതിരെ ബി ജെപി സർക്കാരും കോർപ്പറേറ്റ് കാര്യ മന്ത്രാലയവും നടപടി എടുത്തപ്പോഴും രണ്ട് വർഷമായി ബിസിനസ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കുസും ഫിൻസെർവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

പൊതുതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷം 2019 ഓഗസ്റ്റിൽ സാമ്പത്തിക രേഖകൾ സമർപ്പിച്ചു. ഏറ്റവും പുതിയ സാമ്പത്തിക വർഷം വരെയുള്ള ബാലൻസ് ഷീറ്റുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, കുസും ഫിൻസെർവിന്റെ ബിസിനസ് സ്വഭാവത്തെ കുറിച്ചൊന്നും വെബ്സൈറ്റിൽ നൽകിയ രേഖകളിൽ വ്യക്തമല്ല. കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ കുസും ഫിൻസെർവിന്റെ രജിസ്ട്രാർ തയ്യാറായില്ലെന്നും കാരവൻ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത വർഷങ്ങളിലെല്ലാം കുസും ഫിൻസെർവിന്റെ ബിസിനസ്സ് വളരെയധികം വർധിച്ചുവെന്ന് രേഖയിൽ വ്യക്തമാണ്. 2015 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 3.23 കോടി രൂപയായിരുന്നു. 2019 സാമ്പത്തിക വർഷം അവസാനത്തോടെ ഇത് 119.61 കോടി രൂപയായാണ് ഉയർന്നത്. 2017 സാമ്പത്തിക വർഷത്തിൽ കുസും ഫിൻസെർവ് എക്കാലത്തെയും ഉയർന്ന വരുമാനമായ 143.43 കോടി രൂപ നേടി. 2015 നും 2019 നും ഇടയിൽ, കുസും ഫിൻസെർവിന്റെ മൊത്തം ആസ്തി 1.21 കോടിയിൽ നിന്ന് 25.83 കോടി രൂപയായി വർദ്ധിച്ചു. 2017 ൽ സ്ഥാപനത്തിന്റെ ആസ്തി 5.17 ആയിരുന്നത് 2018 ആവുമ്പോഴേക്കും 20. 25 കോടി രൂപയായി ഉയർന്നു. 2013 ൽ ആരംഭിച്ച സ്ഥാപനം പിന്നീടാണ് എൽഎൽപിയിലേക്ക് മാറുന്നത്. എംസിഎയ്ക്ക് സമർപ്പിച്ച രേഖകൾ പ്രകാരം, 2014 സാമ്പത്തിക വർഷത്തിൽ 23,729 രൂപയുടെ നഷ്ടമാണ് കുസും ഫിൻസെർവിന് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത വർഷം കമ്പനി വലിയ ലാഭത്തിലേക്ക് അടുത്തു. നികുതി കഴിച്ചുള്ള ലാഭം 1.2 കോടിയായിരുന്നു. 2016 ൽ 34,934 രൂപയുടെ നഷ്ടം ഉണ്ടായെങ്കിലും 2017 സാമ്പത്തിക വർഷത്തിൽ അതിന്റെ ലാഭം 2.19 കോടി രൂപയും 2018 ൽ 5.39 കോടി രൂപയുമായി ഉയർന്നു. ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ ഇത് 1.81 കോടി രൂപയുടെ ലാഭമുണ്ടാക്കി. ബാലൻസ് ഷീറ്റുകൾ അനുസരിച്ച്, 2019 സാമ്പത്തിക വർഷത്തിൽ, സ്ഥാപനത്തിന്റെ പ്രവർത്തനച്ചെലവ് പ്രധാനമായും ഭരണപരവും അസംസ്കൃത വസ്തുക്കൾ, വൈദ്യുതി, ഇന്ധനം, ഇൻഷുറൻസ് എന്നിവയിലാണ്. ബാലൻസ് ഷീറ്റുകളിൽ വേറിട്ടുനിൽക്കുന്ന മറ്റൊരു പ്രധാന ഘടകം സ്ഥാപനത്തിന്റെ നിലവിലെ ആസ്തികളിലെ വളർച്ചയാണ് – ഇവ ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്നതിനും പണം, സ്റ്റോക്ക് എന്നിവ ഉൾപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു.

2015 സാമ്പത്തിക വർഷത്തിലെ 37.80 ലക്ഷം രൂപയിൽ നിന്ന്, കുസും ഫിൻസെർവിന്റെ നിലവിലെ ആസ്തി ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ അവിശ്വസനീയമാംവിധം 33.43 കോടി രൂപയായി ഉയർന്നു. 88 മടങ്ങാണ് വർദ്ധനവ്. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വലിയ വായ്പകളാണ് കാരണമായത്. ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സ്ഥാപനമോ യഥാക്രമം ഒരു ഈട് നൽകിയോ നൽകാതെയോ ആണ് വായ്പകൾ അനുവദിച്ചത്. 2017- 2018 സാമ്പത്തിക വർഷത്തിൽ, കുസും ഫിൻസെർവിന്റെ സുരക്ഷിതമല്ലാത്ത വായ്പകൾ എക്കാലത്തെയും ഉയർന്ന നിരക്കായ 15.68 കോടി രൂപയായി ഉയർന്നു. 2017 ലെ രേഖയിൽ ഇവയുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ കമ്പനി സുരക്ഷിതമല്ലാത്ത വായ്പകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനമായ ടെമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക വളർച്ചയെ കുറിച്ച് 2017 ൽ ‘ദ വയർ’ റിപ്പോർട്ട് ചെയ്തിരുന്നു. ടെമ്പിൾ എന്റർപ്രൈസസിന്റെ വിറ്റുവരവിൽ 16,000 മടങ്ങായിരുന്നു വർദ്ധനവ്. 2015 സാമ്പത്തിക വർഷത്തിൽ, ടെമ്പിൾ എന്റർപ്രൈസ് 50, 000 രൂപ വരുമാനം റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം അതിന്റെ വിറ്റുവരവ് 80. 5 കോടി രൂപയായിയിരുന്നു. 2016 ഒക്ടോബറിൽ ടെമ്പിൾ എന്റർപ്രൈസസ് ബിസിനസ്സ് പൂർണ്ണമായും നിർത്തി. കമ്പനിയുടെ മൊത്തം മൂല്യം പൂർണ്ണമായും നഷ്ടത്തിലായി എന്നായിരുന്നു ഡയറക്ടർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജെയുടെ ബിസിനസ്സ് കുസും ഫിൻസെർവിലേക്ക് മാറിയത്. രണ്ട് ബാങ്കുകളിൽ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നുമാണ് കുസം ഫിൻസെർവിന് വായ്പ ലഭിച്ചത്. ക്വാലാലംപൂർ കൊമേഴ്സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് കുസും ഫിൻസെർവ് എൽഎൽപിക്ക് 40 കോടി രൂപയാണ് വായ്പ നൽകിയത്.